ആ യാത്രയെ എന്റെ പെരുമാറ്റം കളങ്കപ്പെടുത്തി: അവതാരകനോട് മാപ്പ് ചോദിച്ച് വില്‍സ്മിത്ത്

ഓസ്‌കാര്‍ ദാന ചടങ്ങില്‍ അവതാരകനെ വേദിയില്‍ കയറി മുഖത്തടിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് നടന്‍ വില്‍ സ്മിത്ത്. കഴിഞ്ഞ ദിവസം ക്രിസിന്റെ പേരെടുത്ത് പറയാതെ മാപ്പ് പറഞ്ഞതിന് പിന്നാലെയാണ് ക്രിസിനോട് നേരിട്ടുള്ള മാപ്പ് പറച്ചില്‍. ഞാന്‍ ചെയ്തത് തെറ്റാണെന്നും അതിരു കടന്നു പോയെന്നും പ്രസ്താവനയില്‍ പറയുന്നു.എല്ലാ തരത്തിലുമുള്ള അക്രമണങ്ങളും വിനാശകരമാണ്. കഴിഞ്ഞ രാത്രിയിലെ അക്കാദമി അവാര്‍ഡ് ദാന ചടങ്ങിലെ എന്റെ പെരുമാറ്റം അസ്വീകാര്യവും ക്ഷമിക്കാനാവാത്തതുമാണ്. എന്റെ നേരെയുള്ള തമാശകള്‍ ജോലിയുടെ ഭാഗമാണ്. പക്ഷെ ജാദയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള ഒരു തമാശ എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഞാന്‍ വികാരാധീനനനായി പ്രതികരിച്ചു.

ക്രിസിനോട് ഞാന്‍ പരസ്യമായി മാപ്പ് പറയാനാഗ്രഹിക്കുന്നു, വില്‍ സ്മിത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. നമുക്കെല്ലാവര്‍ക്കും മനോഹരമാവുമായിരുന്ന ഒരു യാത്രയെ എന്റെ പെരുമാറ്റം കളങ്കപ്പെടുത്തിയതില്‍ ഞാന്‍ ഖേദിക്കുന്നെന്നും വില്‍ സ്മിത്ത് പറഞ്ഞു.അതേസമയം അടിയേറ്റ അവതാരകന്‍ ക്രിസ് റോക്ക് പരസ്യ പ്രസ്താവന നടത്തിയിട്ടില്ല. വില്‍ സ്മിതച്തിനെതിരെ പരാതിയും നല്‍കിയിട്ടില്ല.

ഭാര്യയുടെ മുടിയില്ലാത്ത തലയെ കളിയാക്കിക്കൊണ്ടുള്ള അവതാരകന്റെ കമന്റാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്.വില്‍ സ്മിത്തിന്റെ ഭാര്യ ജാദ പിങ്കെറ്റ് വര്‍ഷങ്ങളായി അലോപേഷ്യ രോഗിയാണ്. തലമുടി അപ്പാടെ കൊഴിഞ്ഞു പോവുന്ന അവസ്ഥയാണിത്.അവര്‍ മുമ്പ് തന്റെ ഈ ആരോഗ്യ പ്രശ്നത്തെക്കുറിച്ച് തുറന്നു പറഞ്ഞിരുന്നു.