ചലച്ചിത്ര നിര്‍മാണക്കമ്പനിയായ പാരമൗണ്ട് പിക്‌ചേഴ്‌സിനെതിരെ ലൈംഗിക ചൂഷണത്തിന് കേസ് നല്‍കി നടീനടന്മാര്‍. തിരിച്ചറിവില്ലാത്ത പ്രായത്തില്‍ നഗ്‌നരായി അഭിനയിക്കേണ്ടി വന്നതിന് ഒലീവിയ ഹസിയും (71), ലിയൊണാഡ് വൈറ്റിംഗും (72) ആണ് കേസ് കൊടുത്തിരിക്കുന്നത്.
ഷേക്സ്പിയറുടെ പ്രശസ്ത നാടകമായ ‘റോമിയോ ആന്‍ഡ് ജൂലിയറ്റ്’ ആധാരമാക്കി 1968-ല്‍ ഇതേ പേരില്‍ തന്നെയാണ് പാരമൗണ്ട് പിക്‌ചേഴ്‌സ് സിനിമ ഒരുക്കിയത്. ലൈംഗിക ചൂഷണത്തിനും ദുരുപയോഗത്തിനും 10 കോടി ഡോളര്‍ (ഏകദേശം 830 കോടി രൂപ) നഷ്ടപരിഹാരം വേണമെന്നാണ് ആവശ്യം.
പ്രായപൂര്‍ത്തിയാകാത്ത കാലത്ത് തങ്ങളുടെ അറിവില്ലാതെയും രഹസ്യമായും പൂര്‍ണമായോ ഭാഗികമായോ നഗ്‌നത ചിത്രീകരിച്ചെന്ന് പരാതിയില്‍ പറയുന്നു. ഇതുമൂലമുണ്ടായ ശാരീരിക, മാനസിക വേദനകള്‍ ഇപ്പോഴും അനുഭവിക്കുകയാണെന്നും പരാതിയിലുണ്ട്.
ഫ്രാങ്കോ സെഫിറെലി സംവിധാനം ചെയ്ത ചിത്രത്തിലൂടെ 50 കോടി ഡോളറിലേറെയാണ് പാരമൗണ്ട് പിക്‌ചേഴ്‌സ് നേടിയത്. രണ്ട് ഓസ്‌കര്‍ ബഹുമതികളും സ്വന്തമാക്കിയിരുന്നു. മികച്ച ഛായാഗ്രഹകന്‍, മികച്ച കോസ്റ്റിയൂം ഡിസൈന്‍ എന്നിവയ്ക്കാണ് അവാര്‍ഡ് നേടിയത്. 2019-ല്‍ അന്തരിച്ചതിനാല്‍ സംവിധായകനെ കേസില്‍ കക്ഷി ചേര്‍ത്തിട്ടില്ല.