മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് കോമ്പോയാണ് സംവിധായകന്‍ ഫാസിലിന്റെയും നടന്‍ മോഹന്‍ലാലിന്റെതും. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ സിനിമ മുതല്‍ വിജയഗാഥ തുടരുന്ന കൂട്ടുകെട്ടാണിത്. എന്നാല്‍ മോഹന്‍ലാലിനെ നായകനാക്കി ആലോചിച്ച സീരിയല്‍ കില്ലര്‍ ചിത്രം മറ്റൊരു നായകനെ വച്ചാണ് ഫാസില്‍ ഹിറ്റ് ആക്കിയത്. അതിന് പിന്നിലൊരു കാരണവുമുണ്ട്.
മോഹന്‍ലാലിന് വേണ്ടി ആലോചിച്ച സിനിമയില്‍ 1996ല്‍ നാഗാര്‍ജുനയെ നായകനാക്കി തെലുങ്കില്‍ ഫാസില്‍ സിനിമ ഒരുക്കുകയായിരുന്നു. ‘കില്ലര്‍’ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ആ സിനിമ റിജക്ട് ചെയ്യാന്‍ മോഹന്‍ലാലിന് കാരണവുമുണ്ടായിരുന്നു.
1990കളില്‍ കോമഡി ഫാമിലി ചിത്രങ്ങള്‍ അധികം ചെയ്തിരുന്നതു കൊണ്ട് കുടുംബ പ്രേക്ഷകര്‍ക്കിടയിലെ ഇമേജ് നഷ്ടപ്പെടുമോ എന്ന് കരുതിയ മോഹന്‍ലാല്‍ ഒരു ഡാര്‍ക്ക് സബ്ജക്റ്റ് തല്‍ക്കാലത്തേയ്ക്ക് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. എന്നാല്‍ ഫാസില്‍ മാറ്റങ്ങളോടെ ആ ചിത്രം തെലുങ്കില്‍ നാഗാര്‍ജുനയെ നായകനാക്കി ചെയ്തു.
കില്ലര്‍ വന്‍ ഹിറ്റാകുകയും തെലുങ്കില്‍ അക്കാലത്ത് 100 ദിവസത്തില്‍ അധികം പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ചിത്രത്തില്‍ ഇളയരാജ ഒരുക്കിയ പാട്ടുകളും വന്‍ ഹിറ്റായി മാറിയിരുന്നു. ഈശ്വര്‍ എന്ന പേരില്‍ തമിഴിലും ചിത്രം റീമേക്ക് ചെയ്ത് എത്തുകയും ഹിറ്റാകുകയും ചെയ്തു.