വിനയന്റെ ‘കായംകുളം കൊച്ചുണ്ണി’യെ കണ്ട പലര്‍ക്കും ചെമ്പന്‍ വിനോദ് അത്ര മികച്ച കാസ്റ്റിംഗ് ആയി തോന്നിയിട്ടില്ല. ചെമ്പന്‍ വിനോദിനെ കാസ്റ്റ് ചെയ്തത് ഒട്ടും ശരിയായില്ല എന്നും ചില പ്രേക്ഷകര്‍ പറയുന്നുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലെ കൊച്ചുണ്ണി മിസ് കാസ്റ്റ് ആയിപ്പോകാന്‍ അത് മാത്രമല്ല കാരണം. ഇതുവരെ നല്ലവനായ കള്ളനാണ് കൊച്ചുണ്ണി എന്നാണ് മലയാളത്തിലെ സിനിമകളും സീരിയലുകളും പറഞ്ഞത്. നല്ലവനായ കള്ളനാണ് കൊച്ചുണ്ണി എന്ന് പറഞ്ഞു കൊണ്ടാണ് മലയാള സിനിമയില്‍ ആദ്യം ‘കായംകുളം കൊച്ചുണ്ണി’ എന്ന സിനിമ എത്തിയത്. 1966ല്‍ എത്തിയ സിനിമ അന്ന് ഹിറ്റ് ആയിരുന്നു. പിന്നീട് വന്ന സീരിയലും സിനിമയും ഒക്കെ കൊച്ചുണ്ണിയെ വിശിഷ്ടനാക്കി തന്നെയാണ്. എന്നാല്‍ സംവിധായകന്‍ വിനയന്‍ കൊച്ചുണ്ണിയെ സമീപിച്ചത് മറ്റൊരു വ്യൂ പോയിന്റില്‍ ആണ്. തന്റെ ബ്രഹ്‌മാണ്ഡ ചിത്രം ‘പത്തൊമ്പതാം നൂറ്റാണ്ടി’ല്‍ കായംകുളം കൊച്ചുണ്ണിയെ വില്ലന്‍ ആക്കിയാണ് വിനയന്‍ അവതരിപ്പിച്ചിരിക്കുന്നത്.
കൊച്ചുണ്ണി നല്ല കള്ളനാണ് എന്ന് പറഞ്ഞ് ആദ്യം സിനിമകള്‍ എത്തി. പിന്നാലെ കൊച്ചുണ്ണി വില്ലന്‍ ആണെന്നും പറഞ്ഞ് സിനിമ എത്തി. ഇതിലേതാണ് യഥാര്‍ത്ഥ കൊച്ചുണ്ണി എന്ന സംശയമാണ് ഇപ്പോള്‍ പ്രേക്ഷകരുടെ മനസില്‍ ഉയരുന്നത്. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയിലെ കഥ ആസ്പദമാക്കിയാണ് കായംകുളം കൊച്ചുണ്ണി എന്ന പേരില്‍ സിനിമകളും സീരിയലുകളും എത്തിയത്.
പത്തൊമ്പതാം നൂറ്റാണ്ടില്‍ മദ്ധ്യതിരുവിതാംകൂര്‍ പ്രദേശത്ത് ജീവിച്ചിരുന്ന ഒരു മോഷ്ടാവായിരുന്നു കായംകുളം കൊച്ചുണ്ണി. പണക്കാര്‍ക്ക് പേടിസ്വപ്‌നവും പാവങ്ങള്‍ക്ക് സുഹൃത്തുമായിരുന്നു കൊച്ചുണ്ണി. പണക്കാരില്‍ നിന്ന് വസ്തുവകകള്‍ അപഹരിച്ചെടുത്ത് പാവങ്ങള്‍ക്ക് നല്‍കുകയായിരുന്നു കൊച്ചുണ്ണി ചെയ്തിരുന്നത് എന്നാണ് പറയപ്പെടുന്നത്. കൊച്ചുണ്ണിയുടെ പ്രവര്‍ത്തനങ്ങള്‍ അതിരുവിട്ടപ്പോള്‍ ഏതുവിധത്തിലും അയാളെ പിടിക്കാന്‍ ദിവാന്‍ ഉത്തരവിറക്കി. ഉത്തരവ് നടപ്പാക്കാതിരുന്നാല്‍ ജോലി നഷ്ടപ്പെടുമെന്ന ഭീഷണി ലഭിച്ച കാര്‍ത്തികപ്പള്ളി തഹസീല്‍ദാര്‍, കൊച്ചുണ്ണിയുമായി ബന്ധമുണ്ടായിരുന്ന അടുത്ത സുഹൃത്തിന്റെ സഹായത്തോടെ ചതിയില്‍ അറസ്റ്റു ചെയ്യിച്ചെങ്കിലും തടവുചാടിയ അയാള്‍, അറസ്റ്റു ചെയ്ത പോലീസുകാരനെയും അറസ്റ്റിനു സഹായിച്ച സുഹൃത്തിനെയും കൊന്നു.
കൊച്ചുണ്ണിയെ പിടികൂടാനുള്ള ചുമതല പിന്നീട് കിട്ടിയത് മറ്റൊരു തഹസീല്‍ദാരായ കുഞ്ഞുപ്പണിക്കര്‍ക്കാണ്. തഹസീല്‍ദാര്‍ കൊച്ചുണ്ണിയുടെ സുഹൃത്തുക്കളായിരുന്ന മമ്മത്, വാവ, വാവക്കുഞ്ഞ്, നൂറമ്മദ്, കുഞ്ഞുമരയ്ക്കാര്‍, കൊച്ചുപിള്ള, കൊച്ചുകുഞ്ഞുപിള്ള എന്നിവരുടെ സഹായം തേടി. കൊച്ചുപിള്ളയുടെ വാഴപ്പള്ളിയിലെ ഭാര്യവീട്ടിലേയ്ക്ക് വിളിച്ചു വരുത്തി, സല്‍ക്കാരത്തിനിടെ മരുന്നു കലര്‍ത്തിയ ഭക്ഷണം നല്‍കി മയക്കിയ ശേഷമാണ് ഇത്തവണ കൊച്ചുണ്ണിയെ അറസ്റ്റു ചെയ്തത്. പിടിയിലായ കൊച്ചുണ്ണിയെ കനത്ത കാവലില്‍ തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോയി. ജയില്‍ വാസത്തിനിടെയാണ് മരണം. തിരുവനന്തപുരം പേട്ട ജുമാ മസ്ജിദിലാണ് കൊച്ചുണ്ണിയെ കബറടക്കിയതെന്ന് പറയപ്പെടുന്നത്.
എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ട് സിനിമയില്‍ നവോത്ഥാന നായകനായ ആറാട്ടുപുഴ വേലയാധു പണിക്കര്‍ ഒറ്റയ്ക്ക് കൊച്ചുണ്ണിയെ കീഴ്‌പ്പെടുത്തുകയും ജയിലില്‍ അടക്കുന്നതും കാണാം. കൊച്ചുണ്ണി പാവങ്ങള്‍ക്ക് മോഷ്ടിച്ച ഭക്ഷണ വസ്തുക്കള്‍ നല്‍കുന്നത് പറ്റിച്ച് കൂടെ നിര്‍ത്താനാണെന്നും വേലായുധ പണിക്കര്‍ പറയുന്നുണ്ട്. പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിന്നും മോഷ്ടിച്ച ആഭരണങ്ങള്‍ തിരിച്ചു പിടിക്കാനായാണ് തിരുവിതാംകൂര്‍ രാജാവിന്റെ കല്‍പ്പനയെ തുടര്‍ന്ന് വേലായുധ പണിക്കര്‍ കൊച്ചുണ്ണിയെ പിടിക്കുന്നത്.
Read more
1966ല്‍ സത്യനെ നായകനാക്കി പി.എ തോമസ് ആണ് കായംകുളം കൊച്ചുണ്ണി എന്ന പേരില്‍ സിനിമ എടുത്തത്. 2004ല്‍ കായംകുളം കൊച്ചുണ്ണി എന്ന പേരില്‍ സീരിയല്‍ എത്തി. മണിക്കുട്ടന്‍, ഷമ്മി തിലകന്‍ എന്നിവരാണ് സീരിയലില്‍ കായംകുളം കൊച്ചുണ്ണിയായി വേഷമിട്ടത്. കൊച്ചുണ്ണിയുടെ ചെറുപ്പ കാലമാണ് മണിക്കുട്ടന്‍ അവതരിപ്പിച്ചത്. താരം ശ്രദ്ധ നേടുന്നതും ഈ സീരിയലിലെ അഭിനയത്തിലൂടെയാണ്. 2018ല്‍ ആണ് കായംകുളം കൊച്ചുണ്ണി എന്ന രണ്ടാമത്തെ സിനിമ വരുന്നത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സിനിമയില്‍ നിവിന്‍ പോളിയാണ് കൊച്ചുണ്ണിയായി വേഷമിട്ടത്.