ദുല്‍ഖറിനെ അറിയില്ലായിരുന്നുവെന്ന് നേഹ ശര്‍മ്മ

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലഭിനയിച്ച് മലയാളിയുടെ പ്രീയനായികയായി മാറിയ നേഹ ശര്‍മ്മയ്ക്ക് ദുല്‍ഖറിനെ അറിയില്ലായിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ദുല്‍ഖറിനൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടും വരെ അദ്ദേഹത്തെ അറിയില്ലായിരുന്നുവെന്നാണ് നേഹ പറഞ്ഞത്. അദ്ദേഹത്തെക്കുറിച്ച് യാതൊരു ധാരണയുമുണ്ടായിരുന്നില്ല. ദുല്‍ഖര്‍ സല്‍മാന്‍ എന്ന നായകന്‍ ആരാണെന്ന് അറിയാന്‍ വിക്കിപീഡിയയില്‍ തിരഞ്ഞുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നേഹ നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്.

ദുല്‍ഖറിന്റെ നായികയായ അക്ഷരയായി മിന്നുന്ന പ്രകടനമാണ് നേഹ കാഴ്ച വച്ചത്. മലയാളത്തിന് പുറമെ സോളോയുടെ തെലുങ്ക് പതിപ്പിലും അക്ഷരയെ അവതരിപ്പിച്ചത് നേഹ തന്നെയായിരുന്നു. ദുല്‍ഖര്‍ എത്രമാത്രം വലിയ താരമാണ് എന്ന് എനിക്കറിയില്ലായിരുന്നു. എന്റേതായ ഒരു ചിപ്പിയില്‍ കഴിയുകയായിരുന്നു ഞാന്‍. അതുകൊണ്ട് തന്നെ ആര്‍ക്കൊപ്പമാണ് അഭിനയിക്കുന്നത് എന്ന് അറിയില്ലായിരുന്നു. ഷൂട്ടിങ് തുടങ്ങിയപ്പോഴാണ് അത് തെന്നിന്ത്യയിലെ വലിയ ഒരു നടനാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. സത്യത്തില്‍ ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് ദുല്‍ഖര്‍ ആരാണെന്ന് അറിയാന്‍ വേണ്ടി ഞാന്‍ വിക്കിപീഡിയയില്‍ തിരയുക വരെ ചെയ്തിരുന്നുവെന്നാണ് അഭിമുഖത്തില്‍ നേഹ പറഞ്ഞത്.

നല്ലൊരു പ്രൊഫഷണലാണ് ദുല്‍ഖര്‍. പറയുന്നത് ക്ലീഷേയാണെങ്കിലും അദ്ദേഹത്തിനൊപ്പം ഒപ്പം ജോലി ചെയ്യുക എന്നത് മികച്ചൊരു അനുഭവമാണ്. തന്റെ തൊഴിലിനോട് അങ്ങേയറ്റത്തെ അഭിനിവേശമുള്ളയാളാണ് ദുല്‍ഖര്‍-നേഹ ശര്‍മ പറഞ്ഞു.