വിവാദങ്ങള്‍ കാറ്റില്‍ പറത്തി ഇന്ത്യന്‍ ബോക്‌സോഫീസില്‍ ഹിറ്റ് ആയി ‘ഓപ്പണ്‍ഹൈമര്‍’. ജൂലൈ 21ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം രണ്ടാഴ്ച കൊണ്ട് 100 കോടി കളക്ഷന്‍ ആണ് നേടിയിരിക്കുന്നത്. ആഗോളതലത്തില്‍ ‘ബാര്‍ബി’ ഹിറ്റ് ആകുമ്പോള്‍ ഇന്ത്യയില്‍ ഓപ്പണ്‍ഹൈമര്‍ ആണ് ഹിറ്റ് ആയി കൊണ്ടിരിക്കുന്നത്.
സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന് ഇന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ ലഭിക്കുന്ന സ്വീകാര്യതയാണ് ഓപ്പണ്‍ഹൈമറിന്റെ വിജയത്തിന് പിന്നിലെ പ്രധാന കാരണം. ചിത്രത്തില്‍ ലൈംഗികബന്ധത്തിനിടെ ഭഗവദ്ഗീത വായിക്കുന്നതുമായി ബന്ധപ്പെട്ട വിവാദം ഇന്ത്യയിലെ കളക്ഷനില്‍ ഗുണം ചെയ്തുവെന്നാണ് കണക്കുകള്‍.
അണുബോംബിന്റെ സൃഷ്ടാവ് റോബര്‍ട്ട് ഓപ്പണ്‍ഹൈമറിന്റെ ബയോപ്പിക്കായ സിനിമ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനിടെ ഓപ്പണ്‍ഹൈമര്‍ ഭഗവദ്ഗീതയിലെ രണ്ടു വരികള്‍ വായിക്കുന്ന രംഗമാണ് ഒരു വിഭാഗം വിവാദമാക്കിയത്. ഇത് ഹൈന്ദവ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നാണ് ആരോപണം.
ഈ വിവാദത്തോട് ചിത്രത്തിലെ നായകന്‍ കിലിയന്‍ മര്‍ഫി പ്രതികരിച്ചിരുന്നു. ”ആ സീന്‍ സിനിമയില്‍ നിര്‍ണ്ണായകമാണെന്നാണ് ഞാന്‍ കരുതുന്നത്. ജീന്‍ ടാറ്റ്‌ലോക്കുമായി ഓപ്പണ്‍ഹൈമറിന് ഉണ്ടായിരുന്ന ബന്ധം സിനിമയുടെ ഏറ്റവും വൈകാരികമായ ഭാഗങ്ങളില്‍ ഒന്നാണ്.”
”ഒരു കാര്യം കഥയില്‍ അത്രമേല്‍ പ്രധാനമാണെങ്കില്‍ അതിനെ വിലമതിക്കണമെന്നാണ് ഞാന്‍ കരുതുന്നത്. ഇത് ഞങ്ങളുടെ ജോലിയുടെ ഭാഗമാണ്. സ്വകാര്യ രംഗങ്ങള്‍ അഭിനയിക്കുന്നത് ആരും ഇഷ്ടപ്പെട്ട് ചെയ്യുന്നതല്ല എന്നതാണ് എല്ലാവരും മനസിലാക്കേണ്ടത്” എന്നാണ് കിലിയന്‍ മര്‍ഫി പറയുന്നത്.