25 വര്‍ഷത്തിന് ശേഷം സംവിധായകനായി മടങ്ങി എത്താന്‍ ഒരുങ്ങി ജോണി ഡെപ്പ്. മുന്‍ ഭാര്യ ആംബര്‍ ഹേഡുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണ് ജോണി ഡെപ്പ്. ‘മോഡി’ എന്ന ചിത്രമാണ് ജോണി ഡെപ്പ് സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത്.
ഇറ്റാലിയന്‍ ചിത്രകാരന്‍ അമെഡിയോ മോഡിഗ്ലിയാനിയുടെ കഥയാണ് മോഡി എന്ന ബയോപിക്ക്. അമെഡിയോ മോഡിഗ്ലിയാനിയെ മോഡി എന്നായിരുന്നു അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ വിളിച്ചിരുന്നത്. അതിനാലാണ് ബയോപിക്കിന് ജോണി ഡെപ്പ് മോഡി എന്ന പേര് നല്‍കിയിരിക്കുന്നത്.
ഡെന്നീസ് മക്കിന്റയറിന്റെ നാടകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുക. അല്‍പച്ചിനോയും, റിക്കാര്‍ഡോ സ്‌കമാര്‍സിയോയുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുക. 1916 പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ജേര്‍സി, മേരി ക്രോമോലോവ്‌സ്‌കി എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്.
പൊലീസ് വേട്ട ഉള്‍പ്പെടുന്ന പ്രക്ഷുബ്ധവും സംഭവബഹുലവുമായ സംഭവങ്ങളിലൂടെ കലാകാരന്‍ കടന്നു പോകുന്ന രണ്ട് ദിവസമാണ് സിനിമയുടെ പ്രമേയമാവുക. 1997ല്‍ എത്തിയ ‘ദി ബ്രേവ്’ എന്ന ചിത്രത്തിന് ശേഷം ജോണി ഡെപ്പ് സംവിധാനം ചെയ്യാനൊരുങ്ങുന്ന ചിത്രമാണ് മോഡി.
അതേസമയം, ‘ജീന്‍ ഡു ബാരി’യാണ് ജോണ്‍ ഡെപ്പിന്റേതായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത്. ചിത്രം മെയ് 16ന് കാനില്‍ പ്രദര്‍ശിപ്പിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. ‘ജീന്‍ ഡു ബാരി’ 16ന് തന്നെ ഫ്രാന്‍സില്‍ റിലീസ് ചെയ്യും.