ഹോളിവുഡ് തന്നെ നിരോധിക്കാന്‍ ശ്രമിക്കുകയാണെന്ന് നടന്‍ ജോണി ഡെപ്പ്. പുതിയ ചിത്രം ‘മിനാമറ്റ’യുടെ അമേരിക്കന്‍ റിലീസ് വൈകുന്ന സാഹചര്യത്തിലാണ് ജോണി ഡെപ്പിന്റെ പ്രതികരണം. തന്റെ ജീവിതത്തില്‍ ഉണ്ടായ നിയമ സാഹചര്യങ്ങളെ കുറിച്ച് ജോണി ഡെപ്പ് അടുത്തിടെ ദി സണ്‍ഡേ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
താരത്തിന്റെ മുന്‍ ഭാര്യ അംബര്‍ ഹേര്‍ഡ് ജോണി ഡെപ്പിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസ് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നുണ്ടായ മാധ്യമ വേട്ടയാണ് തനിക്ക് ഹോളിവുഡില്‍ ഉണ്ടായിരുന്ന നല്ല ഇമേജ് നഷ്ടപ്പെടുത്തിയതെന്ന് താരം പറഞ്ഞു. ഒരു നടന്റെ അല്ലെങ്കില്‍ വ്യക്തിയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ചില പ്രശ്നങ്ങള്‍ വന്നു.
അതുകൊണ്ട് ഹോളിവുഡ് നിരോധനം ഏര്‍പ്പെടുത്തുകയാണോ വേണ്ടത് എന്നും ജോണി ഡെപ്പ് ചോദിക്കുന്നു. ബ്രിട്ടിഷ് ടാബ്ലോയിഡായ ദി സണ്ണുമായുള്ള കേസില്‍ പരാജയപ്പെട്ടതിന് ശേഷം നടന്‍ ആദ്യമായി നല്‍കിയ അഭിമുഖമായിരുന്നു ഇത്. ”ഭാര്യയെ അടിക്കുന്നവന്‍” എന്നായിരുന്നു ജോണി ഡെപ്പിനെ ദി സണ്ണിന്റെ ലേഖനത്തില്‍ വിശേഷിപ്പിച്ചിരുന്നത്.
മിനാമറ്റയുടെ റിലീസ് ഫെബ്രുവരിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ അത് നടന്നിട്ടില്ല. ഡബ്ല്യൂ യൂജിന്‍ സ്മിത്ത് എന്ന ഫോട്ടോജേണലിസ്റ്റിനെയാണ് താരം സിനിമയില്‍ അവതരിപ്പിക്കുന്നത്. അതു പോലെ തന്നെ വാര്‍ണര്‍ ബ്രദേഴ്സിന്റെ ഫന്റാസ്റ്റിക് ബീസ്റ്റ് സിനിമാ സീരിസില്‍ നിന്നും ഡെപ്പിന് പ്രധാന റോള്‍ നഷ്ടപ്പെട്ടു.