ലോകത്ത് ഏറ്റവും കൂടുതല്‍ പണം വാരിയ സിനിമകളുടെ പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനങ്ങളില്‍ ജയിംസ് കാമറൂണിന്റെ സൃഷ്ടികളായിരുന്നു. ഒന്നാം സ്ഥാനത്ത് അവതാറും രണ്ടാം സ്ഥാനത്ത് ടൈറ്റാനിക്കുമായിരുന്നു വര്‍ഷങ്ങളായി വാണിരുന്നത്. എന്നാല്‍ അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിന്റെ വരവോടെ അതില്‍ ഒരു സ്ഥാന വ്യത്യാസം സംഭവിച്ചിരിക്കുന്നു. ടൈറ്റാനിക്കിനെ ഒരു പടി താഴേയ്ക്ക് ഇറക്കി രണ്ടാം സ്ഥാനക്കാരനായിരിക്കുകയാണ് അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം.
തന്റെ പരാജയം സംവിധായകന്‍ ജയിംസ് കാമറൂണ്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. “കെവിനും മാര്‍വലിലെ മറ്റുള്ള എല്ലാവരോടുമായി, മഞ്ഞുകട്ടയാണ് യഥാര്‍ഥ ടൈറ്റാനിക്കിനെ തകര്‍ത്തുകളഞ്ഞത്. ഇവിടെ എന്റെ ടൈറ്റാനിക്കിനെ തകര്‍ത്തത് അവഞ്ചേര്‍സ് ആണ്. ലൈറ്റ്‌സ്റ്റോം എന്റര്‍ടെയ്ന്‍മെന്റിലുള്ള എല്ലാവരും നിങ്ങളുടെ മാസ്മരിക നേട്ടത്തെ സല്യൂട്ട് ചെയ്യുന്നു. സിനിമാ ഇന്‍ഡസ്ട്രി ജീവസുറ്റതാണെന്ന് മാത്രമല്ല മറ്റെന്തിനേക്കാളും വലുതാണെന്നും നിങ്ങള്‍ തെളിയിച്ചു.” അവഞ്ചേഴ്‌സിന്റെ ലോഗോയില്‍ ഇടിച്ചു മുങ്ങുന്ന ടൈറ്റാനിക്കിന്റെ ചിത്രം പങ്കുവെച്ച് ജയിംസ് കാമറൂണ്‍ ട്വീറ്റ് ചെയ്തു.
വെറും 12 ദിവസങ്ങള്‍ കൊണ്ടാണ് എന്‍ഡ്‌ഗെയിം ടൈറ്റാനിക്കിന്റെ റെക്കോര്‍ഡ് തകര്‍ത്തത്. 2.18 ബില്യന്‍ ഡോളറായിരുന്നു ടൈറ്റാനിക്കിന്റെ കളക്ഷന്‍. രണ്ട് മില്യന്‍ ക്ലബിലെത്താന്‍ ടൈറ്റാനിക്കിന് വേണ്ടി വന്നത് 5233 ദിവസമായിരുന്നു. നിലവില്‍ 2.272 ബില്യന്‍ ആണ് എന്‍ഡ്‌ഗെയിമിന്റെ കലക്ഷന്‍ അതായത് ഏകദേശം 15206 കോടി രൂപ. 2.787 ബില്യനാണ് ഒന്നാമതുള്ള അവതാറിന്റെ കളക്ഷന്‍. 47 ദിവസം വേണ്ടി വന്നിരുന്നു അവതാറിന് രണ്ട് മില്യനില്‍ എത്താന്‍. കണക്കുകളനുസരിച്ച് വമ്പന്‍ ബോക്‌സ്ഓഫീസ് ഹിറ്റിലേക്കുള്ള പ്രയാണത്തിലാണ് അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിം.