ഹോളിവുഡ് നടന്‍ ലിയനാര്‍ഡോ ഡികാപ്രിയോയുടെ പ്രണയ ബന്ധങ്ങളെ ട്രോളി സോഷ്യല്‍ മീഡിയ. 25 വയസ് കഴിഞ്ഞ കാമുകിമാരെ ഡികാപ്രിയോ ഒഴിവാക്കും എന്നാണ് സോഷ്യല്‍ മീഡിയയുടെ വാദം. നാല് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഡികാപ്രിയോ കാമുകി കമില മൊറോണുമായുമായി വേര്‍പിരിഞ്ഞിരുന്നു. ‘ദി സണ്‍’ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം മൊറോണിന് 25 വയസ് തികഞ്ഞതിന് ശേഷമാണ് ഇരുവരും വേര്‍പിരിഞ്ഞത്.
ഇതിന് പിന്നാലെയാണ് ഡികാപ്രിയോ പ്രണയങ്ങളുടെ പാറ്റേണുകള്‍ വിലയിരുത്തി സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയാന്‍ തുടങ്ങിയത്. ഡികാപ്രിയോ മുമ്പ് ഡേറ്റ് ചെയ്ത ഗിസെലെ ബുണ്ട്‌ചെന്‍, ബാര്‍ റാഫേലി, ബ്ലേക്ക് ലൈവ്‌ലി, എറിന്‍ ഹെതര്‍ടണ്‍, ടോണി ഗാര്‍ഗണ്‍, കെല്ലി റോര്‍ബാച്ച്, നീന അഗ്ദാല്‍ എന്നിവര്‍ 25 വയസോ അതില്‍ കുറഞ്ഞ പ്രായം ഉള്ളവരും ആയിരുന്നു.
25 വയസ് കഴിഞ്ഞ ആരെയും ഡികാപ്രിയോ ഡേറ്റ് ചെയ്തിട്ടില്ല, 25 തികഞ്ഞാല്‍ നടന്‍ കാമുകിമാരുമായി പിരിയും എന്നാണ് ട്വിറ്ററില്‍ നിറയുന്ന ട്രോളുകള്‍. ‘സ്ത്രീകള്‍ 25 വയസ് കഴിയുമ്പോള്‍ അവരുമായി വേര്‍പിരിയുന്ന ലിയനാര്‍ഡോ ഡികാപ്രിയോയേക്കാള്‍ വിശ്വസനീയമായ ഒരു പ്രതിഭാസം ഈ ഗ്രഹത്തില്‍ വേറെയില്ല. സ്ഥിരവിവര കണക്കുകള്‍ ആശ്വാസകരമാണ്,’ എന്നാണ് ട്വിറ്ററില്‍ ഒരാള്‍ എഴുതിയത്.
2020ലെ ഓസ്‌കര്‍ അവാര്‍ഡ്സിലായിരുന്നു ഡികാപ്രിയോയും മൊറോണും തങ്ങളുടെ പ്രണയ വിവരം വെളിപ്പെടുത്തിയത്. തമ്മിലെ പ്രായവ്യത്യാസത്തെ ഗൗരവമായി എടുക്കുന്നില്ല എന്ന് 2019ല്‍ ലോസ് ഏഞ്ചലസ് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ കമില മൊറോണ്‍ പറഞ്ഞിരുന്നു.