ജെയിംസ് കാമറൂണ്‍ ഒരുക്കിയ അവതാര്‍ എന്ന ഇതിഹാസ സിനിമ ലോക സിനിമാചരിത്രത്തിന്റെ തന്നെ ഭാഗമാണ്. ഒരു പ്രത്യേക ലോകത്തിലെ മനുഷ്യരും അതിന്റെ വൈകാരികതയും ഒക്കെ പ്രതിഫലിപ്പിച്ച ഈ ചിത്രം സാങ്കേതികമായും ഏറെ മുന്നിലായിരുന്നു. അതിനാല്‍ തന്നെ അവതാറിന്റെ രണ്ടാം ഭാഗം വരുമ്പോള്‍ സിനിമാ ലോകം പ്രതീക്ഷിക്കുന്നതും കണ്ടതിലും വളരെ മേലെയാണ്. ആ പ്രതീക്ഷ വെറുതേയാവില്ലെന്നാണ് രണ്ടാം ഭാഗത്തിന്റേതായി പുറത്തുവന്ന ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
രണ്ടാം പതിപ്പിലെ പാന്‍ണ്ടോറയെന്ന സാങ്കല്‍പ്പിക ഗ്രഹത്തിന്റെ പുതിയ ചിത്രങ്ങളാണ് പുറത്തു വിട്ടിരിക്കുന്നത്. ഇനിയും ഏറെ മായക്കാഴ്ചകള്‍ പ്രേക്ഷകര്‍ക്കായി ഒരുങ്ങുന്നു എന്ന് വിളിച്ചോതുന്നവയാണ് ചിത്രങ്ങള്‍. ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. 2021 ഡിസംബര്‍ 17-നാണ് ചിത്രത്തിന്റെ അടുത്ത പതിപ്പ് എത്തുക.
ലോകത്ത് ഏറ്റവും കൂടുതല്‍ പണം വാരിയ സിനിമകളുടെ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ജയിംസ് കാമറൂണിന്റെ സൃഷ്ടികളായിരുന്നു. ഒന്നാം സ്ഥാനത്ത് അവതാറും രണ്ടാം സ്ഥാനത്ത് ടൈറ്റാനിക്കുമായിരുന്നു വര്‍ഷങ്ങളായി വാണിരുന്നത്. എന്നാല്‍ അവഞ്ചേഴ്സ് എന്‍ഡ് ഗെയിമിന്റെ വരവോടെ ഒന്നാം സ്ഥാനം അവതാറിന് നഷ്ടമായിരുന്നു. രണ്ടാം ഭാഗത്തിന്റെ വരവോടെ ഒന്നാം സ്ഥാനം തിരികെ അവതാറിലേക്ക് തന്നെ എത്തുമോ എന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്.