ജെയിംസ് കാമറൂണിന്റെ ‘അവതാര്‍; ദ വേ ഓഫ് വാട്ടര്‍’ സിനിമയ്ക്കായാണ് ലോകം മുഴുവനുള്ള സിനിമാസ്വാദകരും കാത്തിരിക്കുന്നത്. ചിത്രത്തിന് ഗംഭീര പ്രതികരണങ്ങളാണ് ഇപ്പോള്‍ വരുന്നത്. ലണ്ടനില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും നിരൂപകര്‍ക്കുമായി സംഘടിപ്പിച്ച സ്‌പെഷ്യല്‍ ഷോയ്ക്ക് ആണ് ഗംഭീര പ്രതികരണങ്ങള്‍ ലഭിക്കുന്നത്.
അതിഗംഭീരവും അവിശ്വസനീയവുമാണ് ചിത്രം എന്നാണ് മാധ്യമപ്രവര്‍ത്തകനും നിരൂപകനുമായ എറിക് ഡേവിസ് പ്രതികരിക്കുന്നത്. ജെയിംസ് കാമറൂണിന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമയാണ് അവതാര്‍: ദ വേ ഓഫ് വാട്ടര്‍. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടെങ്കിലും ഒരിക്കല്‍ പോലും മടുപ്പുതോന്നില്ല.
വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാത്ത സംവിധായകനാണ് താനെന്ന് കാമറൂണ്‍ വീണ്ടും ഓര്‍പ്പിക്കുകയാണെന്ന് നിരൂപകര്‍ അഭിപ്രായപ്പെട്ടു. പതിമൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാമറൂണ്‍ 2009ല്‍ പുറത്തിറങ്ങിയ അവതാര്‍ സിനിമയുടെ രണ്ടാം ഭാഗവുമായി എത്തുന്നത്.
ഡിസംബര്‍ 16ന് ആണ് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്. നെയിത്രിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതിലൂടെ കഥ പുരോഗമിക്കുമെന്നാണ് സൂചന. പന്‍ഡോറയിലെ ജലാശയങ്ങള്‍ക്കുള്ളിലൂടെ ജേക്കും നെയിത്രിയും നടത്തുന്ന സാഹസികയാത്രകള്‍ കൊണ്ട് അവതാര്‍ 2 കാഴ്ചയുടെ വിസ്മയലോകം സൃഷ്ടിക്കും.
സാം വെര്‍ത്തിങ്ടണ്‍, സോയി സാല്‍ഡാന, സ്റ്റീഫന്‍ ലാങ്, സിഗേര്‍ണ്ണി വീവര്‍ എന്നിവര്‍ക്കൊപ്പം ‘ടൈറ്റാനിക്’ താരം കേറ്റ് വിന്‍സ്ലറ്റും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നീണ്ട 23 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേറ്റ് വിന്‍സ്ലറ്റ് വീണ്ടുമൊരു കാമറൂണ്‍ ചിത്രത്തിന്റെ ഭാഗമാകുന്നത്.