വില്‍ സ്മിത്ത് ഓസ്‌കാര്‍ ദാന വേദിയില്‍ വെച്ച് അവതാരകന്‍ ക്രിസ് റോക്കിനെ മുഖത്തടിച്ച സംഭവം അന്തര്‍ദേശീയ തലത്തില്‍ വലിയ വാര്‍ത്തയായിരിക്കുകയാണ്. അനുകൂലിച്ചും പ്രതികൂലിച്ചും പ്രശസ്തര്‍ ഇരു ചേരികളില്‍ അണിനിരന്നതിനൊപ്പം ആരാധകരും എത്തിയിട്ടുണ്ട്.
ഇപ്പോഴിതാ വില്‍ സ്മിത്തിന് പിന്തുണയുമായെത്തിയ ആരാധകര്‍ സോഷ്യല്‍ മീഡിയയയില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലാകുന്നത്.അവതാരകന്‍ ക്രിസ് ഇതാദ്യമായല്ല സ്മിത്തിനേയും ജെയ്ഡയേയും ഒരു വേദിയില്‍ വെച്ച് പരിഹസിക്കുന്നതെന്നാണ് ഇവര്‍ തെളിയിച്ചിരിക്കുന്നത്.
2016ലെ ഓസ്‌കാര്‍ പുരസ്‌കാര നിശയില്‍ വംശീയ വിവേചനത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ജെയ്ഡ അടക്കം നടീനടന്മാര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നില്ല. ചടങ്ങില്‍ അവതാരകനായെത്തിയ ക്രിസ് റോക്ക് ഇരുവരെയും പരിഹസിച്ചിരുന്നു. ‘ജെയ്ഡ ഓസ്‌കാര്‍ ബോയ്കോട്ട് ചെയ്യുന്നു എന്ന് കേട്ടപ്പോള്‍ ഞാന്‍ റിഹാനയുടെ പാന്റീസ് ബഹിഷ്‌കരിക്കുന്നത് പോലെയാണ് എന്നാണ് എനിക്ക് തോന്നിയത്. കാരണം എന്നെയും ക്ഷണിച്ചിട്ടില്ലായിരുന്നു’, ക്രിസ് പറഞ്ഞു.
‘വില്ലിനെ കണ്‍ക്ഷനിലെ പ്രകടനത്തിന്റെ പേരില്‍ നോമിനേറ്റ് ചെയ്യാതിരുന്നത് മോശമായി പോയി. വൈല്‍ഡ് വൈല്‍ഡ് വെസ്റ്റിനായി വില്ലിന് 20 മില്യണ്‍ നല്‍കിയതും മോശമായി പോയി’ എന്നാണ് ക്രിസ് അന്ന് സ്മിത്തിനെക്കുറിച്ച് പറഞ്ഞത്. ക്രിസിന് കിട്ടിയത് കുറഞ്ഞു പോയെന്നാണ് വീഡിയോ പങ്കുവെച്ച് ആരാധകര്‍ കമന്റ് ചെയ്യുന്നത്.