നിഖില വിമലിനെതിരെ ഉയരുന്ന നടക്കുന്ന സൈബര്‍ ആക്രമണങ്ങളോടും പരിഹാസങ്ങളോടും പ്രതികരിച്ച് തിരക്കഥാകൃത്ത് ശബ്‌ന മുഹമ്മദ്. സ്വന്തം അഭിപ്രായം ഉറക്കെ പറയുന്നത് ഒരു കുറ്റകൃത്യമല്ലെന്ന് ശബ്‌ന പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് തിരക്കഥാകൃത്തിന്റെ പ്രതികരണം. നിഖിലയുടെ ചിത്രവും ശബ്‌ന പങ്കുവച്ചിട്ടുണ്ട്.
”ഒരു അഭിപ്രായം ഉണ്ടാകുന്നതും സ്വന്തം അടിസ്ഥാന അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ശബ്ദം ഉയര്‍ത്തുന്നതും ഒരിക്കലും ഒരു കുറ്റകൃത്യമല്ല. അതിനെ അങ്ങനെ കാണാനും പാടില്ല. മാധ്യമ ഇടങ്ങള്‍ അത്തരം ശബ്ദങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്നത് കണ്ടാണ് ഞങ്ങള്‍ വളര്‍ന്നത്. ആ മാന്യത അവര്‍ക്ക് ഇപ്പോഴും ഉണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു” എന്നാണ് ശബ്‌ന കുറിച്ചിരിക്കുന്നത്.
അതേസമയം, കഴിഞ്ഞ ദിവസം നടി ഗൗതമി നായര്‍ നിഖിലയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. നിഖിലയുടെ പേര് എടുത്ത് പറയാതെ ആയിരുന്നു ഗൗതമിയുടെ കുറിപ്പ്. അഭിമുഖങ്ങളില്‍ ഓസ്‌കര്‍ കിട്ടിയതു പോലെ ആര്‍ട്ടിസ്റ്റുകള്‍ അഭിനയിക്കേണ്ട, മാധ്യമങ്ങള്‍ അവരുടെ ജോലിയാണ് ചെയ്യുന്നത് എന്നായിരുന്നു ഗൗതമി പറഞ്ഞത്.
ഇത് വലിയ രീതിയില്‍ ചര്‍ച്ചയാവുകയും ചെയ്തു. പിന്നാലെ നിഖിലയെ പിന്തുണച്ച് ആരാധകരും സഹപ്രവര്‍ത്തകരും രംഗത്തെത്തുകയായിരുന്നു. നിഖിലയെ പിന്തുണച്ചു കൊണ്ട് നടി ഐശ്വര്യ ലക്ഷ്മിയും രംഗത്തെത്തിയിരുന്നു. ”ഇവള്‍ തന്റെ മനസിലുള്ളതു പോലെ സംസാരിക്കുന്നുവെന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു.”
”അനുവദിക്കപ്പെട്ടിട്ടുള്ള സ്മാര്‍ട്ട്‌നെസിന്റെ ഉള്ളില്‍ നില്‍ക്കുന്ന സ്ത്രീകളെ മാത്രമേ നിങ്ങള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്ന് തെളിയിച്ച തന്ന സമൂഹത്തിനും മീഡിയയ്ക്കും നന്ദി. നിന്റെ മനസിലുള്ളത് പറയുന്നത് തുടരുക പെണ്ണേ. നീ എന്റര്‍ടെയ്‌നിങ് ആണ്, സ്മാര്‍ട്ടാണ്. എല്ലാത്തിലും നിന്റെ ഏറ്റവും മികച്ചു തന്നെ നീ നല്‍കുന്നുണ്ട്” എന്നായിരുന്നു ഐശ്വര്യ ലക്ഷ്മി കുറിച്ചത്.