96ാമത് ഓസ്കർ വേദിയിൽ പലസ്തീന് ഐക്യദാർഢ്യവുമായി താരങ്ങൾ. അമേരിക്കൻ ഗായിക ബില്ലി ഐലിഷ്, സംവിധായിക അവ ദുവർനെ, നടന്മാരായ മാർക്ക് റുഫല്ലോ, റാമി യൂസുഫ് എന്നിവരാണ് പലസ്തീനിൽ വെടിനിർത്തൽ ആവശ്യപ്പെട്ടുകൊണ്ട് ചുവന്ന ബാഡ്ജ് ധരിച്ച് ചടങ്ങിലെത്തിയത്.
“ഗസ്സയില്‍ ഉടനടി വെടിനിര്‍ത്തല്‍ വേണമെന്ന് ആഗ്രഹിക്കുന്ന നിരവധി കലാകാരന്മാരുണ്ട്. ഞങ്ങള്‍ എല്ലാവരും ഗസ്സയില്‍ ഉടനടി വെടിനിര്‍ത്തല്‍ സാധ്യമാക്കണമെന്ന് ആവശ്യപ്പെടുകയാണ്. എല്ലാവരുടേയും സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നു.” എന്നാണ് റാമി യൂസുഫ് പറഞ്ഞത്.
ബാർബിയിലെ ‘വാട്ട് വാസ് ഐ മെയ്‌ഡ് ഫോർ’ എന്ന ഗാനത്തിന് ബില്ലി ഐലിഷ് മികച്ച ഒർജിനൽ ഗാനത്തിനുള്ള ഓസ്കർ അവാർഡ് കരസ്ഥമാക്കിയിരുന്നു.
അതേസമയം 7 അവാർഡുകൾ വാരിക്കൂട്ടി ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൺഹെയ്മർ ആണ് ഓസ്കർ വേദിയിൽ തിളങ്ങി നിന്നത്. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടന്‍, മികച്ച സഹനടൻ, ഒറിജിനല്‍ സ്കോര്‍, എഡിറ്റിംഗ്, സിനിമാറ്റോഗ്രഫി എന്നീ വിഭാഗങ്ങളിലായിരുന്നു ഓപ്പൺഹെയ്മർ പുരസ്കാരങ്ങൾ സ്വന്തമാക്കിയത്.