ആ ചുംബന രംഗം ദയനീയമായിരുന്നു, തണുത്ത് മരവിച്ച ടോബിക്ക് ശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല: സ്‌പൈഡര്‍മാന്‍ നായിക കിര്‍സ്റ്റണ്‍

സൂപ്പര്‍ ഹീറോ ചിത്രമായ സ്‌പൈഡര്‍മാന്റെ ആദ്യ സിനിമയ്ക്ക് ആരാധകര്‍ ഏറെയാണ്. 2002ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ ചുംബനരംഗം ഇതിലെ ഹൈലൈറ്റുകളില്‍ ഒന്നായിരുന്നു. പീറ്റര്‍ പാര്‍ക്കര്‍-മേരി പ്രണയത്തിന്റെ തീവ്രത മനസിലാക്കി തരുന്ന ചുംബനത്തിന് അവാര്‍ഡ് വരെ ലഭിച്ചിട്ടുണ്ട്. മികച്ച ചുംബനരംഗത്തിനുള്ള എംടിവി മൂവി ആന്റ് ടിവി അവാര്‍ഡ്‌സ് ആയിരുന്നു നേടിയത്.

തലകീഴായി തൂങ്ങി നില്‍ക്കുന്ന സ്‌പൈഡര്‍മാനെ മേരി ചുംബിക്കുന്ന രംഗം ചിത്രീകരിച്ചത് ഏറെ വെല്ലുവിളികളോടെയാണ്. ചിത്രത്തിലെ നായികയായ കിര്‍സ്റ്റണ്‍ ഡണ്‍സ്റ്റ് ഈ രംഗം ചിത്രീകരിച്ചതിനെ കുറിച്ച് ഒരിക്കല്‍ സംസാരിച്ചിട്ടുണ്ട്. ഷൂട്ടിങ് ദയനീയമായിരുന്നു എന്നാണ് കിര്‍സ്റ്റണ്‍ പറയുന്നത്.

ചുംബന സീന്‍ ചിത്രീകരിക്കുന്നതിനിടെ നടന്‍ ടോബി മഗെയ്ര്‍ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നു. മഴ പെയ്യുന്നുണ്ടായിരുന്നു. ടോബി തണുത്ത് മരവിച്ചു. ശ്വസിക്കാന്‍ കഴിഞ്ഞിരുന്നില്ല. ടോബിയുടെ ജീവന്‍ നിലനിര്‍ത്തുന്നത് പോലെയാണ് ആ സീന്‍ ചെയ്യുമ്പോള്‍ തോന്നിയത്. എന്നാല്‍ ഐക്കോണിക് ആയ ഇങ്ങനൊരു സീനിന്റെ ഭാഗമായതില്‍ സന്തോഷമുണ്ട് എന്നായിരുന്നു കിര്‍സ്റ്റണ്‍ പറഞ്ഞത്.

അതേസമയം, സ്‌പൈഡര്‍മാന്‍: നോ വേ ഹോം ആണ് ഒടുവില്‍ എത്തിയ സ്‌പൈഡര്‍മാന്‍ സീരിസ് ചിത്രം. സ്പൈഡര്‍മാന്‍: ഹോംകമിംഗ്, സ്പൈഡര്‍മാന്‍: ഫാര്‍ ഫ്രം ഹോം എന്നിവയ്ക്ക് ശേഷം ജോണ്‍ വാട്ട്‌സ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സ്‌പൈഡര്‍മാന്‍ സിനിമയാണ് സ്പൈഡര്‍മാന്‍: നോ വേ ഹോം.