പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ അല്ലു അർജുനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. തെലങ്കാന ഹൈക്കോടതിയുടെ തീരുമാനത്തിന് ശേഷം അല്ലു അർജുനെ ജയിലിലേക്ക് മാറ്റും.
തനിക്കെതിരായ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള അല്ലു അർജുന്‍റെ ഹർജി തെലങ്കാന ഹൈക്കോടതി പരിഗണിക്കുകയാണിപ്പോള്‍. ജസ്റ്റിസ് ജുവ്വടി ശ്രീദേവിയുടെ സിംഗിൾ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അഡ്വ. നിരഞ്ജൻ റെഡ്ഡി, അശോക് റെഡ്ഡി എന്നിവരാണ് അല്ലു അർജുന് വേണ്ടി ഹാജരാകുന്നത്. അല്ലു അർജുന് ജാമ്യം നൽകരുത് എന്ന് സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ ദിവസമാണ് അല്ലു അര്‍ജുൻ നായകനായ ‘പുഷ്പ 2’ സിനിമയുടെ റിലീസിനിടെ സംഘർഷത്തെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് അല്ലു അര്‍ജുന്റെ കടുത്ത ആരാധികയായിരുന്ന സ്ത്രീ മരിച്ചത്. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിയായ രേവതിയാണ് മരിച്ചത്. രേവതിയുടെ കുട്ടിക്കും ഭർത്താവിനും ഗുരുതരമായി പരുക്കേറ്റിരുന്നു. ബുധനാഴ്ച രാത്രി ഹൈദരാബാദിലെ സന്ധ്യാ തിയറ്ററിലായിരുന്നു സംഭവം.
തിയറ്ററിലേക്ക് കയറാന്‍ ശ്രമിച്ച രേവതിയും ശ്രീതേജും തിരക്കില്‍പ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഇരുവരേയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രേവതി മരിക്കുകയായിരുന്നു. സംഭവത്തിന് തൊട്ടപിന്നാലെ തിയറ്റര്‍ ഉടമ അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. അല്ലു അര്‍ജുനേയും കേസില്‍ പ്രതി ചേര്‍ത്തിരുന്നു. അതേസമയം സംഭവത്തിൽ നടൻ അല്ലു അർജുൻ അനുശോചനം അറിയിച്ചിരുന്നു.