ഓസ്‌കര്‍ വേദിയിലെ വിവാദമായ കൈയേറ്റത്തിന് പിന്നാലെ നടന്‍ വില്‍ സ്മിത്ത് രാജിവെച്ചു. അക്കാദമി ഓഫ് മോഷന്‍ പിക്ച്ചര്‍ ആര്‍ട്ട്സ് ആന്‍ഡ് സയന്‍സില്‍ നിന്ന് രാജിവെച്ചതായി താരം തന്നെയാണ് അറിയിച്ചത്. ഓസ്‌കര്‍ വേദിയില്‍ വെച്ച് അവതാരകനെ മര്‍ദ്ദിച്ച സംഭവത്തില്‍ അക്കാദമിയുടെ അച്ചടക്കനടപടി ചര്‍ച്ച ചെയ്യാനിരിക്കെയാണ് രാജി പ്രഖ്യാപനം. സംഭവുമായി ബന്ധപ്പെട്ട് ഏത് ശിക്ഷാ വിധിയും സ്വീകരിക്കാന്‍ തയ്യാറാണെന്നും വില്‍ സ്മിത്ത് അറിയിച്ചു.
ഓസ്‌കര്‍ വേദിയിലെ തന്റെ പെരുമാറ്റം മാപ്പ് അര്‍ഹിക്കാത്തതെന്നും അക്കാദമി അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞില്ലെന്നും താരം പറഞ്ഞു. മാത്രമല്ല അവതാരകനെ മര്‍ദ്ദിച്ചതിന് ഏത് ശിക്ഷാ വിധിയും സ്വീകരിക്കാന്‍ താന്‍ സന്നദ്ധനാണെന്നും വില്‍ സ്മിത്ത് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് 94ാമത് ഓസ്‌കര്‍ പ്രഖ്യാപന ചടങ്ങിനിടെ വില്‍ സ്മിത്ത് അവതാരകനായ ക്രിസ് റോക്കിനെ അടിച്ചത്. ആലോപേഷ്യ രോഗ ബാധിതയായ വില്‍ സ്മിത്തിന്റെ ഭാര്യ ജെയ്ഡ പിന്‍കെറ്റിനെ മോശമായി പറഞ്ഞതാണ് വില്‍ സ്മിത്തിനെ പ്രകോപിപ്പിക്കാന്‍ കാരണം. അതേസമയം സ്മിത്തിന്റെ രാജി സ്വീകരിക്കുന്നുവെന്ന് അക്കാദമി ചെയര്‍മാന്‍ അറിയിച്ചു.