സെപ്റ്റംബര്‍ 5ന് ആയിരുന്നു നടന്‍ കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണ വിവാഹിതയായത്. വിവാഹാഘോഷങ്ങളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിനുശേഷമായിരുന്നു ഇരുവരുടെയും വിവാഹം. തിരുവനന്തപുരത്തെ ആഡംബര ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. സോഫ്റ്റ്വയര്‍ എന്‍ജിനീയര്‍ ആണ് അശ്വിന്‍.
കൃഷ്‌ണകുമാറിൻ്റെ നാല് മക്കളിൽ സിനിമയിൽ അരങ്ങേറാത്തത് ദിയ കൃഷ്‌ണ മാത്രമാണ്. അഹാന മലയാളത്തിലെ മുൻനിര യുവനടിമാരുടെ ലിസ്റ്റിലുൾപ്പെട്ടയാളാണ്. വൺ എന്ന മമ്മൂട്ടി ചിത്രത്തിലെ വിദ്യാർത്ഥിനിയുടെ കഥാപാത്രം അവതരിപ്പിച്ചാണ് ഇഷാനി അച്ഛൻ്റെയും ചേച്ചിയുടേയും വഴിയെ അഭിനയത്തിലേക്ക് എത്തിയത്.
ഏറ്റവും ഇളയവൾ ഹൻസിക ലൂക്ക എന്ന സിനിമയിൽ അഹാനയുടെ ബാല്യം കാലം അവതരിപ്പിച്ചാണ് അരങ്ങേറിയത്. സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ, മോഡലിങ്, യുട്യൂബർ എന്ന നിലയിലെല്ലാം കൃഷ്‌ണകുമാറിന്റെ നാല് പെൺമക്കളും സജീവമാണ്. ഭാവിയിൽ അഹാനയെപ്പോലെ ഇഷാനിയും ഹ ൻസികയുമെല്ലാം തിരക്കുള്ള യുവനടിമാരായി മാറിയേക്കും. അതേസമയം സോഷ്യൽമീഡിയ ഇൻഫ്ലുവൻസറും യുട്യൂബറും മാത്രമല്ല ദിയ ഒരു സംരംഭകയുമാണ്.
ഓ ബൈ ഓസി എന്ന പേരിൽ ദിയ ആരംഭിച്ച ഫാൻസി ജ്വല്ലറികളുടെ സംരംഭം വിജയകരമായി മുന്നോട്ട് പോവുകയാണ്. വിവാഹശേഷം ഭർത്താവ് അശ്വിനൊപ്പം സ്വന്തം വീടിനോട് ചേർന്ന് വാങ്ങിയ ഫ്ലാറ്റിലാണ് ദിയയുടെ താമസം. യുട്യൂബ് വ്ലോഗുമായും സജീവമായ ദിയ പങ്കിട്ട ഏറ്റവും പുതിയ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. അശ്വിൻ്റെ അമ്മയ്‌ക്കൊപ്പമുള്ള കുറച്ച് നിമിഷങ്ങളാണ് വീഡിയോയായി ദിയ പങ്കിട്ടത്.
ദിയയെ പോലെ തന്നെ അമ്മായിയമ്മയ്ക്കും ഒരു ചെറുകിട സംരംഭമുണ്ട്. ഓഡറുകൾ ലഭിക്കുന്നതിന് അനുസരിച്ച് അച്ചാറുകൾ, സ്‌ക്വാഷ്, സർബത്ത് തുടങ്ങിയവയെല്ലാം അശ്വിൻ്റെ അമ്മ തയ്യാറാക്കി വിൽപ്പന നടത്തുന്നുണ്ട്. അമ്മായിയമ്മ തയ്യാറാക്കുന്ന വിവിധതരം സ്ക്വാഷുകളുടെയും സർബത്തുകളുടെയും തമിഴ്‌നാട് സ്പെഷ്യൽ വിഭവങ്ങളുടെയും ഫാനാണ് ദിയയും.
യാത്രകളും ബിസിനസുമായി ബന്ധപ്പെട്ട തിരക്കുമെല്ലാം ഉള്ളതിനാൽ വിരളമായി മാത്രമാണ് അശ്വിൻ്റെ കുടുംബത്തോടൊപ്പം ദിയയ്ക്ക് സമയം ചിലവഴിക്കാൻ കഴിയുന്നത്. ദിയ ചെന്നപ്പോൾ അമ്മായിയമ്മ തമിഴ്‌നാട് സ്പെഷ്യൽ തക്കാളി ത്വക്കുണ്ടാക്കുന്ന തിരക്കിലായിരുന്നു. ദിയയും എല്ലാത്തിനും സഹായിയായി അമ്മായിയമ്മയ്ക്കൊപ്പം നിന്നു. മരുമകൾ വന്ന ദിവസമായതുകൊണ്ട് അശ്വിൻ്റെ അമ്മ ദിയയ്ക്ക് പ്രിയപ്പെട്ട തൈര്സാദം, വെണ്ടക്ക സാമ്പാർ, പഴം പൊരി മുതലായവയെല്ലാം തയ്യാറാക്കി വെച്ചിരുന്നു.
അശ്വിന്റെ കുടുംബം തമിഴ് ബ്രാഹ്മിൺസാണ്. വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് വന്ന് സെറ്റിലായതുകൊണ്ട് അശ്വിനും കുടുംബവും പച്ചവെള്ളം പോലെ മലയാളം സംസാരിക്കും. അശ്വിൻ ധരിച്ചിരിക്കുന്ന പൂണൂലിനെ കുറിച്ചും ദിയ വീഡിയോയിൽ വിശദീകരിച്ചു. മൂന്ന് നൂലുകൾ ചേർത്ത പൂണൂലായിരുന്നു വിവാഹത്തിന് മുമ്പ് വരെ അശ്വിൻ ധരിച്ചിരുന്നത്.
വിവാഹിതനായശേഷം ഗൃഹനാഥനായതിനാൽ ആചാരപ്രകാരം മൂന്ന് നൂലുകൾ കൂട്ടി ചേർത്ത് ആറ് നൂലുകളുള്ള പൂണൂലായി. ഇനി കുഞ്ഞ് പിറന്ന് കഴിയുമ്പോൾ നൂലുകളുടെ എണ്ണം ഒമ്പതാകും എന്നാണ് ദിയ പറഞ്ഞത്. ഒരു കുഞ്ഞ് കൂടി പിറന്ന് കഴിഞ്ഞാൽ ലൈഫ് ഫുൾ ഫില്ലായതുപോലെയാണെന്നും അമ്മായിയമ്മ ഇരുവരോടുമായി പറഞ്ഞപ്പോൾ ദിയയും അശ്വിനും ചിരിക്കുന്നതും വീഡിയോയിൽ കാണാം. കുക്ക് വിത്ത് മാമിയാർ എന്ന തലക്കെട്ടോടെയാണ് ദിയ പുതിയ വ്ലോഗ് വീഡിയോ പങ്കിട്ടത്. ആരാധകർ ഏറെയുള്ളത് ദിയ-അശ്വിന്റെ അമ്മ കോമ്പോയിലുള്ള വ്ലോഗ് വീഡിയോകൾക്കാണ്. പതിവുപോലെ താരപുത്രിയുടെ പുതിയ ബ്ലോഗും ട്രെൻ്റിങ് ലിസ്റ്റിൽ ഇടം പിടിച്ചു. അമ്മായിയമ്മ- മരുമകൾ കോമ്പോയെ പ്രശംസിച്ചാണ് കമൻ്റുകൾ ഏറെയും.