ഇനി നായക കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താനില്ലെന്ന് തമിഴ് നടന്‍ യോഗി ബാബു. താന്‍ കേന്ദ്രകഥാപാത്രമായെത്തിയ ധര്‍മപ്രഭു എന്ന ചിത്രം പുറത്തിറങ്ങിയതിന് തൊട്ടു പിന്നാലെയാണ് യോഗി ബാബുവിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിയ്ക്കുന്നത്.
ചിത്രത്തിന്റെ ആദ്യ ഷോ കാണാന്‍ യോഗി ബാബുവും എത്തിയിരുന്നു. “ജനങ്ങളുടെ സത്യസന്ധമായ അഭിപ്രായങ്ങളെ ഞാന്‍ മാനിക്കുന്നു. തെറ്റുകള്‍ മനസ്സിലാക്കാനും അവ തിരുത്താനും ഞാന്‍ തയ്യാറാണ്. നായക കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താത്പര്യമില്ല. ഇനി മുതല്‍ ഹാസ്യ കഥാപാത്രങ്ങളില്‍ മാത്രമായിരിക്കും എന്റെ ശ്രദ്ധ” ഷോയ്ക്ക് ശേഷം യോഗി ബാബു പറഞ്ഞു.
മുത്തുക്കുമാരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് യോഗി ബാബു എത്തുന്നത്. ചെന്നൈയിലെ എ.വി.എം സ്റ്റുഡിയോയില്‍ രണ്ടു കോടി രൂപ മുതല്‍ മുടക്കില്‍ കലാസംവിധായകന്‍ ബാലചന്ദ്രന്‍ രൂപകല്‍പന ചെയ്ത യമലോകത്തിന്റെ പാശ്ചാത്തലത്തിലുള്ള കൂറ്റന്‍ സെറ്റില്‍ വെച്ചാണ് സിനിമ ചിത്രീകരിച്ചത്. ആനുകാലിക ആക്ഷേപ ഹാസ്യ ചിത്രമായ ധര്‍മ പ്രഭുവില്‍ യമധര്‍മന്റെ പുത്രനായിട്ടാണ് യോഗി ബാബു എത്തുന്നത്. ജനനി അയ്യര്‍, രാധാ രവി, രാജേന്ദ്രന്‍, മേഘ്‌ന നായിഡു എന്നിവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.