ശ്രീനാഥ് ഭാസിക്കെതിരായ വിലക്കില്‍ പ്രതികരണവുമായി നടനും ചലച്ചിത്ര പ്രവര്‍ത്തകനുമായ വിജയകുമാര്‍ പ്രഭാകരന്‍. കലാകാരന്മാരെ വിലക്കിയിട്ട് ഒരു കാര്യവുമില്ലെന്നും അവരെ ഈ സമയം സിനിമയ്ക്കായി വേണം ഉപയോഗപ്പെടുത്തേണ്ടതെന്നും വിജയകുമാര്‍ പറഞ്ഞു.
ശ്രീനാഥ് ഭാസി പ്രധാന വേഷത്തിലെത്തുന്ന ‘കുണ്ടറ അണ്ടിയാപ്പീസ്’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ശ്രീനാഥിനെ എങ്ങനെയാണ് വെറുതെയിരുത്താന്‍ കഴിയുക. കലാകാരന്മാരെ 45, 50 വയസ് വരെ വിലക്കുകയല്ല ചെയ്യേണ്ടത്. 50 വയസ് കഴിഞ്ഞിട്ട് അവരെക്കൊണ്ട് ഒരു കാര്യവുമില്ല. അവരെ ഇപ്പോള്‍ ഉപയോഗപ്പെടുത്തുക.
ഹോളിവുഡ് നടി ആംബര്‍ ഹേര്‍ഡിന്റെയും ജോണി ഡെപ്പിന്റെയും ആറ്റിറ്റിയൂഡ് കണ്ടിട്ടില്ലേ, എന്ന് കരുതി അവരെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടില്ല. എല്ലാവരും വ്യതസ്തരായ മനുഷ്യരാണ്’, വിജയകുമാര്‍ പ്രതികരിച്ചു.
ശ്രീനാഥ് ഭാസിക്കും ഷെയിന്‍ നിഗത്തിനും വിലക്കേര്‍പ്പെടുത്തിയ സിനിമാ സംഘടനകള്‍ ഇരുവരോടും ഇനി മേലില്‍ സഹകരിക്കില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നത്. താരസംഘടനയായ ‘അമ്മ’കൂടി ഉള്‍പ്പെട്ട യോഗത്തിലായിരുന്നു വിലക്കാനുള്ള തീരുമാനം. ഇരുവര്‍ക്കുമെതിരെ നിരവധി പരാതികള്‍ ഉയരുന്നെന്നും സംഘടനകള്‍ അറിയിച്ചു.