പ്രശസ്ത ഹോളിവുഡ് നടന്‍ റസ്സല്‍ ക്രോയെയും കാമുകി ബ്രിട്‌നി തെരിയോട്ടിനെയും മെല്‍ബണിലെ റെസ്‌റ്റോറന്റില്‍ നിന്നും പുറത്താക്കി. മിയാഗി ഫ്യൂഷന്‍ എന്ന റെസ്റ്റോറന്റില്‍ നിന്നാണ് താരങ്ങളെ പുറത്താക്കിയത്. മാന്യമായി വസ്ത്രം ധരിച്ചില്ല എന്നാതാണ് ഇരുവരെയും പുറത്താക്കാന്‍ കാരണം.
ടെന്നീസ് കളിച്ച ശേഷം അതേ വേഷത്തിലാണ് റസ്സല്‍ ക്രോയും ബ്രിട്‌നിയും ഹോട്ടലിലെത്തിയത്. റാല്‍ഫ് ലോറന്‍ പോളോ ഷര്‍ട്ടായിരുന്നു താരത്തിന്റെ വേഷം. ടെന്നീസ് സ്‌കര്‍ട്ട് ആയിരുന്നു ബ്രിട്‌നി അണിഞ്ഞിരുന്നത്. ഈ വേഷത്തില്‍ ഭക്ഷണം കഴിക്കാനന്‍ എത്തിയപ്പോള്‍ ഇരുവര്‍ക്കും പ്രവേശനം നിഷേധിക്കുകയായിരുന്നു.
തങ്ങള്‍ അനുശാസിക്കുന്ന രീതിയിലുള്ള വസ്ത്രമായിരുന്നില്ല ക്രോയും ബ്രിട്‌നിയും ധരിച്ചിരുന്നതെന്ന് റെസ്റ്റോറന്റ് ഉടമ ക്രിസ്റ്റ്യന്‍ ക്ലീന്‍ പിന്നീട് പറഞ്ഞു. ”ഞങ്ങല്‍ എല്ലാവരെയും ഒരേ പോലെയാണ് കാണുന്നത്. നിങ്ങള്‍ ആരാണെങ്കിലും അത് റസ്സല്‍ ക്രോ ആണെങ്കില്‍ പോലും ഞങ്ങള്‍ക്ക് പ്രശ്‌നമില്ല.”
”ഞങ്ങള്‍ക്ക് ഞങ്ങളുടേതായ ഒരു ഡ്രസ് കോഡുണ്ട്. ആളുകള്‍ എങ്ങനെ വസ്ത്രം ധരിക്കണമെന്ന് പഠിപ്പിക്കുകയല്ല. ക്രോയുടെ സ്ഥാനത്ത് ഞാന്‍ ആയിരുന്നെങ്കില്‍ ഒരിക്കലും അത്തരത്തിലൊരു വേഷത്തില്‍ നല്ല റെസ്‌റ്റോറന്റില്‍ പോകുകയില്ല” എന്നാണ് ക്ലീന്‍ പറയുന്നത്.
റസ്സല്‍ ക്രോയെ തന്റെ ജീവനക്കാര്‍ തിരിച്ചറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹോട്ടലില്‍ നിന്ന് പുറത്തുപോയ ക്രോയും ബ്രിട്‌നിയും മറ്റൊരു റെസ്‌റ്റോറന്റില്‍ നിന്നാണ് ഭക്ഷണം കഴിച്ചത്. സംഭവം നടന്നതിന് തൊട്ടുപിന്നാലെ റസ്സല്‍ ക്രോയോടുള്ള ക്ഷമാപണം എന്ന രീതിയില്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.