കോമിക് സൂപ്പര്‍ ഹീറോ സൂപ്പര്‍മാന് ലോകമെങ്ങും ആരാധകരുണ്ട്. എണ്‍പത് വര്‍ഷത്തോളമായി ഇറങ്ങുന്ന സൂപ്പര്‍മാനെ ചരിത്രത്തില്‍ ആദ്യമായി സ്വവര്‍ഗാനുരാഗിയായി അവതരിപ്പിക്കുകയാണ് ഡിസി കോമിക്‌സ്. ‘സൂപ്പര്‍മാന്‍: സണ്‍ ഓഫ് കാള്‍ ഇല്‍’ അഞ്ചാം പതിപ്പ് മുതലാണ് സൂപ്പര്‍മാനെ സ്വവര്‍ഗാനുരാഗിയായി അവതരിപ്പിക്കുന്നത്.
സൂപ്പര്‍മാനായി ഭൂമിയില്‍ എത്തപ്പെടുന്ന കെന്റ് ക്ലര്‍ക്കിന്റെ മകന്‍ ജോണ്‍ കെന്റ് ആണ് പുതിയ സൂപ്പര്‍മാന്‍. നേരത്തെ പത്രപ്രവര്‍ത്തകയായ ലോയിസ് ലെയിനുമായി കെന്റ് പ്രണയത്തിലാകുന്നത് ആയിരുന്നുവെങ്കില്‍, ഇത്തവണ ജയ് നാക്കമൂറ എന്ന പത്രപ്രവര്‍ത്തകനുമായാണ് പ്രണയത്തിലാകുന്നത്.
ഈ ആഴ്ച ഡി.സി ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തി. അടുത്ത മാസമാണ് പുതിയ ലക്കം സൂപ്പര്‍മാന്‍ കോമിക് ബുക്ക് ഇറങ്ങുന്നത്. പുതിയ സൂപ്പര്‍മാനും ആണ്‍ സുഹൃത്തും ഒന്നിച്ചിരിക്കുന്നതിന്റെയും ചുംബിക്കുന്നതിന്റെയും ചിത്രം ഡി.സി പുറത്തു വിട്ടിട്ടുണ്ട്.
സൂപ്പര്‍മാന്റെ സ്വഭാവികമായ എല്ലാ പ്രത്യേകതകളും നിലനിര്‍ത്തിയാണ് പുതിയ സാഹചര്യത്തിലേക്ക് കഥ കൊണ്ടു പോകുന്നത് എന്നും ഇത് വലിയ പരിണാമം തന്നെയാണ് എന്നാണ് കഥകൃത്തായ ടോം ടെയ്‌ലര്‍ പറയുന്നത്. നേരത്തെ ബാറ്റ്മാന്‍ സീരിസിലെ റോബിനെ ഇത്തരത്തില്‍ ഡി.സി അവതരിപ്പിച്ചിരുന്നു. ബാറ്റ് വുമണിനെയും ഇത്തരത്തില്‍ ഡി.സി അവതരിപ്പിച്ചിരുന്നു.
അതേസമയം, സ്വവര്‍ഗാനുരാഗിയായി എത്തുന്ന സൂപ്പര്‍മാന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ലഭിക്കുന്നത്. ഈ നിമിഷത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്, ഇത് ചെയ്യാനുള്ള നിങ്ങളുടെ ധൈര്യത്തെ അഭിവാദ്യം ചെയ്യുന്നു, ഈ സൂപ്പര്‍മാനോട് ബഹുമാനമല്ലാതെ മറ്റൊന്നുമില്ല എന്നാണ് ചിലരുടെ ട്വീറ്റുകള്‍.