ഇളയദളപതിയെ ഇനിയും നായകനായി കാണാം; പ്രഭുദേവ

ഇളയ ദളപതി വിജയെ നായകനാക്കി വീണ്ടും സിനിമ ചെയ്യുമെന്ന് വെളിപ്പെടുത്തി സംവിധായകന്‍ പ്രഭുദേവ.കഴിഞ്ഞ ദിവസം ട്വിറ്ററില്‍ തന്റെ ഫോളോവേഴ്‌സുമായി നടത്തിയ ചാറ്റിലാണ് പുതിയ വെളിപ്പെടുത്തലുമായി സംവിധായകനെത്തിയത്. വിജയെ നായകനാക്കി സിനിമ് ചെയ്യുന്നുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും എന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. വില്ല്, പോക്കിരി എന്നീ ഹിറ്റ് ചിത്രങ്ങള്‍ വിജയെ നായകനാക്കി പ്രഭുദേവ സംവിധാനം ചെയ്തവയാണ്.

തലപതി വിജയെ മാന്‍ ഓഫ് മാസസ് ആന്‍ഡ് ക്ലാസസ് എന്ന ഒറ്റവാക്കില്‍ വിവരിച്ച അദ്ദേഹം തമിഴില്‍ ഉടന്‍ തന്നെ തന്റെ പുതിയ ചിത്രമുണ്ടാകുമെന്നും വ്യക്തമാക്കി. 12 വര്‍ഷങ്ങള്‍ക്കു ശേഷം ഗുലേബഹവല്ലി എന്ന ആക്ഷന്‍ കോമഡി ചിത്രവുമായി സ്‌ക്രീനിലേയ്ക്ക് തിരിച്ചു വരുന്ന തനിയ്ക്ക് തമിഴ് സിനിമയില്‍ മാറ്റമൊന്നും കാണാന്‍ സാധിച്ചില്ലെന്നും അന്നുമിന്നും കോളിവുഡ് മികച്ച നിലയില്‍ തന്നെയാണെന്നും പ്രഭുദേവ പറഞ്ഞു.

ജനുവരി 12ന് തീയേറ്ററുകളിലെത്തിയ പ്രഭുദേവയുടെ പുതിയ ചിത്രത്തിനെപ്പറ്റിയും ചോദ്യങ്ങളുയര്‍ന്നു. ഇതു പൂര്‍ണ്ണമായും കോമഡിയില്‍ ചെയ്തിരിക്കുന്ന സിനിമയാണെന്നും ഒരു ചിത്രമെടുക്കുമ്‌പോള്‍ ലഭിക്കുന്ന ആനന്ദം വര്‍ഷങ്ങള്‍ക്കു ശേഷം തനിയ്ക്കീ ചിത്രത്തിലൂടെ അനുഭവിക്കാന്‍ സാധിച്ചതായും പ്രഭുദേവ പറയുന്നു.