സിനിമാലോകം കാത്തിരുന്ന ബ്രഹ്മാണ്ഡ ചിത്രം അവഞ്ചേര്‍സ് 4: എന്‍ഡ് ഗെയിമിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. താനോസ് പ്രത്യക്ഷപ്പെടുന്നു എന്നതാണ് പുതിയ ടീസറിന്റെ പ്രത്യേകത. ഒരു മിനിറ്റാണ് ടീസറിന്റെ ദൈര്‍ഘ്യം. ടീസറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ ടീസറിന് 98 ലക്ഷത്തിന് മേല്‍ കാഴ്ച്ചക്കാരായിട്ടുണ്ട്. ട്രെന്‍ഡിംഗിലും ടീസര്‍ രണ്ടാമതുണ്ട്.
ഇന്ത്യന്‍ മാര്‍വെല്‍ ആരാധകര്‍ക്കായി ചിത്രത്തിന്റെ ഇന്ത്യന്‍ ആന്തം ഏപ്രില്‍ ഒന്നിന് റിലീസ് ചെയ്തിരുന്നു. സംഗീതം ഒരുക്കിയിരിക്കുന്നതും ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നതും ഓസ്‌കര്‍ ജേതാവ് എ.ആര്‍ റഹമാനാണ്. അവഞ്ചേര്‍സിലെ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ആല്‍ബം അവതരിപ്പിച്ചിരിക്കുന്നത്. ഹിന്ദി പതിപ്പാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. തെലുങ്ക്, തമിഴ് പതിപ്പുകള്‍ ഉടനെ പുറത്തിറക്കുമെന്ന് എ.ആര്‍ റഹ്മാന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
അവഞ്ചേഴ്‌സ് എന്‍ഡ് ഗെയിമിന്റെ ട്രെയിലര്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ആകാംക്ഷയുടെ മുള്‍മുനയില്‍ നില്‍ക്കുന്ന സിനിമാപ്രേമികളില്‍ ട്രെയിലറിന്റെ വരവ് വമ്പന്‍ പ്രതികരണമാണ് സൃഷ്ടിച്ചത്. അയേണ്‍മാനായെത്തുന്ന റോബര്‍ട്ട് ഡൗണി ജൂനിയറിന്റെ വോയ്‌സ് ഓവറോടെ ആരംഭിക്കുന്ന ട്രെയിലറിന് രണ്ട് മിനിറ്റ് 26 സെക്കന്‍ഡ് ദൈര്‍ഘ്യമുണ്ട്. താനോസിനെ നേരിടാന്‍ ഒരുങ്ങുന്ന അവഞ്ചേഴ്‌സ് പട പുതിയ വേഷത്തിലാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നത്. ഏപ്രില്‍ 26 നാണ് ചിത്രം തിയേറ്ററുകളിലെത്തുക.