മലയാള സിനിമകളില്‍ സ്ത്രീ കഥാപാത്രങ്ങള്‍ എവിടെ? ചോദ്യവുമായി അഞ്ജലി മേനോന്‍, ചര്‍ച്ചയാകുന്നു

മലയാള സിനിമയ്ക്ക് ഇത് സുവര്‍ണ കാലഘട്ടമാണ്. ബോളിവുഡും കോളിവുഡും ടോളിവുഡും ഒക്കെ വിജയം തേടി അലയുമ്പോള്‍ തുടര്‍ച്ചയായ ഹിറ്റുകളിലൂടെ പുതിയ റെക്കോര്‍ഡ് നേട്ടത്തില്‍ കുതിക്കുകയാണ് മലയാള സിനിമ. അഞ്ച് മാസം പിന്നിടുമ്പോള്‍ മലയാള സിനിമകളുടെ കളക്ഷന്‍ 1000 കോടി രൂപ പിന്നിട്ടു. എന്നാല്‍ മലയാള സിനിമകളില്‍ സ്ത്രീ കഥാപാത്രങ്ങള്‍ എവിടെ? എന്ന ചോദ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.

ബോക്‌സ് ഓഫീസില്‍ സിനിമകള്‍ തകര്‍ത്ത് ഓടുമ്പോള്‍ ഹിറ്റ് ചിത്രങ്ങളിലെ സ്ത്രീ കഥാപാത്രങ്ങളുടെ അഭാവം വിമര്‍ശനങ്ങള്‍ നേരിടുകയാണ്. മലയാള സിനിമയില്‍ സ്ത്രീകള്‍ എവിടെ എന്ന ചോദ്യവുമായി സംവിധായിക അഞ്ജലി മേനോന്‍ രംഗത്തെത്തിയതോടെ ഈ ചര്‍ച്ചകള്‍ക്ക് ചൂടുപിടിച്ചിരിക്കുകയാണ്. ‘മലയാള സിനിമയിലെ സ്ത്രീകള്‍ എവിടെ?’, എന്ന ഒരു മാധ്യമ വാര്‍ത്ത പങ്കുവച്ചാണ് അഞ്ജലിയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. ഇതിന് പിന്നാലെ നിരവധി പേരാണ് സംവിധായികയെ അനുകൂലിച്ചും വിമര്‍ശിച്ചും രംഗത്തെത്തുന്നത്.

May be an image of 4 people and text that says "anjalimenonfilms 8h Good to see these questions Goodtoscethesqpuestionsinmedia in media. മഞ്ഞുമ്മൽ മ്മൽ POYS И Kez7 MAZO LX Where are the Women in Malayalam Cinema?"

മഞ്ഞുമ്മല്‍ ബോയ്‌സ്, ആവേശം, ഭ്രമയുഗം എന്നീ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്നത്. യഥാര്‍ഥ സംഭവങ്ങള്‍ സിനിമയാക്കുമ്പോള്‍ എന്തിനാണ് ഇല്ലാത്ത സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതെന്നാണ് പലരും കമന്റിലൂടെ ചോദിക്കുന്നത്. അഞ്ജലി മേനോനെതിരെ കനത്ത വിമര്‍ശനങ്ങളും ട്രോളുകളും ഉയരുകയാണ്. മഞ്ഞുമ്മല്‍ ബോയ്‌സിന് പകരം മഞ്ഞുമ്മല്‍ ഗേള്‍സ് എന്ന സിനിമ എടുക്കാമല്ലോ എന്ന ട്രോളുകളും ഉയരുന്നുണ്ട്.

തന്റെ സിനിമകളിലൂടെ അഞ്ജലി മേനോന്‍ സൃഷ്ടിച്ച ഇഷ്ടവും ബഹുമാനവും ഇത്തരം സ്റ്റേറ്റ്‌മെന്റുകളിലൂടെ അവര്‍ തന്നെ സ്വയം നഷ്ടപ്പെടുത്തുകയാണ് എന്നും പലരും അഭിപ്രായപ്പെടുന്നത്. ഈ സിനിമകളിലൊക്കെ അമ്മ വേഷത്തില്‍ വന്നതും സ്ത്രീകള്‍ ആണെന്നും മുന്‍നിര നായികമാരില്ലെന്ന് കരുതി സ്ത്രീകളില്ലെന്ന് പറയരുതെന്നും ചിലര്‍ പറയുന്നുണ്ട്. അഞ്ജലി മേനോന്‍ ഡയറക്ഷനില്‍ മഞ്ഞുമ്മല്‍ ബോയ്‌സ്, 2018 എന്നീ സിനിമകളുടെ ഫീമെയില്‍ വേര്‍ഷന്‍ ഇറക്കണം എന്നുള്ള ട്രോളുകളും എത്തുന്നുണ്ട്.

No description available.

എന്നാല്‍ കഴിഞ്ഞ കുറച്ച് കാലത്തിനിടെ പുരുഷാധിപത്യത്തിനെതിരെ ശബ്ദിക്കുന്ന നായിക പ്രാധാന്യമുള്ള രണ്ട് സിനിമകള്‍ മാത്രമാണ് മലയാളത്തില്‍ വന്നിട്ടുള്ളതെന്നും പലരും പറയുന്നുണ്ട്. 2012ല്‍ പുറത്തിറങ്ങിയ 22 ഫീമെയില്‍ കോട്ടയം, 2021ല്‍ പുറത്തിറങ്ങിയ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്നീ സിനിമകളാണ് ഇതിന് ഉദാഹരണമായി നല്‍കുന്നതും.

No description available.

അതേസമയം, മലയാള സിനിമയിലെ സ്ത്രീ കഥാപാത്രങ്ങളെ കുറിച്ച് നടി നിഖില വിമല്‍ ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്ന ചിത്രത്തിന്റെ പ്രമോഷനിടെ പറഞ്ഞ വാക്കുകളും ചര്‍ച്ചയാകുന്നുണ്ട്. വെറുതെ വന്നു പോകുന്നതിലും നല്ലത് സ്ത്രീകഥാപാത്രങ്ങള്‍ ഇല്ലാതിരിക്കുന്നതാണ് എന്നായിരുന്നു നിഖില വിമല്‍ പറഞ്ഞത്.

”ഈ വിഷയത്തില്‍ ആവേശം ഡയറക്ടര്‍ ജിത്തു മാധവനും, നിഖില വിമലും ഒക്കെ പറഞ്ഞ പോയിന്റ് ആണ് കറക്റ്റ്. സിനിമയില്‍ ആവശ്യം ഉണ്ടെങ്കില്‍ മാത്രം പോരെ സ്ത്രീ കഥാപാത്രങ്ങള്‍. വെറുതെ ഒരു സ്ത്രീ കഥാപാത്രത്തെ സൃഷ്ടിച്ചു നോക്കുകുത്തിയായി നിര്‍ത്തുന്നതിലും ഭേദം അല്ലേ ഇല്ലാതിരിക്കുന്നത്” എന്ന തരത്തിലുള്ള ചര്‍ച്ചകളും ഉയരുന്നുണ്ട്.

No description available.

അതേസമയം, മഞ്ഞുമ്മല്‍ ബോയ്‌സ് ആണ് നിലവില്‍ മലയാള സിനിമയിലെ ഹൈയെസ്റ്റ് ഗ്രോസിങ് ചിത്രം. 242.3 കോടി രൂപയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. 2018 സിനിമ 176 കോടി രൂപയാണ് കളക്ഷന്‍ നേടിയത്. ആടുജീവിതം 158 കോടിയും ആവേശം 154 കോടിയുമാണ് കളക്ഷന്‍ നേടിയത്. യഥാര്‍ത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ സിനിമകളാണ് ഏറ്റവും കൂടുതല്‍ കളക്ഷന്‍ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയിരിക്കുന്നത്. ഇങ്ങനെയുള്ള സിനിമകളില്‍ എന്തിനാണ് ഇല്ലാത്ത സ്ത്രീ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നത് എന്ന ചര്‍ച്ച തികച്ചും ശരിയാണ് എന്നേ പറയാനാവുകയുള്ളു. ജയ ജയ ജയഹേ, പ്രേമലു, ഹൃദയം എന്നീ സിനിമകളില്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് വ്യക്തമായ പ്രധാന്യം നല്‍കി അവതരിപ്പിച്ചത് അഞ്ജലി മേനോന്‍ കണ്ടില്ലേ എന്ന ചോദ്യവും പ്രസക്തമാണ്.