കോവിഡ് വ്യാപനത്തിനിടയിലും മലയാള സിനിമയില്‍ പ്രതീക്ഷയുടെ വെളിച്ചം തെളിയിച്ച വര്‍ഷമാണ് 2021. മലയാളത്തില്‍ 90 ഓളം സിനിമകളാണ് ഈ വര്‍ഷം റിലീസ് ചെയ്തത്. കുറച്ച് സിനിമകള്‍ തിയേറ്ററിലും ഒരുപിടി ചിത്രങ്ങള്‍ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലും എത്തി. ഏറെ പ്രതീക്ഷകളോടെ റിലീസ് ചെയ്ത സിനിമകള്‍ പ്രേക്ഷകരെ നിരാശപ്പെടുത്തുകയും താരരാജക്കന്‍മാരോ ഹൈപ്പോ ഇല്ലാതെ എത്തിയ സിനിമകള്‍ വിജയിക്കുകയുമാണ് ചെയ്തത്.
മലയാള സിനിമയില്‍ ഇത് വിവാദങ്ങളുടെ വര്‍ഷം കൂടിയായിരുന്നു. ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി വലിയ വിവാദമാണ് സൃഷ്ടിച്ചത്. ചിത്രത്തിലെ തെറി സംഭാഷണങ്ങളാണ് വിവാദമായത്. ചുരുളിയിലെ തെറി വിവാദമായതോടെ പ്രതിഷേധങ്ങള്‍ ഉയരുകയും നിയമനടപടികളിലേക്ക് കടക്കുകയും ചെയ്തു. പക്ഷേ സിനിമ കണ്ടെവരെ അതില്‍ നിന്നും വിട്ടുപോരാനാകാത്ത വിധം ഒരു ഉന്മാദാവസ്ഥയിലേക്ക് കൂട്ടിക്കൊണ്ട് പോകാന്‍ ലിജോ ജോസ് പെല്ലിശേരി വിജയച്ചിരുന്നു. പച്ചയ്ക്കൊരു സിനിമയെടുത്ത് സിനിമാസ്വാദനത്തിന്റെ പതിവു രീതികളെ മാറ്റിയെഴുതിരുന്നു ലിജോ. എന്നാല്‍ ചിത്രം നിരോധിക്കണം എന്ന് വരെ ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു.
2021ല്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ സംസാരിച്ച സിനിമ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ആണ്. മലയാള സിനിമ ഇന്നുവരെ കണ്ട അടുക്കള ആയിരുന്നില്ല ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിലേത്. നിമിഷ സജയനെയും സുരാജ് വെഞ്ഞാറമ്മൂടിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത സിനിമ ഏറെ കാലമായി സമൂഹത്തില്‍ തുടര്‍ന്നു വന്ന പുരുഷാധിപത്യത്തെയാണ് പൊരിച്ചെടുത്തത്. പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ പലതും നിരസിച്ച ചിത്രം നീസ്ട്രീം എന്ന പ്ലാറ്റ്ഫോമിലൂടെയാണ് റിലീസ് ചെയ്ത്. ബിബിസി ഉള്‍പ്പെടെയുള്ള ഇന്റര്‍നാഷണല്‍ മാധ്യമങ്ങളില്‍ ചിത്രത്തിന്റെ ആസ്വാദനങ്ങളും പ്രത്യക്ഷപ്പെട്ടു. ചിത്രം സംസാരിച്ച വിഷയമായിരുന്നു അതിനൊക്കെ കാരണം. സിനിമയുടെ അവസാനം തനിക്ക് ചുറ്റുമുള്ള ചങ്ങലകള്‍ പൊട്ടിച്ചെറിഞ്ഞ് നായിക നടന്നു മുന്നേറുന്നതും കാണാം.
ശക്തമായ രാഷ്ട്രീയം സംസാരിച്ച സിനിമയാണ് സജിന്‍ ബാബു ഒരുക്കിയ ബിരിയാണി. പുരുഷ കേന്ദ്രീകൃത സമൂഹത്തിലെ സ്ത്രീകളുടെ അടിച്ചമര്‍ത്തലിന്റെ കഥകള്‍ പലവിധത്തില്‍ സിനിമകളില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ അവയില്‍ നിന്നെല്ലാം ഒരുപടി വരെ മുന്നിലാണ് ബിരിയാണി. കനി കുസൃതിയുടെ കഥാപാത്രം എല്ലാ മത സാമുദായിക വിഭാഗങ്ങളുടേയും പ്രതിനിധിയാണ്. കിടപ്പറയിലെ പുരുഷന്റെ ഭോഗവസ്തു മാത്രമാണ് സ്ത്രീ എന്ന വികലമായ കാഴ്ചപ്പാടിനെയാണ് ചിത്രം പൊളിച്ചെഴുതിയത്. മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ചിത്രത്തിന് ലഭിച്ചപ്പോള്‍ ജൂറി അംഗമായ എന്‍ ശശിധരന്‍ പുരസ്‌ക്കാര നിര്‍ണയത്തിനെതിരെ രംഗത്തു വരികയും ചെയ്തിരുന്നു.
നമ്മുടെ സമൂഹം ഇന്നും പിന്തുടര്‍ന്നു പോരുന്ന ഒരു ‘ആചാരമാണ്’ ‘പ്രായമായാല്‍’ പെണ്‍കുട്ടികളെ പെട്ടെന്ന് വിവാഹം ചെയ്തു വിട്ട്, കെട്ട് കഴിഞ്ഞു കൃത്യം ഒരു മാസം പിന്നിടുമ്പോഴേക്കും വിശേഷമൊന്നും ആയില്ലേ, ആര്‍ക്കാ കുഴപ്പം എന്നീ ചോദ്യങ്ങള്‍ ചോദിക്കുന്നതും. കുഞ്ഞ് വേണ്ടെന്ന് തീരുമാനമെടുത്തവരെ കുഞ്ഞുങ്ങളില്ലാത്ത ആളുകളുടെ സങ്കടക്കഥകളുടെ കെട്ടഴിച്ചു വിട്ട് പശ്ചാത്താപ വിവശരായി കുഞ്ഞെന്ന തീരുമാനത്തിലെത്തിക്കുന്നതും. മാറി ചിന്തിക്കാത്ത സമൂഹത്തിന്റെ കണ്ണു തുറപ്പിക്കാനുള്ള ശ്രമമായാണ് അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്തണി സാറാസ് ഒരുക്കിയത്. പ്രസവിക്കാന്‍ ഇഷ്ടമില്ലാത്ത, കുട്ടികളെ ഇഷ്ടമല്ലാത്ത സാറ എന്ന പെണ്‍കുട്ടിയുടെ കഥ പറഞ്ഞ ചിത്രത്തിന് നിരവധി വിമര്‍ശനങ്ങള്‍ വന്നിരുന്നു.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക് ചരിത്രത്തെ വളച്ചൊടിച്ചു എന്ന രീതിയില്‍ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ബീമാപ്പള്ളി വെടിവെപ്പിന്റെ കഥ പറഞ്ഞ ചിത്രം അന്ന് അധികാരത്തിലുണ്ടായിരുന്ന ആഭ്യന്തര മന്ത്രിയെയും സര്‍ക്കാറിനെയും കുറിച്ച് മൗനം പാലിച്ചു എന്നായിരുന്നു പ്രധാന വിമര്‍ശനം. ചിത്രത്തില്‍ ഇസ്ലാമോഫോബിക്ക് ഘടകങ്ങളുണ്ടെന്നും മുസ്ലിം വിരുദ്ധമാണ് എന്നിങ്ങനെ സോഷ്യല്‍ മീഡിയയില്‍ ആരോപണങ്ങള്‍ പ്രചരിച്ചിരുന്നു.
2021ല്‍ പ്രേക്ഷകരെ നിരാശപ്പെടുത്തിയ ചിത്രങ്ങളുടെ മുന്‍പന്തിയിലാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. പ്രഖ്യാപന വേളയില്‍ തന്നെ ഏറെ ഹൈപ്പ് ലഭിച്ച ചിത്രത്തെ കുറിച്ച് പ്രതീക്ഷകള്‍ ഏറെയായിരുന്നു. സിനിമയ്ക്കെതിരെ കുഞ്ഞാലി മരക്കാറുടെ കുടുംബം രംഗത്തെത്തിയതും തലപ്പാവില്‍ ഗണപതിയെ ചിത്രീകരിച്ചു എന്നിങ്ങനെയുള്ള വിവാദങ്ങള്‍ ആദ്യം ഉയര്‍ന്നിരുന്നു. മരക്കാറിന് മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌ക്കാരം ലഭിച്ചതും ചര്‍ച്ചയായിരുന്നു. എന്നാല്‍ തിയേറ്ററില്‍ ഈ പ്രതീക്ഷകളെ നിലനിര്‍ത്താന്‍ ചിത്രത്തിനായില്ല. തിരക്കഥയിലെ പോരായ്മകളും വിദേശ സിനിമകളില്‍ നിന്നടക്കമുള്ള രംഗങ്ങള്‍ മരക്കാറിലേക്ക് ഉപയോഗിച്ചതും ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തി. ബെട്ടിയിട്ട ബായത്തണ്ട് എന്ന ഡയലോഗ് ട്രോളുകളിലും വിമര്‍ശനങ്ങളിലും നിറയുകയും ചെയ്തു.