സിനിമാ പ്രമോഷനായി പോസ്റ്റര്‍ ഒട്ടിക്കല്‍ ചാലഞ്ച് ഏറ്റെടുത്ത അനൂപ് മേനോന്റെയും സംവിധായകന്റെയും താരങ്ങളുടെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ’21 ഗ്രാംസ്’ എന്ന സസ്‌പെന്‍സ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ് നാളെ തിയേറ്ററുകളില്‍ എത്തുന്നത്. നവാഗതനായ ബിബിന്‍ കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഫ്രണ്ട് റോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.എന്‍ റിനീഷ് ആണ് നിര്‍മ്മിക്കുന്നത്.
ഐടി മേഖലയില്‍ നിന്നും സിനിമയിലേക്കെത്തിയ സംവിധായകനാണ് ബിബിന്‍ കൃഷ്ണ. ചിത്രത്തിനായുള്ള ആദ്യത്തെ ചോയിസ് അനൂപ് മേനോന്‍ തന്നെയാണ് എന്നാണ് ബിബിന്‍ പറയുന്നത്. ഒരുപാട് കൊലപാതകങ്ങളെ കുറിച്ച് പറയുന്ന മിസ്റ്ററി ത്രില്ലര്‍ ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് ബിബിന്‍ കൃഷ്ണ സൗത്ത്‌ലൈവുമായി പങ്കുവയ്ക്കുന്നത്…
സിനിമയിലേക്ക് വന്നത്:
നാലഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സിനിമയുടെ ഫസ്റ്റ് ഹാഫ് ഒക്കെ എഴുതിയത്. സിനിമാ ഇന്‍ഡസ്ട്രിയിലുള്ള ഒരാളല്ല ഞാന്‍. ബാഗ്ലൂരില്‍ ഐടി ഫേമില്‍ വര്‍ക്ക് ചെയ്യുന്ന ഒരാളാണ്. ഒരുപാട് ഷോര്‍ട്ട് ഫിലിംസ് ഒക്കെ ചെയ്തിട്ടുണ്ട്. ഒന്നു രണ്ട് വര്‍ഷം മെല്‍ബണില്‍ ഉണ്ടായിരുന്നപ്പോള്‍ കുറേ സമയം ഉണ്ടായിരുന്നു. എഴുതി വച്ച ഒരു ഷോര്‍ട്ട് ഫിലിമിന്റെ സ്‌ക്രിപ്റ്റ് ഡീറ്റെയ്ല്‍ഡ് ആക്കിയപ്പോള്‍ സിനിമയായി ഡവലപ് ചെയ്ത് വന്നതാണ്. സ്‌ക്രിപ്റ്റ് നാലഞ്ച് ഡ്രാഫ്റ്റ് ആയി വളരെ നല്ലൊരു വേര്‍ഷന്‍ ആയെന്ന് തോന്നിയപ്പോള്‍ ബാഗ്ലൂരില്‍ നിന്നും കൊച്ചിയില്‍ വന്നതാണ്.
ആദ്യത്തെ ചോയിസ്:
എല്ലാവരുടെയും ആദ്യത്തെ ആഗ്രഹം മോഹന്‍ലാലും മമ്മൂട്ടിയും ആയിരിക്കും, പക്ഷെ നവാഗതര്‍ എന്ന് പറയുമ്പോള്‍ അത് നമുക്ക് അപ്രാപ്യമാണല്ലോ.. പക്ഷെ അത് കഴിഞ്ഞാല്‍ എന്റെ പ്രധാനപ്പെട്ട ചോയിസ് അനൂപേട്ടന്‍ തന്നെയായിരുന്നു. ഞാന്‍ ആദ്യം തന്നെ അപ്രോച്ച് ചെയ്തത് അനൂപേട്ടനെ തന്നെയായിരുന്നു.
ലൊക്കേഷന്‍ അനുഭവങ്ങള്‍:
ഭയങ്കര രസകരമായിരുന്നു. അനൂപേട്ടന്‍ ജോളിയാണ്, തമാശയാണ്.. അവരുടെ കൂടെ അവരുടെ ആളായിട്ട് അനൂപേട്ടന്‍ ഉണ്ടാകും. നവാഗതനായതു കൊണ്ട് എന്തെങ്കിലും ഒരു കണ്‍ഫ്യൂഷന്‍ വന്നാല്‍ സപ്പോര്‍ട്ട് ചെയ്യാനായി അനൂപേട്ടന്‍ ഉണ്ടാകും. എന്തും പോയി ഡിസ്‌കസ് ചെയ്യാം. എല്ലാ ദിവസവും രാവിലെ കാരവാനില്‍ ഇരിക്കുമ്പോള്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും ക്യാരക്ടറൈസഷന്‍ ചര്‍ച്ച ചെയ്യാനുമൊക്കെ കഴിയും. വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു അനൂപേട്ടനൊപ്പം.
കാസ്റ്റിംഗ്:
ഈ സിനിമ ഡിമാന്‍ഡ് ചെയ്യുന്നതും കൊണ്ടാണ് ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ വരുന്നത്. കാരണം ചെറുതും വലുമായ എല്ലാ കഥാപാത്രങ്ങള്‍ക്കും ശക്തമായ ഒരു ബാക്ക് സ്റ്റോറിയുണ്ട്. സ്‌ക്രീന്‍ സ്‌പേസ് ചിലപ്പോള്‍ വലുതായിരിക്കും ചെറുതായിരിക്കും എങ്കിലും എല്ലാ കഥാപാത്രങ്ങളും പ്രധാനപ്പെട്ടതാണ്. ചിലപ്പോള്‍ ഒരു സീനേ ഉണ്ടാവുകയുള്ളു. എന്നാല്‍ അത് ചെയ്യുന്നത് അത്രയും പ്രധാനപ്പെട്ട ആളായിരിക്കണം. കാരണം ഇതൊരു ഇന്‍സ്റ്റിഗേഷന്‍ സ്റ്റോറിയാണ്. സസ്‌പെന്‍സ് ആണ്. അപ്പോള്‍ പ്രേക്ഷകര്‍ ആ കഥാപാത്രത്തെ കണ്ടിട്ടും താരമൂല്യം കണ്ടിട്ടും ഗസ് ചെയ്യാന്‍ പാടില്ല.
21 ഗ്രാംസ് എന്ന പേര്:
21 ഗ്രാംസ് എന്ന് പറഞ്ഞാല്‍ ഒരാള് മരിക്കുമ്പോള്‍ അയാളുടെ ശരീരത്തില്‍ നിന്നും നഷ്ടമാകുന്ന തൂക്കമാണ് എന്നൊക്കെയാണ് 21 ഗ്രാംസ് എക്‌സ്പിരിമെന്റ് പറയുന്നത്. അത് സത്യമാണോ സയന്റിഫിക്കലി പ്രൂവണ്‍ ആണോയെന്ന് അറിയില്ല. പക്ഷെ ഒരു മരണവും ആത്മാവ് നഷ്ടപ്പെടലും ഒക്കെയാണല്ലോ 21 ഗ്രാംസ്. സിനിമയിലും ഒരുപാട് കൊലപാതകങ്ങളെ കുറിച്ചാണ് പറയുന്നത്. വളരെ നിഗൂഢമായ മിസ്റ്ററി മോഡിലാണ് പടം പറയുന്നത്. ഒരാള് മരിക്കുമ്പോള്‍ അയാളുടെ ശരീരത്തില്‍ നിന്നും 21 ഗ്രാം നഷ്ടമാകുന്നു എന്ന് പറയുന്നത് എനിക്ക് ഒരു മിസ്റ്റീരിയസ് മൂഡ് ആണ്. അതാണ് നമ്മുടെ പടത്തിലും ഉള്ളത്.
പ്രതീക്ഷ:
ട്രാഫിക് സിനിമയ്ക്ക് ശേഷം അനൂപേട്ടന്‍ ചെയ്ത ബെസ്റ്റ് പെര്‍ഫോമന്‍സില്‍ ഒന്നായിരിക്കും 21 ഗ്രാംസിലേത്. കഴിഞ്ഞ ഒരു അഞ്ച് വര്‍ഷത്തിനിടയ്ക്ക് ഇറങ്ങിയ, അഞ്ചാം പാതിരയ്ക്ക് ശേഷം ഇറങ്ങിയ ബെസ്റ്റ് ഇന്‍വെസ്റ്റിഗേഷന്‍ സസ്‌പെന്‍സ് ത്രില്ലര്‍ ആയിരിക്കും സിനിമ എന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
പോസ്റ്റര്‍ ചലഞ്ച്:
പ്രമോഷന്‍ ഷൂട്ടിന്റെ ഇയ്‌ക്കൊക്കെ സിനിമയെ കുറിച്ച് തന്നെ ചര്‍ച്ച ചെയ്ത്, എല്ലാവരും ഭയങ്കര എക്‌സൈറ്റഡ് ആയിരുന്നു. അതിന് ശേഷം എക്‌സൈറ്റ് കൂടി പാതിരാത്രി ഉറക്കം വരുന്നില്ലെന്ന് പറഞ്ഞ് ചാടി പുറപ്പിട്ട് പോസ്റ്റര്‍ ഒട്ടിക്കാന്‍ പോയതാണ്. ഒട്ടിച്ചു കഴിഞ്ഞപ്പോള്‍ അവന്‍ നമ്മള്‍ക്കിട്ട് പണിതാണ്. കാരണം അവന്‍ വിചാരിച്ചില്ല നമ്മളൊക്കെ പോസ്റ്റര്‍ പോയി ഒട്ടിക്കുമെന്ന്. ആരെങ്കിലും ഒരാള് ഒട്ടിക്കട്ടെ എന്ന രീതിയില്‍ തമാശയ്ക്ക് അവന്‍ ചാലഞ്ച് ചെയ്തതാണ്. ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് പാതിരാത്രി പനമ്പിള്ളി നഗറില്‍ പോയി ഒട്ടിച്ചു. രസമായിരുന്നു. ഈ ഒരു ഫണ്‍ തന്നെയാണ് സെറ്റിലും ഉണ്ടായിരുന്നത്.
വ്യത്യസ്തത:
അഞ്ചാം പാതിര പോലുള്ള സിനിമകളില്‍ ആരാണ് കില്ലര്‍ എന്ന് റിവീല്‍ ചെയ്യുമ്പോള്‍ നമ്മള്‍ ആ സിനിമയില്‍ ഇതിന് മുമ്പ് കണ്ടിട്ടുണ്ടാവില്ല. അയാള്‍ ആരാണെന്നും എന്തിന് ചെയ്തുവെന്നുമുള്ള ബാക്ക് സ്റ്റോറി പിന്നെ നമ്മള് പറയുകയാണ് ചെയ്യുന്നത്. മെമ്മറീസ് ആണെങ്കിലും, രാക്ഷസന്‍ ആണെങ്കിലും അഞ്ചാം പാതിര ആണെങ്കിലും ആ ഒരു പാറ്റേണ്‍ ആണ് ഫോളോ ചെയ്യുന്നത്. ഇതിലുള്ള വ്യത്യസ്തത, ഇത് സിബിഐ സീരിസിനോടൊക്കെ ചേര്‍ത്ത് വായിക്കാന്‍ പറ്റുന്നതാണ്. ഈ പ്ലോട്ടില്‍ നമ്മള്‍ കണ്ടു കൊണ്ടിരിക്കുന്ന ഒരാളെ തന്നെയാണ് നമ്മള്‍ അന്വേഷിക്കുന്നത്. അയാള്‍ ആരാണെന്ന് അറിഞ്ഞു കഴിഞ്ഞാല്‍ അയാള്‍ ഇത് എന്തിന് ചെയ്തു എന്ന എക്‌സ്പ്ലനേഷനൊന്നും നമുക്ക് ആവശ്യമില്ല. ലാസ്റ്റ് സീനില്‍ കൊണ്ടുപോയി നിര്‍ത്തിയാലും നിങ്ങള്‍ക്ക് മനസിലാകും ഓ അവനായിരുന്നു, മിസ് ചെയ്തു പോയല്ലോ എന്ന്. അതിലുള്ള റിസ്‌ക്കും ത്രില്ലുമാണ് നമ്മള്‍ പറയുന്നത്.
രസകരമായ അനുഭവം:
ലിയോണ ഉറങ്ങുമ്പോള്‍ വിവേക് വന്ന് തട്ടി വിളിക്കുന്ന ഒരു സീനുണ്ടായിരുന്നു. ഒരു റൂമില്‍ നിന്നും ക്യാമറ അവനെ ഫോളോ ചെയ്ത് വരണം. ലിയോണയോട് ഉറങ്ങുന്ന പോലെ കിടക്കാന്‍ പറഞ്ഞു. അഞ്ചെട്ട് റീടേക്ക് കഴിഞ്ഞിട്ടാണ് ഈ സീന്‍ ഓക്കെയാകുന്നത്. ഒരു റൂമില്‍ നിന്നും അവന്റെ പുറകെ ക്യാമറയുമായി വന്നപ്പോള്‍ ലിയോണ ശരിക്കും ഉറങ്ങിപ്പോയിരുന്നു. ലിയോണയെ തട്ടി വിളിക്കുന്നത് ലൈവ് ആയിട്ട് തന്നെ ഷൂട്ട് ചെയ്തതാണ്. അവള് കണ്ണ് തുറന്നു നോക്കുമ്പോള്‍ പത്തിരുപത് ക്യാമറകളും ആളുകളുമായി നില്‍ക്കുന്നു.
പുതിയ പ്രൊജക്ട്:
പുതിയ കഥ എഴതുന്നുണ്ട്. മമ്മൂട്ടിയെയും മോഹന്‍ലിനെയും വച്ച് സിനിമകള്‍ എഴുതുന്നുണ്ട്.