വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം, ഇനിയും നിശബ്ദരായി ഇരിക്കില്ല..; ബൈഡന് കത്തയച്ച് ഹോളിവുഡ് താരങ്ങള്‍

ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം കനക്കുന്നതിനിടെ അടിയന്തിരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഹോളിവുഡ് വിനോദ വ്യവസായ സംഘടന ‘ആര്‍ടിസ്റ്റ് ഫോര്‍ സീസ്ഫയര്‍’ യുഎസ് പ്രസിഡന്റ് ജോ ബൈഡന് കത്തയച്ചു. ബന്ദികളെ സുരക്ഷിതമായി മോചിപ്പിക്കാനും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

ഹോളിവുഡ് താരങ്ങളായ കേറ്റ് ബ്ലാന്‍ചെറ്റ്, അമേരിക്ക ഫെറേര, ബസ്സേം യൂസഫ്, ജോണ്‍ സ്റ്റെവാര്‍ട്ട്, ദുഅ ലിപ, ഹസന്‍ ്മിന്‍ഹാജ്, ഓസ്‌കര്‍ ഐസക്, മൈക്കല്‍ സ്റ്റൈപ്പ് എന്നിവര്‍ ഒപ്പിട്ട കത്തില്‍ ലോക നേതാക്കളോട് ജീവിത വിശുദ്ധിക്ക് മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.

പുണ്യഭൂമിയില്‍ അക്രമം തടയാനുള്ള ശ്രമങ്ങള്‍ വേഗത്തിലാക്കുക. ഗാസയിലെ ബോംബാക്രമണം അവസാനിപ്പിക്കുക. ബന്ദികളെ സുരക്ഷിതമായി മോചിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് കത്തില്‍ ഉന്നയിക്കുന്നത്.

ഗാസയിലെ ഭയാനകമായ മാനുഷിക സാഹചര്യം ഊന്നിപ്പറയുന്ന കത്തില്‍ സംഘര്‍ഷ ബാധിതരായ ജനങ്ങളുടെ ദുരിതം ലഘൂകരിക്കുന്നതിനും മാനുഷിക സഹായം അനിയന്ത്രിതമായി എത്തിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. രക്തച്ചൊരിച്ചില്‍ തടയാന്‍ മേഖലയില്‍ ഇനിയും നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ നിശബ്ദരായിരിക്കില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്.