ആര്‍ആര്‍ ആറിന്റെ ഓസ്‌കാര്‍ നേട്ടത്തില്‍ പ്രശംസിച്ച ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയെ പൊട്ടക്കിണറിലെ തവളയെന്ന് വിശേഷിപ്പിച്ച ഗായകന്‍ അദ്‌നാന്‍ സാമിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം.
പുരസ്‌കാര നേട്ടം തെലുങ്ക് ജനതയ്ക്ക് നല്‍കുന്ന അഭിമാനബോധത്തെക്കുറിച്ച് പറഞ്ഞുകൊണ്ടുള്ളതായിരുന്നു ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അഭിനന്ദന ട്വീറ്റ്. ഇത് പങ്കുവച്ചുകൊണ്ടാണ് അഡ്‌നാന്‍ സാമി നടത്തിയ വിമര്‍ശനത്തിലെ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്.
തെലുങ്ക് പതാക ഉയരത്തില്‍ പറക്കുകയാണ്. നമ്മുടെ നാടോടി പാരമ്പര്യത്തെ മനോഹരമായി ആഘോഷിക്കുന്ന, അന്തര്‍ദേശീയ തലത്തില്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ച, ഒരു തെലുങ്ക് ഗാനത്തെക്കുറിച്ച് എന്നില്‍ അഭിമാനബോധം നിറയുകയാണ്. എസ് എസ് രാജമൌലി, ജൂനിയര്‍ എന്‍ ടി ആര്‍, രാം ചരണ്‍, എം എം കീരവാണി എന്നിവര്‍ പ്രതിഭയെ പുനര്‍രചിച്ചിരിക്കുന്നു.
എസ് എസ് രാജമൌലി, ജൂനിയര്‍ എന്‍ ടി ആര്‍, രാം ചരണ്‍, എം എം കീരവാണി, ചന്ദ്രബോസ്, പ്രേം രക്ഷിത്, കാലഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ജ്, കൂടാതെ മുഴുവന്‍ ആര്‍ആര്‍ആര്‍ സംഘത്തിനും അഭിനന്ദനങ്ങള്‍. എന്നെയും ലോകമാകമാനമുള്ള കോടിക്കണക്കിന് തെലുങ്ക് ജനതയ്ക്കും എല്ലാ ഇന്ത്യക്കാര്‍ക്കും ഏറെ അഭിമാനമുണ്ടാക്കിയതിന് നന്ദി, എന്നിങ്ങനെയായിരുന്നു വൈ എസ് ആറിന്റെ ട്വീറ്റ്.
ഈ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് അദ്‌നാന്‍ സാമി വിവാദ പരാമര്‍ശം നടത്തിയത്. എന്തൊരു പ്രാദേശിക മനോഭാവമാണിത്? തന്റെ ചെറിയ മൂക്കിന് അപ്പുറത്തായതിനാല്‍ സമുദ്രത്തെക്കുറിച്ച് ചിന്തിക്കാന്‍ സാധിക്കാത്ത പൊട്ടക്കിണറിലെ തവള! പ്രാദേശികമായ വിഭജനങ്ങള്‍ സൃഷ്ടിക്കുന്നതിനും രാജ്യസ്‌നേഹത്തെ ഉയര്‍ത്തിപ്പിടിക്കാനാവാത്തതിനും നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു. ജയ് ഹിന്ദ്!, എന്നായിരുന്നു പ്രതികരണം.