'മെക്കിൽ ഒരു പെണ്ണ് വന്നാൽ അതൊരാവേശമാണ്'...

ശ്യാം കാങ്കാലില്‍

നവാഗതനായ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന കോമഡി യൂത്ത് എന്റർട്രെയ്നർ ക്യാമ്പസ് ചിത്രമാണ് ക്വീൻ. പുതുമുഖ താരങ്ങളെ അണിനിരത്തി ഒരുക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. ചിത്രത്തിൻറെ കഥ ജെബിൻ ജോസഫ് ആന്റണിയുടെയും ഷാരിസ് മുഹമ്മദിന്റേയുമാണ്. ജേക്സ് ബിജോയ് ആണ് സംഗീതം നൽകിയിരിക്കുന്നത്. ക്വീൻ സിനിമയുടെ കൂടുതൽ വിശേഷങ്ങൾ സംവിധായകൻ ഡിജോ ജോസ് ആന്റണി സൗത്ത് ലൈവുമായി പങ്കുവെയ്ക്കുന്നു…

എല്ലാ എന്‍ജിനീയറിംഗ് കോളേജുകളിലും മെക്കാനികൽ ഡിപ്പാര്‍ട്ട്മെന്‍റെ ഒരു ഹരമാണ് !

അതെ, മെക്കിൽ ഒരു പെണ്ണ് വരുന്നു എന്ന് പറഞ്ഞാൽ എല്ലാവർക്കും ഒരാവേശമാണ്. ബാക്കി എല്ലാ ബാച്ചുകളിലും പെൺകുട്ടികൾ ഒരുപാട് കാണും. എന്നാൽ മെക്കാനിക്കൽ തെരഞ്ഞെടുക്കാൻ ആൺകുട്ടികളെ കാണൂ. മെക്കാനിക്കൽ തേടിയെത്തുന്ന കൂട്ടുകാരിയുടെ കഥയാണ് സിനിമ പറയുന്നത്. ക്യാമ്പസിലെ പ്രണയവും സൗഹൃദവും എല്ലാം ഇഴുകിച്ചേർന്ന ഒരു ക്യാമ്പസ് യൂത്ത് എന്റർട്രെയ്നർ തന്നെയാണ് സിനിമ.

സിനിമ ഓണത്തിന് റിലീസ് ചെയ്യുമെന്നാരുന്നല്ലോ ആദ്യം പറഞ്ഞിരുന്നത്?

അതെ, പക്ഷെ എന്റെ ആദ്യ സിനിമ ആയതുകൊണ്ടും ചില സാങ്കേതിക കാരണങ്ങൾ കൊണ്ടും ഷൂട്ട് തീർക്കാൻ പറ്റിയില്ല. പിന്നെ അൽപ്പം സാമ്പത്തിക ബുദ്ധിമുട്ടുകൾ ഇടയ്ക്ക് വന്നതോടുകൂടി ജനുവരിയിലേക്ക് മാറ്റുകയായിരുന്നു. പിന്നെ തൃപ്തി വരുന്നത് വരെ ഡബ്ബിങ്ങും എഡിറ്റിങ്ങും എല്ലാം വീണ്ടും പരിശോധിച്ചു. പുതുമുഖങ്ങൾ ആയതുകൊണ്ട് ഉള്ളിൽ ഒരു ആശങ്കയുണ്ടായിരുന്നു പിന്നെ ട്രെയ്‌ലർ ജനങ്ങൾ ഏറ്റെടുത്തപ്പോൾ വളരെ ആത്മവിശ്വാസം ലഭിച്ചു.

ആദ്യ സിനിമയിൽ മുഴുവൻ പുതുമുഖങ്ങളെ അണിനിരത്തിയതിന്റെ കാരണം ?

തുടക്കക്കാരൻ ആയത്കൊണ്ട് നിർമിക്കാൻ ഒരുപാട് പേരെ സമീപിച്ചെങ്കിലും ആദ്യം എന്നെ വെച്ച് ഒരു പരീക്ഷണം നടത്താൻ ആരും തയ്യാറായിരുന്നില്ല. ഒടുവിൽ രണ്ടു പേർ സന്നദ്ധതയറിയിച്ചു. പൂർണ്ണ പിന്തുണയും നൽകി. അങ്ങനെയാണ് എന്റെ സ്വപ്നങ്ങൾക്ക് ചിറകുമുളച്ചത്. സിനിമയിലെ ഭൂരിഭാഗം ആളുകളെയും ഓഡിഷൻ ചെയ്താണ് എടുത്തത്. കഥാപാത്രങ്ങളെ എല്ലാം വ്യത്യസ്തമായി മികച്ച രീതിയിൽ അവതരിപ്പിക്കാൻ ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്.

സിനിമയുടെ കഥ വന്ന വഴി ?

സിനിമയുടെ ടൈറ്റിലിനോട് യോജിക്കുന്ന ഒരു കണ്ടെന്റ് ഉണ്ട്. അതിലേക്കാണ് സിനിമ ചെന്നെത്തുന്നത്. പാറ്റൂർ ശ്രീ ബുദ്ധ എൻജിനീയറിങ് കോളേജിന്റെ ഒരു പരിപാടിക്കിടെ എടുത്ത ഒരു ചിത്രമാണ് സിനിമയുടെ ആശയത്തിലേക്ക് എത്തിച്ചത്. ആ ഫോട്ടോയുടെ ക്യാപ്‌ഷൻ ഇങ്ങനെയായിരുന്നു;- “”121 ആങ്ങളമാർക്ക് ഒരു പെങ്ങൾ”. അതാണ് എന്നെ ഈ സിനിമയിലേക്കെത്തിച്ചത്.

സീനിയർ ആർട്ടിസ്റ്റുകൾ ?

വിജയരാഘവൻ, മനോജ് ഗിന്നസ്, സേതുലക്ഷ്മി വിനോദ് കെടാമംഗലം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. സാറേ…. എന്ന് തുടങ്ങുന്ന ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

നായകനിലേക്കുള്ള ദൂരം?

എനിക്കും പണ്ട് അഭിനയ മോഹം ഒക്കെ ഉണ്ടായിരുന്നു. അങ്ങനെയാണ് ഞാനും സിനിമയിലെ നായകൻ ദ്രുവനും തമ്മിൽ പരിചയപ്പെടുന്നത്. അവൻ നായകനായി അഭിനയിച്ച ഒരു ഷോർട്ട് ഫിലിമിൽ ഞാൻ വില്ലനായിരുന്നു, പക്ഷെ ഭാഗ്യദോഷം കൊണ്ട് ആ ചിത്രം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.

പിന്നീട് എനിക്ക് അവസരങ്ങൾ ഒത്തുവന്നതുമില്ല, അവനും. പിന്നെ ഞങ്ങൾ തമ്മിൽ കാണുന്നത് ഓഡിഷൻ സമയത്താണ്. അവിടെ ഞങ്ങൾ തമ്മിൽ കാണുമ്പോൾ ഞാൻ സംവിധായകന്‍  ആണെന്ന് ദ്രുവന് അറിയില്ലാരുന്നു. എന്നെ കണ്ടപാടെ അവൻ വന്നു ചോദിച്ചു, ആഹാ നീയെന്താ അളിയാ ഇവിടെ ? ഓ ചുമ്മാ ഇങ്ങനൊക്കെയെന്ന് ഞാനും പറഞ്ഞു. പിന്നീടാണ് അവൻ ഞാനാണ് സിനിമയയുടെ ഡയറക്ടർ എന്നറിയുന്നത്. അതൊരു നല്ല അനുഭവമായിരുന്നു.

സിനിമയുടെ മറ്റ് വിശേഷങ്ങൾ…

Read more

ക്യാമ്പസിൽ തുടങ്ങി രണ്ടാം പകുതിയിൽ വ്യത്യസ്തമായ മറ്റൊരു തലത്തിലേക്കാണ് സിനിമ സഞ്ചരിക്കുന്നത്. നല്ലൊരു കോമഡി-ക്യാമ്പസ് ചിത്രമാണ്. സാനിയ എന്ന പുതുമുഖ താരമാണ് നായികാ വേഷത്തിലെത്തുന്നത്. വലിയ പ്രതീക്ഷകൾ വെക്കാതെ ഒരു മുന്‍വിധിയില്ലാതെ എല്ലാവരും സിനിമ പോയി കാണണം, എല്ലാവർക്കും ഇഷ്ട്ടപ്പെടുമെന്നാണ് കരുതുന്നത്.