എന്തിനൊരു രണ്ടാം 'സ്ഫടികം'?

സോക്രട്ടീസ് കെ. വാലത്ത്

ആസകലം മുറിവും ചതവുമേറ്റ് ആടു തോമ കിടന്നു. കുളമ്പടിയൊച്ചയോടൊപ്പം അടുത്തു വരുന്ന ആടുകളുടെ കരച്ചില്‍ അയാളെ തളര്‍ചയില്‍ നിന്നുണര്‍ത്തി. അതിലൊരു കറുത്ത മുട്ടന്‍. അവന്റെ പിന്‍കാല്‍ തോമയുടെ ബലിഷ്ഠമായ കൈപ്പിടിയിലായി. പൊരിവെയിലിലെ ചൊരി മണലിലേക്ക് മുട്ടനാടിന്റെ ചുടു ചോര ചീറ്റി. ആ ചുടുചോരയുടെ ഊറ്റത്തില്‍ ആടുതോമ വീണ്ടും അങ്ങാടിയിലേക്കെത്തി. തന്നെ തല്ലിച്ചതച്ച പൂക്കോയ തങ്ങളുടെ ഇരുമ്പന്‍മാരായ ഗുണ്ടകളെ അടി്ച്ചു പരിശാക്കാന്‍. ഇവിടെയാണ് “സ്ഫടികം” സിനിമ തുടങ്ങുന്നത്.

1995 മാര്‍ച്ച് 30ന് റിലീസായ സിനിമ പ്രേക്ഷകന് അതുവരെ കാണാത്തൊരു മോഹന്‍ ലാലിനെ സമ്മാനിച്ചു. ഏതു സംവിധായകന്റെ ഏതു കഥാപാത്രത്തിനും പുതുമയുടെ വ്യത്യസ്തതയുടെ നേരിയ അംശമെങ്കിലും പകരുന്ന നടനാണ് മോഹന്‍ ലാല്‍. അതറിയുന്നവര്‍ക്കു പോലും സ്ഫടികത്തിലെ ആടു തോമ ഇന്നും ഞെട്ടിക്കുന്നൊരു ഓര്‍മയാണ്. അതുപോലൊരു പകര്‍ന്നാട്ടം മോഹന്‍ലാല്‍ മറ്റേതെങ്കിലും കഥാപാത്രത്തിനു വേണ്ടി ആവിഷ്‌കരിച്ചിട്ടുണ്ടോ? ആടു തോമയെ ഓര്‍ക്കുമ്പോള്‍ തന്നെ കറുത്തിരുണ്ട മുട്ടനാടിന്റെ ചോര കലര്‍ന്നതു പോലെ സിരകളാകെ സജീവമാകുന്നുവെങ്കില്‍, വര്‍ഷം 24 കഴിഞ്ഞിട്ടും അവന്‍ നിവര്‍ന്നു നില്‍ക്കുന്നുവെങ്കില്‍ വിസ്മയകരമാം വിധം പ്രതിഭാധനനായ മോഹന്‍ലാല്‍ എന്ന നടനചാതുരിയ്ക്ക് നാം കടപ്പെട്ടിരിക്കുന്നു.

ഭദ്രതയാര്‍ന്ന സംവിധാനം

അന്നുമിന്നും സക്രീനില്‍ നി്ന്ന് കണ്ണെടുക്കാനാവാത്ത വിധം അനുനിമിഷം മുന്നോട്ടു കൊണ്ടു പോകുന്ന സിനിമയാണ് സ്ഫടികം. ഒട്ടും തന്നെ അസ്വാഭാവികതയില്ലാത്ത കഥ. അതില്‍ നിന്നു രൂപപ്പെട്ട തിരക്കഥയിലാകട്ടെ ആവശ്യമില്ലാത്ത ഒരു സീന്‍ പോലുമില്ല. അതിനെ തീക്ഷ്ണമായ ഒരനുഭവമാക്കി തീര്‍ത്ത സംവിധാനം. അതെ മോഹന്‍ലാലിന്റെ ആടുതോമയ്‌ക്കൊപ്പം നില്‍ക്കുന്ന വിജയഘടകമാണ് ഭദ്രന്റെ സംവിധാന മികവ്. ഭദ്രന്‍ മാസ്റ്റര്‍ എന്നു തന്നെ പറയണം. അത്രയേറെ അനുഭവ സമ്പത്തോടെയാണ് അദ്ദേഹം ഈ വിഷയത്തില്‍ തൊട്ടത്. തിലകന്റെ ചാക്കോ മാഷിന്് കണക്കിലുള്ള അതേ കണിശത സിനിമയില്‍ ഭദ്രനുണ്ട്. സംഗീതത്തിലും നാടകത്തിലും അഭിനയത്തിലും പഠിക്കുന്ന കാലത്തേ കഴിവു തെളിയിച്ചു. ഒരു നല്ല സംവിധായകന്‍ അത്യാവശ്യം സംഗീതവും എഴുത്തും അഭിനയവുമൊക്കെ വശമാക്കിയിരിക്കണം എന്നു പണ്ടേ ഭദ്രന്‍ ഉറപ്പിച്ചിരുന്നു.

പ്രശസ്ത സംവിധായകന്‍ ഹരിഹരന്റെ എട്ടാമത്തെ സഹായിയായി തുടക്കമിട്ട ഭദ്രന് അദ്ദേഹത്തില്‍ നിന്നും 14 ചിത്രങ്ങളുടെ അനുഭവ സമ്പത്തു നേടാനായി. 1982ല്‍ ശങ്കര്‍, മേനക, മോഹന്‍ലാല്‍ ടീമിന്റെ “എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു””വിലൂടെ സ്വതന്ത്ര സംവിധായകനായി. തുടര്‍ന്ന് “ചങ്ങാത്തം”, ആറ്റുവഞ്ചി ഉലഞ്ഞപ്പോള്‍, പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്, ഇടനാഴിയില്‍ ഒരു കാലൊച്ച, അയ്യര്‍ ദ ഗ്രേറ്റ്, അങ്കിള്‍ ബണ്‍, സ്ഫടികം, യുവതുര്‍ക്കി, ഒളിമ്പ്യന്‍ അന്തോണി ആദം, വെള്ളിത്തിര, ഉടയോന്‍, തുടങ്ങി ഇപ്പോള്‍ “ജൂതനി”ല്‍ എത്തിനില്‍ക്കുന്നു ഭദ്രന്റെ സംവിധാന സപര്യ.

കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ട രണ്ടു ചിത്രങ്ങളാണ് മമ്മൂട്ടിയുടെ “അയ്യര്‍ ദ ഗ്രേറ്റു”ം മോഹന്‍ലാലിന്റെ “സ്ഫടിക”വും. രണ്ടിനും തമ്മില്‍ ആശയത്തിനും അവതരണത്തിനും വലിയ അന്തരമുണ്ട്. ഒരു പൊതുമേഖലാ സ്ഥാപനത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനുണ്ടാകുന്ന ആറാം ഇന്ദ്രിയത്തിന്റെ അനുഭവം അയാളുടെ ജീവിതത്തെ ആകെ മാറ്റി മറിക്കുന്ന ഒരു പുതിയ ആശയമാണ് അയ്യര്‍ ദ ഗ്രേറ്റിലൂടെ ഭദ്രന്‍ പറഞ്ഞത്. സ്ഫടികത്തിലെത്തുമ്പോള്‍ ഭദ്രന്‍ കുറേക്കൂടി സാധാരണ ജീവിതത്തിലേക്കിറങ്ങി വന്നു. മക്കളെ അതിരറ്റു സ്‌നേഹിക്കുന്ന എന്നാല്‍ അതിലൊരിറ്റു പോലും പുറമേ കാണിക്കാത്ത, പഠിച്ച് ഉയര്‍ന്ന ജോലി നേടുക മാത്രമാണ് മഹത്തായ കാര്യമെന്ന് ഉറച്ചു വിശ്വസിക്കുന്ന ചാക്കോ മാഷ് എന്ന പിതാവിനെ അധ്യാപകനെ ഭദ്രന്‍ കാണിച്ചു തന്നു. അയാളുടെ സ്‌നേഹം ലഭിക്കാന്‍ ഭാഗ്യമില്ലാതെ വളര്‍ന്ന് ഒടുവില്‍ അയാളുടെ കൈ വെട്ടിയ ചെകുത്താനായി മാറേണ്ടി വന്ന തോമയെന്ന മകനെയും. അവരെ കൂടാതെയുള്ള അമ്മയും പെങ്ങളും കൊച്ചാപ്പനും പള്ളീലച്ചനും മാഷും കളിക്കൂട്ടുകാരി തുളസിയുമൊക്കെ ഭദ്രന്‍ നിത്യ ജീവിതത്തില്‍ നിന്നും കൂട്ടിക്കൊണ്ടു വന്നവര്‍ തന്നെ.

എഴുതി പൂര്‍ത്തിയാക്കിയ തിരക്കഥ ഭദ്രന്‍ മൂന്നം നാലും വര്‍ഷമെടുത്ത് നിരന്തരമായ തിരുത്തുകള്‍ക്കു വിധേയമാക്കി. അങ്ങനെ ഉടുത്തൊരുങ്ങിയ പെണ്ണിന്റെ ഭംഗിയും ഉഴുതു മറിച്ച മണ്ണിന്റെ ഉള്‍ക്കരുത്തും ഊതിക്കാച്ചിയ പൊന്നിന്റെ തിളക്കവുമള്ള തിരക്കഥയായത് മാറി. എന്നാല്‍ തിരക്കഥയോ സംവിധാനമോ കഥാപാത്രങ്ങള്‍ക്കും അപ്പുറത്തേക്കു വളര്‍ന്ന മോഹന്‍ലാല്‍ ഉള്‍പെടെയുള്ള അഭിനേതാക്കളുടെ സംഭാവനയോ ഒന്നുമല്ലാ സിനിമയുടെ മികവിന്റെ കാതല്‍. മറിച്ച് സിനിമ പറയുന്ന വിഷയമാണ്. അത് പറയാതെ പറയുന്ന ഒരു വലിയ കാര്യമുണ്ട്. ഏതൊരു രക്ഷിതാവും ഏതു കാലത്തെ ഏതു നാട്ടിലെ അദ്ധ്യാപകനും മനസ്സിലാക്കേണ്ട വിലപ്പെട്ട പാഠം. മക്കളെ കണ്ടും മാമ്പൂ കണ്ടും മദിക്കരുത് എന്നു പറയുന്നതിന്റെ നേരേ എതിരു നില്‍ക്കുന്ന ഒരു സന്ദേശം. അത്രത്തോളം തന്നെ സാരവത്തായത്.മക്കളോടുള്ള സ്‌നേഹം ഉള്ളില്‍ പൊതിഞ്ഞു കെട്ടി വയ്ക്കാനുളളതല്ല. അവനവനന്റെ വഴിക്കല്ല, അവര്‍കു പോകാനാവുന്ന ഒരു വഴി കണ്ടെത്തി അതിലേ അവരെ കൈ പിടിച്ചും പിന്നെ കൈയയച്ചും മനസ്സാ അനുഗ്രഹിച്ച് വിടുകയാണ് അഛനായാലും അമ്മയായാലും ചെയ്യേണ്ടതെന്ന വിലപ്പെട്ട ജഞാനം. സ്ഫടികത്തിനു മുമ്പും സ്ഫടികത്തിനു ശേഷവും ഈ ആശയം ഇത്ര ഗംഭീരമായി അവതരിപ്പിച്ച ഒരു സിനിമ ഉണ്ടോ? അതുപോലെ പരസ്പരം മാനിച്ച സ്‌നേഹിച്ച ഒരപ്പനെയും മകനെയും മലയാള സിനിമ കണ്ടിട്ടുണ്ടോ? മകനില്‍ കണ്ട ചെകുത്താന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു സ്ഫടികമിരുന്നു തിളങ്ങുന്നതു കണ്ട ചാക്കോ മാഷിലെ അപ്പന്‍ ആടുതോമയുടെ ലോറിക്കു താനിട്ട “ചെകുത്താന്‍” എന്ന് പേര് സ്ഫടികമെന്നു തിരുത്തിയതും അത് മാറി നിന്ന് ആടുതോമയിലെ മകന്‍ കാണുന്നതും ഒക്കെ മറക്കാനാകുമോ?

ഒട്ടേറെ വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ പൂര്‍ത്തിയാവുന്ന സ്ഫടികം ആരുടെ സിനിമയാണെന്ന സംശയം ഇന്നും ബാക്കി നില്‍ക്കുന്നു. മോഹന്‍ലാല്‍ എന്ന സാമ്യമകന്ന അഭിനയപ്രതിഭയുടെയോ, തിലകനെന്ന ഇന്ത്യന്‍ സിനിമ കണ്ട മഹാ നടന്റെയോ, വെട്ടിയും തിരുത്തിയും ഏറെ വിയര്‍പ്പൊഴുക്കി തിരക്കഥയെഴുതിയ പിന്നീടത് ചടുലമായ ഷോട്ടുകളിലൂടെ ഒരു മികവുറ്റ കലാസൃഷ്ടിയാക്കിയ ഭദ്രന്‍ എന്ന സംവിധായകന്റെയോ? ഇന്നും കൃത്യമായ ഒരുത്തരം പറയാനാവുന്നില്ല. ഇതത്രയും ചേര്‍ന്നതാകാം സ്ഫടികം. ഇറങ്ങിയ കാലത്ത് എട്ടു കോടി കളക്ഷന്‍ നേടിയ സ്ഫടികം തുടര്‍ചയായി 225 ദിവസം പ്രദര്‍ശിപ്പിക്കപ്പെട്ടു. മകച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് മോഹന്‍ലാലിനു നേടിക്കൊടുത്തു. അതിനൊക്കെ അപ്പുറത്ത് സ്ഫടികമിന്നും ഒരു വഴിവിളക്കായി നിലകൊള്ളുന്നു. ഓരോ തലമുറയിലെയും അഛനമ്മമാര്‍ക്കു മുന്നില്‍. ഇനിയൊരു ആടുതോമയുണ്ടാവരുത്, ഉണ്ടാക്കരുത് എന്നതിന്റെ അടയാള പദമായി. അവിടെ സ്ഫടികം പൂര്‍ണ്ണമായിരിക്കുന്നു. ഇനിയൊരു ആവര്‍ത്തനമോ തുടര്‍ചയോ ആവശ്യമില്ലാത്ത വിധം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം