'ഡെസ്പാസീത്തോ' ചരിത്രമായി; ഈ ഗാനത്തിനായി ലോകം മാറ്റിവെച്ചത് 20,000 മണിക്കൂര്‍!

2017 ല്‍ യൂട്യൂബില്‍ ലോകം ഏറ്റവും അധികം കാതോര്‍ത്ത ഗാനം, 200 കോടി പ്രേക്ഷകരെ ഏറ്റുവുമധികം വേഗത്തില്‍ നേടിയ ഗാനം, യുട്യൂബില്‍ ആദ്യമായി 300 കോടി പ്രേക്ഷകര്‍ കണ്ട പാട്ട്, യുട്യൂബിന്റെ ചരിത്രത്തില്‍ ഒന്നാം സ്ഥാനത്തുളള സംഗീത വിഡിയോ ഇതിനെല്ലാം ഒരു ഉത്തരം ഡെസ്പാസീത്തോ. ഈ സ്പാനിഷ് പാട്ടിന്റെ സ്യഷ്ടാക്കളായ ലൂയി ഫോണ്‍സിയോ എറിക്കാ എന്‍ഡറിനോ ഈ പാട്ട് ലോകത്തിന്റെ നെറുകയില്‍ എത്തുമെന്ന് സ്വപനത്തില്‍ പോലും വിചാരിച്ചു കാണില്ല. കടലോരത്ത് ജീവിക്കുന്ന മനുഷ്യന്റെ ചിരികളേയും കളികളേയും ആ നാടിന്റെ നിറത്തേയും ആകാശത്തിന്റെ സന്തോഷത്തേയും പാടിയ പാട്ട് ലോകം ഏറ്റെടുത്തപ്പോള്‍ അത് കടലാല്‍ ചുറ്റപ്പെട്ട ഒരു കൊച്ചു ദ്വീപിന്റെ വിജയമായിരുന്നു.

ലോകത്തെ ഏറ്റവും കുഞ്ഞു ദ്വീപുകളിലൊന്നായ പ്യൂര്‍ട്ടോ റിക്കോയില്‍ നിന്നാണ് ഈ ഗാനം പിറവി കൊണ്ടത്. പ്യൂര്‍ട്ടോ റിക്കോയില്‍ ജനിച്ചു വളര്‍ന്ന ലൂയി ഫോണ്‍സി, എറിക്കാ എന്‍ഡറിനൊപ്പം ചേര്‍ന്നെഴുതി ഈണമിട്ട് പാടിയ പാട്ട് 450 കോടിയോളം ആളുകളാണ് ഇതുവരെ കണ്ടിരിക്കുന്നത്. ഡെസ്പാസീത്തോ എന്ന വാക്കിന്റെ അര്‍ഥം പതിയെ എന്നാണ്. പക്ഷെ, പേരിലെ അര്‍ത്ഥത്തിന് വിപരീതമായി മനുഷ്യ മനസില്‍ കാട്ടുതീപോലെയാണ് ഗാനം പടര്‍ന്നു കയറിയത്.

Read more

അമേരിക്ക ഉള്‍പ്പെടെയുള്ള 50 ലേറെ രാജ്യങ്ങളുടെ ചാര്‍ട്ട്ബീറ്റിലാണ് ഈ പാട്ട് ഒന്നാമതെത്തിയത്. പോയ വര്‍ഷം യുട്യൂബില്‍ ഏറ്റവുമധികം പ്രേക്ഷകരെ നേടിയ ഗാനം എന്നതിനപ്പുറം യുട്യൂബിന്റെ ചരിത്രത്തില്‍ ഒന്നാം സ്ഥാനത്തുളള സംഗീത വിഡിയോയും ഇതുതന്നെയാണ്. 200 കോടി പ്രേക്ഷകരെ ഏറ്റവുമധികം വേഗത്തില്‍ നേടിയ ഗാനം, യുട്യൂബില്‍ ആദ്യമായി 300 കോടി പ്രേക്ഷകര്‍ കണ്ട പാട്ട് എന്നീ റെക്കോഡുകളും ഡെസ്പാസീത്തോയുടെ പേരിലാണ്. പുറത്തിറങ്ങി ആറു മാസത്തിനുള്ളിലായിരുന്നു ഈ നേട്ടമെല്ലാം. 20,000 മണിക്കൂറുകളാണ് ഡെസ്പാസീത്തോ കാണാന്‍ ലോകം നീക്കി വച്ചത്. ഇംഗ്ലീഷ് ഗാനങ്ങളുടെ ആധിപത്യ ലോകത്തിലെ ഒരു വേറിട്ട ശബ്ദമായി ഡെസ്പാസീത്തോയെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയായിരുന്നു.