ഇന്ത്യയിലെ ഇതിഹാസ താരമാണെങ്കിലും ഇന്നും ലളിതമായ ജീവിതമാണ് രജനികാന്ത് പിന്തുടരുന്നത്. നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്ന ഒരു മനുഷ്യസ്നേഹി കൂടിയാണ് രജനികാന്ത്. വളരെ ലാളിത്യമുള്ള ഈ ജീവിതശൈലി താരത്തിന് ഇടയ്ക്ക് വിനയായിട്ടുമുണ്ട്. ക്ഷേത്രത്തില്‍ എത്തിയ രജനിയെ ഭിക്ഷക്കാരന്‍ ആണെന്ന് തെറ്റിദ്ധരിച്ച് ഒരു സ്ത്രീ 10 രൂപ ദാനം നല്‍കിയിട്ടുണ്ട്.
ഗായത്രി ശ്രീകാന്ത് എഴുതിയ രജനികാന്തിന്റെ ജീവചരിത്രത്തിലാണ് ഈ സംഭവത്തെ കുറിച്ച് പറയുന്നത്. 2007ല്‍ പുറത്തിറങ്ങിയ ‘ശിവജി: ദി ബോസ്’ എന്ന ചിത്രം ഹിറ്റ് ആയതോടെ രജനികാന്ത് ക്ഷേത്രദര്‍ശനം നടത്താന്‍ തീരുമാനിച്ചു. എന്നാല്‍ മെഗാസ്റ്റാര്‍ എത്തിയാല്‍ തിക്കും തിരക്കും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ രജനി വേഷം മാറി പോവുകയായിരുന്നു.
ആരും തിരിച്ചറിയാതിരിക്കാന്‍ കീറിയ ഷര്‍ട്ടും ലുങ്കിയും ഷാളും ധരിച്ചാണ് രജനികാന്ത് ക്ഷേത്രത്തില്‍ എത്തിയത്. പല്ലിന് മുകളില്‍ ഡെന്റല്‍ പ്രോസ്റ്റസിസും ധരിച്ചിരുന്നു. വൃദ്ധനെ പോലെ വേഷം മാറി മുടന്തി ക്ഷേത്രത്തില്‍ എത്തിയ രജനിക്ക് ഒരു സ്ത്രീ ഭിക്ഷക്കാരനാണെന്ന് തെറ്റിദ്ധരിച്ച് 10 രൂപ നല്‍കുകയായിരുന്നു.
മിനിറ്റിന് ഒരു കോടി വാങ്ങുന്ന താരം 10 രൂപ വിനയത്തോടെ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ ഈ വൃദ്ധന്‍ ക്ഷേത്രത്തിലേക്ക് 100 രൂപ സംഭാവന നല്‍കിയതും ഒരു ആഡംബര കാറില്‍ കയറുന്നതും കണ്ടതോടെയാണ് സ്ത്രീക്ക് തനിക്ക് അബദ്ധം പറ്റിയത് മനസിലായത്. ഉടനെ രജനിക്ക് അടുത്തെത്തി മാപ്പ് പറഞ്ഞ് പണം തിരികെ വാങ്ങാന്‍ സ്ത്രീ തയാറായി.
എന്നാല്‍ ദൈവ സന്നിധിയില്‍ താന്‍ വെറുമൊരു യാചകനല്ലാതെ മറ്റൊന്നുമല്ല എന്ന് ഈശ്വരന്‍ ഓര്‍മ്മിച്ചതാണ് ഇത് എന്നായിരുന്നു രജനിയുടെ പ്രതികരണം. ആ പത്ത് രൂപയുമയി താരം മടങ്ങുകയായിരുന്നു. ഇന്നും സിനിമകളുടെ റിലീസിനോട് അനുബന്ധിച്ച് രജനി തീര്‍ത്ഥയാത്രകള്‍ പോകാറുണ്ട്.