'നായിക' എന്ന പൊയ്മുഖം; ദൈവം നായകന്‍ തന്നെ, സ്ത്രീകളോട് സിനിമ കാണിക്കുന്ന ക്രൂരത

നായകന്‍ ഇല്ലാത തന്നെ നായികയ്ക്ക് സിനിമ വിജയിപ്പിക്കാന്‍ സാധിക്കുമെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് ഇന്ത്യന്‍ സിനിമ എന്നേ മാറിക്കഴിഞ്ഞു. എങ്കിലും പ്രായമേറിയ നായകന് പകുതി പ്രായമുള്ള നായിക എന്ന കഥാസന്ദര്‍ഭങ്ങള്‍ ഇപ്പോഴും ഇവിടെയുണ്ട്. വിവാഹിതരായ നടിമാര്‍ക്ക് ഇന്ന് വീണ്ടും സിനിമയില്‍ സജീവമാവുക എന്നത് വിദൂരസ്വപ്നമല്ല. ഇങ്ങ് മോളിവുഡ് തൊട്ട് അങ്ങ് ബോളിവുഡ് വരെ അത് വ്യക്തവുമാണ്.

എങ്കിലും രാജ്യത്ത് ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ജനപ്രിയ സിനിമകള്‍ എടുത്ത് നോക്കിയാല്‍ സ്ത്രീ കഥാപാത്രങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യം ഇപ്പോഴും വളരെ കുറവ് തന്നെയാണ്. സിനിമയുടെ കഥാതന്തുവില്‍ ഒരു നിര്‍ണ്ണായക ഘട്ടത്തില്‍ എത്തുമ്പോള്‍ പ്രതിസന്ധികളെ തരണം ചെയ്യാന്‍ സ്ത്രീക്ക് കഴിയാതെ വരുന്ന ഘട്ടങ്ങളില്‍ അവതരിപ്പിക്കാന്‍ ഒരു പുരുഷനുണ്ടാവും. നിസ്സഹായായ സ്ത്രീക്ക് നിലനില്‍പ്പിനായി പോരാടാന്‍ അറിയില്ല എന്നത് സിനിമകളിലും സീരിയലുകളിലും വരെ നിറച്ചാണ് കാണിക്കുന്നത്. ഈ പ്രപഞ്ചത്തില്‍ നായകനാണ് ദൈവം എന്ന വിശ്വാസം ഊട്ടിയുറപ്പിച്ചാണ് പല സിനിമകളും എത്തുന്നത്.

സ്ത്രീ ശാക്തീകരണം എന്നൊരു ആശയം മുന്നോട്ട് വച്ചാണ് പണംവാരി ചിത്രമായ ‘ജവാന്‍’ എത്തിയത്. ലീഡിങ് റോളില്‍ നയന്‍താരയും ദീപിക പദുക്കോണും ഉണ്ടെങ്കിലും അതൊരു ഷാരൂഖ് ചിത്രം മാത്രമാണ്. സന്യ മല്‍ഹോത്ര, പ്രിയാമണി എന്നിങ്ങനെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് പലരും ഉണ്ടായിരുന്നെങ്കിലും എല്ലാവരുടെയും രക്ഷയ്‌ക്കെത്തുന്നത് ഷാരൂഖ് ഖാന്‍ ആണ്.

ഫൈറ്റര്‍ സിനിമയില്‍ നായകനേക്കാള്‍ മുന്നേറ്റം ഉണ്ടാക്കുന്ന നായിക ആയാണ് ദീപിക പദുക്കോണ്‍ എത്തുന്നത്. എന്നാല്‍ ചിലയിടത്ത് നായികയുടെ ഉദ്ദേശം നായകനെ ആകര്‍ഷിക്കുക എന്നത് മാത്രമാവുന്നുണ്ട്. കഥാസന്ദര്‍ഭത്തിന് അനുസരിച്ചുള്ള ഒരു പ്രസക്തി ദീപികയുടെ കഥാപാത്രത്തിനില്ല.

തേരി ബാത്തോം മേ ഐസാ ഉല്‍ജാ ജിയ, സത്യപ്രേം കി കഥ, മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി, ബവാല്‍ എന്നീ പ്രണയ സിനിമകള്‍ എല്ലാം സ്ത്രീകളെ താഴ്ന്നവരായി കാണുന്ന രീതിയിലാണ്. കൃതി സനോന്‍-ഷാഹിദ് കപൂര്‍ ചിത്രം ഒരു സ്ത്രീ റോബോട്ടും മനുഷ്യനും തമ്മിലുള്ള പ്രണയകഥയാണ് പറഞ്ഞത്. എല്ലാത്തിനോടും ഓകെ മാത്രം പറയുന്ന റോബോട്ട് ആണ് നായിക. അവന്റെ കല്‍പ്പനകള്‍ അനുസരിക്കാന്‍ മാത്രം രൂപകല്‍പ്പന ചെയ്തത്. റോബോട്ട് ആണെങ്കിലും അസൂയയും കുശുമ്പും അടക്കമുള്ള വികാരങ്ങളും റോബോട്ട് കാണിക്കുന്നുണ്ട്. പുരുഷനെ സേവിക്കാനായി മാത്രമായി ഉണ്ടാക്കിയ റോബോട്ടിന്റെ കഥ, ഒരിക്കലും പ്രണയ ചിത്രമായി കാണാനാവില്ല.

കാര്‍ത്തിക് ആര്യനും കിയാര അദ്വാനിയും അഭിനയിച്ച ‘സത്യപ്രേം കി കഥ’, ആദ്യ റിലേഷന്‍ഷിപ്പില്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ട കഥ എന്ന യുവതിയെ ‘രക്ഷിക്കാന്‍’ ഇറങ്ങി പുറപ്പെടുന്ന തൊഴില്‍രഹിതനായ നായകനെയാണ്. സത്യത്തില്‍ സത്യപ്രേമിന്റേത് മാത്രമായി ഈ സിനിമ ചുരുങ്ങുന്നുണ്ട്.

‘വോ സ്ത്രീ ഹേ, വോ കുച്ച് ബി കര്‍ സക്തി ഹേ’ (അവളൊരു സ്ത്രീയാണ്, അവള്‍ക്കെന്തും ചെയ്യാന്‍ കഴിയും), എന്ന് പറയുന്ന ലോകത്ത്, മറ്റേതൊരു സിനിമയെയും പോലെ സ്ത്രീയിലെ നായികയ്ക്കും വലിയ ശക്തിയില്ലെന്ന് കാണാനാവും. ശ്രദ്ധ കപൂര്‍ നിറഞ്ഞു നിന്ന സിനിമയാണ് സ്ത്രീ. തിയേറ്ററില്‍ വന്‍ ഹിറ്റ്. എന്നാല്‍ രാജ്കുമാര്‍ റാവു അവതരിപ്പിച്ച വിക്കി എന്ന കഥാപാത്രമാണ് സിനിമയിലെ മുഖ്യന്‍. സ്ത്രീ എന്ന ഭൂതത്തെ അടക്കി നിര്‍ത്താനും, പുരുഷ രാക്ഷസനെ തളയ്ക്കാനും ഒക്കെ വിക്കി തന്നെ വേണം.

ഏത് സിനിമകള്‍ എടുത്ത് നോക്കിയാലും, മുന്‍നിര നടിമാര്‍ അഭിനയിക്കുന്ന, സ്ത്രീ പ്രധാന്യമുള്ള സിനിമയാണെങ്കില്‍ പോലും, സ്ത്രീകളെ താഴ്ത്തികെട്ടുന്ന ഒരു പ്രവണത പ്രകടമാണ്. ഇതൊരു സ്ത്രീ-പുരുഷ ബന്ധമാണ് എന്ന് ആവര്‍ത്തിച്ച് കാണിക്കുന്നത് മാത്രമായി സിനിമകള്‍ മാറുന്നുണ്ട്.