റെക്കോര്‍ഡ് കളക്ഷനുമായി മുന്നേറി ‘അവതാര്‍: ദ വേ ഓഫ് വാട്ടര്‍’. ഡിസംബര്‍ 16ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം 12,341 കോടി രൂപ കളക്ഷനാണ് ആഗോള ബോക്‌സോഫീസില്‍ നിന്നും നേടിയത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്യപ്പെട്ട ചിത്രങ്ങളില്‍ കളക്ഷനില്‍ ഒന്നാം സ്ഥാനത്താണ് നിലവില്‍ അവതാര്‍ 2.
അവതാര്‍ 2ന് അതിന്റെ മുടക്കു മുതല്‍ തിരിച്ചു പിടിക്കണമെങ്കില്‍ 2 ബില്യണ്‍ ഡോളര്‍ എങ്കിലും നേടണമെന്നും എന്നാല്‍ മാത്രമേ തുടര്‍ ഭാഗങ്ങള്‍ നിര്‍മ്മിക്കാന്‍ ആവുകയുള്ളു എന്ന് ജെയിംസ് കാമറൂണ്‍ പറഞ്ഞിരുന്നു. അവതാറിന്റെ തുടര്‍ഭാഗങ്ങള്‍ എന്തായാലും സംഭവിക്കും എന്ന് ഉറപ്പ് നല്‍കിയിരിക്കുകയാണ് ജെയിംസ് കാമറൂണ്‍ ഇപ്പോള്‍.
അവതാര്‍ 3യുടെ ചിത്രീകരണം കാമറൂണും സംഘവും ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. വിഷ്വല്‍ എഫക്റ്റ്‌സ് അടക്കമുള്ള പോസ്റ്റ് പ്രൊഡക്ഷനാണ് അവശേഷിക്കുന്നത്. നാല്, അഞ്ച് ഭാഗങ്ങളുടെ രചന പൂര്‍ത്തീകരിച്ചു. ഒപ്പം നാലാം ഭാഗത്തിന്റെ ചില ഭാഗങ്ങളുടെ ചിത്രീകരണവും മുഴുമിപ്പിച്ചിട്ടുണ്ട്.
അവതാര്‍ ആദ്യഭാഗം നേടിയ ആഗോള കലക്ഷന്‍ 2.91 ബില്യന്‍ ഡോളറായിരുന്നു (ഏകദേശം 24,000 കോടി രൂപ). 460 മില്യന്‍ ഡോളര്‍ (3800 കോടി രൂപയോളം) ചെലവിട്ടാണ് രണ്ടാംഭാഗം നിര്‍മിച്ചിരിക്കുന്നത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് റിലീസ് ചെയ്ത അവതാറിന്റെ തുടര്‍ച്ചയാണ് ദി വേ ഓഫ് വാട്ടർ.
ജെയ്ക്കും നെയ്ത്രിയും അവരുടെ കുട്ടികളും അടങ്ങുന്ന സള്ളി കുടുംബത്തിന്റെ പാന്‍ഡോറയിലെ തുടര്‍ന്നുള്ള ജീവിതമാണ് ഈ സിനിമ പറയുന്നത്. നാവികരായി മാറുന്ന വില്ലനും സംഘവും അവരെ ആക്രമിക്കുകയും സള്ളിസ് എങ്ങനെ തിരിച്ചടിക്കുന്നു എന്നതുമാണ് കഥ.