അനൂപേട്ടന്റെ ബ്രില്യന്റ് സ്‌ക്രിപ്റ്റ് ആണ്.. പൊളിറ്റിക്‌സ് ഇഷ്ടമല്ലാത്തവര്‍ക്കും 'വരാല്‍' ഇഷ്ടപ്പെടും: കണ്ണന്‍ താമരക്കുളം

‘ഇത്ര കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം മുമ്പ് ഉണ്ടായിട്ടില്ല..’, വരാല്‍ സിനിമയുടെ ട്രെയ്‌ലറില്‍ പറയുന്ന വാചകമാണിത്. വീണ്ടുമൊരു പൊളിട്ടിക്കല്‍ ത്രില്ലറുമായി സംവിധായകന്‍ കണ്ണന്‍ താമരക്കുളം എത്തുകയാണ്. അനൂപ് മേനോനും പ്രകാശ് രാജും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന സിനിമ ഒട്‌കോബര്‍ 14ന് തിയേറ്ററുകളില്‍ എത്തുകയാണ്. അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് എന്നതും സിനിമയുടെ ഹൈലൈറ്റ് ആണ്. സിനിമയുടെ വിശേഷങ്ങളും പ്രതീക്ഷകളും സൗത്ത്‌ലൈവുമായുള്ള അഭിമുഖത്തില്‍ പങ്കുവച്ചിരിക്കുകയാണ് സംവിധായകന്‍ കണ്ണന്‍ താമരക്കുളം.

  • എങ്ങനെയാണ് ‘വരാല്‍’ എന്ന സിനിമയിലേക്ക് എത്തുന്നത്?

വരാല്‍ സിനിമയുടെ സബ്ജക്ട് രണ്ടര വര്‍ഷം മുമ്പ് അനൂപേട്ടന്‍ എന്റെയടുത്ത് പറഞ്ഞതാണ്. അപ്പോഴത്തെ പൊളിട്ടിക്‌സും സംഭവങ്ങളും വച്ച് അന്ന് വേറെ ഒരു വേര്‍ഷന്‍ ആയിരുന്നു. അത് പറഞ്ഞതിന് ശേഷം ഒരു പ്ലാനിംഗ് നടന്നു. പിന്നെ ഞാന്‍ ഒന്നു രണ്ട് പടങ്ങളുടെ പിന്നാലെയായി. അര്‍ജുന്‍ സാറിനെ വച്ച് ചെയ്യുന്ന ‘വിരുന്ന്’ പടം ചെയ്യുന്നുണ്ടായിരുന്നു. അതിന്റെ ഷൂട്ടിലേക്കും പ്രോജക്ടിലേക്കും പോയി. പടം ഷെഡ്യൂള്‍ ആയി പിന്നീട് മൂന്ന് മാസത്തിന് ശേഷമേ ഷൂട്ട് ഉള്ളു. ഈ സമയത്ത് അനൂപ് ഈ സബ്ജക്ട് ടോം ആഡ്‌സിന്റെ സെബാസ്റ്റിയന്‍ സാറിനോട് പറഞ്ഞു. സെബാസ്റ്റ്യന്‍ സാറ് ‘ട്രിവാന്‍ഡ്രം ലോഡ്ജി’ന് ശേഷം വേറെ ഒരു സിനിമ ചെയ്യാന്‍ സബ്ജക്ടുകള്‍ കേള്‍ക്കുന്നുണ്ടായായിരുന്നു.

അനൂപേട്ടന്‍ ഈ സബ്ജക്ട് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് ഭയങ്കരമായിട്ട് ഇഷ്ടപ്പെടുകയും ഇപ്പോ തന്നെയാണ് ഇത് ചെയ്യണ്ടതെന്നും പറഞ്ഞ് ഈ സിനിമ ലോഞ്ച് ചെയ്യുകയായിരുന്നു. ആദ്യം മെയിന്‍ ക്യാരക്ടര്‍ പ്രകാശ് രാജിനെ പോലെ ഒരാള്‍ വേണം എന്ന് തോന്നി പ്രകാശ് രാജ് സാറിനെ തന്നെയാണ് വിളിച്ചത്. പുള്ളി ആണെങ്കില്‍ ഇന്ത്യയില്‍ മൊത്തം എല്ലാ ഭാഷയിലും ഓടി നടന്ന് അഭിനയിക്കുന്ന കാരണം നമുക്ക് ഇത്രയും ഡേറ്റുകള്‍ കിട്ടുമോ എന്നുള്ള സംശയം ഉണ്ടായിരുന്നു. പക്ഷെ വിളിച്ചപ്പോള്‍, ഫോണിലൂടെ ഞാന്‍ ജസ്റ്റ് എലമെന്റ് പറഞ്ഞു. അടുത്ത മാസം തന്നെ ചെയ്യാമെന്ന് പറഞ്ഞിട്ട് അങ്ങനെയാണ് വരാലിലേക്ക് ലോഞ്ച് ചെയ്തത്.

May be an image of 6 people, beard and text that says "TIME ADS KNA വരാൽ PROVAZHOOR P.A. SEBASTIAN SEBASTIANPRESENTS PRESENTS DIRECTED KANNAN PRODUCED BY P.A. SEBASTIAN WRITTEN ANOOP MENON MUSIC GOPISUNDER PROJECT DESIGNER BADUSHA N.M CHANDRAN PRAKASH ARGHESE PERUMPILLY EDITORA HILASH KHAN STANLEY STEPHEN"

  • അനൂപ് മേനോന്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്.. എങ്ങനെ ആയിരുന്നു നടനുമായുള്ള കോംമ്പിനേഷന്‍?

എന്റെ കൂടെ അനൂപേട്ടന്‍ നാല് പടങ്ങളില്‍ സഹകരിച്ചിട്ടുണ്ട്. മാനസികമായി അടുപ്പമുള്ള സുഹൃത്ത് കൂടിയാണ്. സിനിമ അല്ലെങ്കില്‍ പോലും സമൂഹത്തില്‍ നടക്കുന്ന എല്ലാ കാര്യങ്ങളെ കുറിച്ചും ഞങ്ങള്‍ സംസാരിക്കാറുണ്ട്. പല പല സബ്ജക്ടുകള്‍ ഡിസ്‌കസ് ചെയ്യാറുണ്ട്. മാനസികമായിട്ട് ഒരു ഐക്യമുണ്ട്. അങ്ങോട്ടും ഇങ്ങോട്ടും ഒരു വിശ്വാസമുണ്ട്. അനൂപേട്ടന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണിത്. പുള്ളീടെ ഏറ്റവും കൊമേഷ്യല്‍ ആയിട്ടുള്ള സിനിമയാണിത്.

  • വരാലിന് മുമ്പ് തിയേറ്ററുകളില്‍ എത്തിയത് ‘വിധി’ ആയിരുന്നു.. കോടതിയില്‍ വരെ എത്തി കേസ് ആയി.. ഇപ്പോള്‍ പറയാന്‍ പോകുന്നത് അതുപോലെ തന്നെ ഒരു സോഷ്യല്‍ ഇഷ്യൂ ആയ സബ്ജക്ട്.. സ്വര്‍ണ കേസ്… എന്തൊക്കെ വെല്ലുവിളികള്‍ ഉണ്ടായി?

‘വിധി’ എന്ന് പറഞ്ഞ സിനിമയ്ക്ക് മൂന്ന് വര്‍ഷത്തോളം കേസ് പറയേണ്ടി വന്നു. റിലീസ് ആയപ്പോ തന്നെ ഒരുപാട ലേറ്റ് ആയിപ്പോയി. ഈ സിനിമയെ സംബന്ധിച്ച് നമുക്ക് അങ്ങനെ ഒരു.. ഇപ്പോ ‘പട്ടാഭിരാമന്‍’ ആയാലും റിലീസ് ആയപ്പോ ഒരുപാട് വിഷയങ്ങളും സംഭവങ്ങളും ഒക്കെ ആയതാണ്. അങ്ങനെ കേസ് വരുമെന്നോ അങ്ങനെയുള്ള പേടിയോ സംഭവമോ അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല. ഇതിനകത്ത് ഇന്നത്തെ നമ്മുടെ ഇന്ത്യന്‍ രാഷ്ട്രീയത്തിലും കേരള രാഷ്ട്രീയത്തിലും നടക്കുന്ന ചില സംഭവങ്ങള്‍ വളരെ ഓപ്പണ്‍ ആയി തന്നെ ചിത്രീകരിച്ചിട്ടുണ്ട്. അതായത് നമ്മള്‍ പുറത്തു കാണുന്ന ന്യൂസ് അല്ല അതിനുള്ളില്‍ വേറൊരു ന്യൂസ് ഉണ്ടാകുമല്ലോ? പൊളിട്ടിക്‌സിന് അകത്തുള്ള പ്ലേ ആണിത്. സ്വര്‍ണക്കടത്ത് എന്ന് പറയുന്ന സംഭവമല്ല ഇതിന്റെ എലമെന്റ്. പൊളിട്ടിക്‌സില്‍ അകത്തുള്ള പ്ലേ ആണ്.

സ്വര്‍ണക്കേസ് നമ്മുടെ പൊളിട്ടിക്‌സിന് അകത്ത് നടന്നൊരു വിഷയമാണല്ലോ.. അത്രേയുള്ളൂ.. അല്ലാതെ അതിലേക്ക് മാത്രം ഫോക്കസ് ചെയ്തിട്ടുള്ള ഒരു കണ്ടന്റ് അല്ല. മെയിന്‍ കണ്ടന്റ് അതല്ല മറ്റൊന്നാണ്. ജനങ്ങള്‍ പുറത്ത് അറിയാതെയിരുന്ന റിയല്‍ ആയിട്ട് നടന്ന ഒരു സംഭവത്തിന്റെ പിന്നില്‍ നടന്ന ഒരു കഥായാണിത്.

സിനിമയ്‌ക്കെതിരെ വെല്ലുവിളികള്‍ ഒന്നുമുണ്ടായില്ല. പലരും വിളിച്ചിട്ട് എന്താണ് ഇതിന്റെ സബ്ജക്ട്? എന്താണ് ഇതില്‍ പറയുന്നത്? ഏതെങ്കിലും സമുദായത്തിനോ പാര്‍ട്ടിക്കോ അനുകൂലമാണോ? അങ്ങനെയൊക്കെ ചോദിച്ചിട്ടുണ്ട് എന്നുള്ളത് അല്ലാതെ വേറെയൊന്നുമില്ല. വിളിച്ച് ചോദിച്ചതൊക്കെ സൗഹൃദവലയത്തില്‍പെട്ട രാഷ്ട്രീയക്കാരാണ്.

  • പ്രകാശ് രാജും മറ്റ് താരങ്ങളും എങ്ങനെയാണ് സിനിമയുടെ ഭാഗമാകുന്നത്? എങ്ങനെയായിരുന്നു കാസ്റ്റിംഗ്?

ഇത് വലിയൊരു താരനിരയുള്ള സിനിമയാണ്. ‘ട്വന്റി20’ക്ക് ശേഷം അറുപതോളം മെയിന്‍ സ്ട്രീം ആര്‍ട്ടിസ്റ്റുകള്‍ ഒരുമിച്ച് വരുന്നൊരു സിനിമയാണ്. ഓപ്ഷന്‍ എ ആയിരുന്നു ഇത്രയും ആര്‍ട്ടിസ്റ്റുകളെ വച്ചിട്ട് സിനിമ ചെയ്യുക എന്നത്. ആള്‍ക്കൂട്ടമല്ല, എല്ലാ ക്യാരക്ടേഴ്‌സിനും അതിന്റെതായ ഐഡന്റിറ്റിയുണ്ട്. സ്‌ക്രീന്‍ സ്‌പേസ് കുറവുള്ളവര്‍ക്കും കൂടുതല്‍ ഉള്ളവര്‍ക്കുമെല്ലാം പ്രധാന്യമുണ്ട്. കഥ പറയാന്‍ ഇതില്‍ ഇത്രയും ക്യാരക്ടേഴ്‌സ് വേണമായിരുന്നു.

സെബാസ്റ്റ്യന്‍ സാറ് തന്നെയാണ് ഈ പടം വലിയ ക്യാന്‍വാസില്‍ ഈ രീതിയില്‍ ചെയ്യാന്‍ നമുക്ക് സഹായമായത്. കാരണം നമ്മള്‍ പ്ലാന്‍ എയും, പ്ലാന്‍ബിയും പറഞ്ഞു. ഈ ആളെ വച്ചും ചെയ്യാം അല്ലെങ്കില്‍ വേറെ ഓപ്ഷന്‍സ് ഉണ്ടെന്ന് പറഞ്ഞു. ഇതിനകത്ത് നമുക്ക് ഒരു പ്ലാന്‍ ബി വേണ്ട എല്ലാം പ്ലാന്‍ ചെയ്ത പോലെ നടക്കട്ടെ എന്ന് പറഞ്ഞിട്ട് ഫുള്‍ സപ്പോര്‍ട്ട് ആയിട്ട് സിനിമയുടെ ഫസ്റ്റ് ഡേ തൊട്ട് ലാസ്റ്റ് ഡേ വരെ എന്റെടുത്ത് മോണിറ്ററിന്റെ അടുത്ത് ഉണ്ടായിരുന്ന ആദ്യത്തെ പ്രൊഡ്യൂസര്‍ ആണ് അദ്ദേഹം.

May be an image of 12 people, beard, people standing and text that says "TIME ADS P.A. SEBASTIAN വരാൽ PRESENTS DIRECTED KANNAN PRODUCED P.A. SEBASTIAN WRITTEN BY ANOOP MENON PROJECT DESIGNER BADUSHA N.M MUSIC GOPISUNDER GOODWILL MAKEU EXECUTNEPROGUCE -RUN GEORGE OSE- SHIVAPRASAD AYOOB KHAN LYRICS SHAUPE SUNIL TEPHEN tulsi"

  • അനൂപ് മേനോന്‍ തന്നെയാണോ കേന്ദ്ര കഥാപാത്രം?

അങ്ങനെ പറയാന്‍ പറ്റില്ല. ഇതൊരു നായകനെ മാത്രം കേന്ദ്രീകരിച്ചുള്ള കഥ അല്ല. അനൂപ് മേനോന്റെത് കുറച്ച് നെഗറ്റീവ് ഷെയ്ഡ് ഒക്കെയുള്ള ക്യാരക്ടര്‍ ആണ്. പ്രകാശ് രാജ് സാറും ഒരു പോലെ പ്രാധാന്യമുള്ള കഥാപാത്രമാണ്. സുരേഷ് കൃഷ്ണ രഞ്ജി പണിക്കര്‍ സാറ്, സായ് കുമാര്‍ അങ്ങനെയൊരു വലിയ താരനിരയുണ്ട് ഇതിനകത്ത്.

  • ആദ്യ ചോയിസ് അനൂപ് മേനോനും പ്രകാശ് രാജും തന്നെയായിരുന്നോ?

ഇത് അനൂപ് മേനോന് വേണ്ടി എഴുതിയ സ്‌ക്രിപ്റ്റ് അല്ല. ഇതൊരു വലിയ താരത്തെ ആലോചിച്ച് എഴുതിയതാണ്. പക്ഷേ, അദ്ദേഹത്തിന്റെ ഡേറ്റ് പിന്നെ നമുക്ക് അടുത്തൊന്നും ഇല്ല. പിന്നെയൊരു പൊളിട്ടിക്കല്‍ സബ്ജക്ട് കുറച്ച് മുമ്പ് ചെയ്തു, എന്നൊക്കെ ആയപ്പോഴാണ് അനൂപ് മേനോനിലേക്ക് എത്തിയത്. വെയ്റ്റ് ചെയ്യണ്ട പിന്നെയും സാഹചര്യങ്ങള്‍ മാറിയാലോ എന്ന് അറിയാത്തത് കൊണ്ടാണ് സിനിമ ആയത്.

  • ‘വണ്‍’ എന്ന സിനിമയില്‍ മമ്മൂട്ടിയുടെത് അടക്കമുള്ള മുഖ്യമന്ത്രി വേഷം മലയാളി പ്രേക്ഷകര്‍ ഏറെ ആഘോഷിച്ചതാണ്.. അങ്ങനെയൊരു എലമെന്റ് അല്ലെങ്കില്‍ എന്തെങ്കിലും സാമ്യതകളോ പ്രകാശ് രാജിന്റെ കഥാപാത്രത്തിന് ഉണ്ടോ?

മമ്മൂട്ടിയുടെ ക്യാരക്ടറുമായുള്ള സാദൃശ്യമില്ല, പക്ഷെ പവര്‍ഫുള്ളായിട്ടുള്ള ഒരു കഥാപാത്രമാണ്. അതിനെ അതിമനോഹരമായിട്ട് പ്രകാശ് രാജ് സാര്‍ ചെയ്തിട്ടുണ്ട്. ആ സ്‌ക്രീനില്‍ കഥാപാത്രത്തിന്റെ എനര്‍ജി നമുക്ക് ഭയങ്കരമായിട്ട് കിട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇത് ഒരു ബിഗ് സ്‌ക്രീന്‍ എക്‌സ്പീരിയന്‍സ് വേണ്ട സിനിമയാണ്. ഇതൊരു പൊളിട്ടിക്കല്‍ സിനിമ ആണെങ്കില്‍ പോലും ഇതില്‍ ഒരു ഫിക്ഷന്‍ ഉണ്ട്. അപ്രതീക്ഷിതമായ ട്വിസ്റ്റുകളുണ്ട്, എന്‍ഡ് വരെയുള്ള സസ്‌പെന്‍സുകളുണ്ട്. ഇത് തിയേറ്ററില്‍ തന്നെ ഇരുന്ന് കാണണ്ട സിനിമയാണ്.

  • പ്രകാശ് രാജ് നന്നായി സഹകരിക്കുന്ന താരമാണോ?

എന്റെ കൂടെ രണ്ട് മൂന്ന് സിനിമകള്‍ ചെയ്തിട്ടുണ്ട്. ‘അച്ചായന്‍സ്’ എന്ന എന്റെ സിനിമയിലും അദ്ദേഹം കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. തമിഴ് പടത്തിലുണ്ടായിരുന്നു. ഞാനുമായി മനസികമായ അടുപ്പമുള്ള നടനാണ്. വളരെ പ്രൊഫഷണല്‍ ആണ്. പുള്ളിയെ കൊണ്ട് ഒരു വേദനയും ലൊക്കേഷനില്‍ ഉണ്ടാവില്ല. ഭയങ്കര കൃത്യനിഷ്ഠയാണ്. ലൊക്കേഷനില്‍ വന്നാല്‍ പിന്നെ കാരവാനില്‍ ഇരിക്കില്ല. പുള്ളി എപ്പോഴും നമ്മുടെ ഒപ്പം ഉണ്ടാവും. ഇതിലെ വലിയ വലിയ ഡയലോഗുകള്‍ വരെ പഠിച്ച് പ്രോംപ്റ്റിംഗ് ഇല്ലാതെയാണ് പുള്ളി അഭിനയിക്കുന്നത്. ലൊക്കേഷനില്‍ വന്നാല്‍ ഫോണ്‍ പോലും അറ്റന്‍ഡ് ചെയ്യില്ല. പുള്ളി ഫോണ്‍ ഓഫ് ചെയ്ത് ഫുള്‍ ടൈം പഠിച്ചു കൊണ്ടിരിക്കുകയാണ്. ഭയങ്കര പ്രൊഫഷണല്‍ ആണ് നമ്മള്‍ പഠിക്കേണ്ട ഒരു പുസ്തകമാണ് പ്രകാശ് രാജ്.

  • ഷൂട്ടിംഗിനിടെയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായോ?

കോവിഡ് കാലത്തായിരുന്നു ഇതിന്റെ ഒരു മേജര്‍ പോര്‍ഷന്‍ ഷൂട്ട് നടന്നത്. വാഗമണ്ണില്‍ ഷൂട്ട് നടക്കുന്ന സമയത്ത് എല്ലാവര്‍ക്കും പനിയൊക്കെ വന്നു. പക്ഷെ ചെക്ക് ചെയ്തപ്പോ കൊറോണ അല്ല വൈറല്‍ ഫീവര്‍ ആയിരുന്നു. ഞാനും ക്യാമറമാനും ഒക്കെ ഒട്ടും വയ്യാത്ത അവസ്ഥയില്‍ എത്തിയിട്ടുണ്ട്. പക്ഷെ അതൊന്നും സിനിമയെ ബാധിച്ചിട്ടില്ല. പിന്നെ എല്ലാം പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റുകള്‍ ആയതു കൊണ്ട് നമുക്ക് അങ്ങനെയുള്ള ടെന്‍ഷന്‍ ഒന്നും ഉണ്ടായില്ല. എല്ലാവരും അവരുടെതായ ഔട്ട്പുട്ട് സിനിമയില്‍ തരുന്നുണ്ട്. അപ്പോ അവരുടെ എനര്‍ജിയില്‍ നിന്നും എനിക്ക് അടുത്ത ഷോട്ടുകളിലേക്ക് പോയാല്‍ മതിയായിരുന്നു.

  • വരാലിന് കുറിച്ച് പ്രേക്ഷകരോട് എന്താണ് പറയാനുള്ളത്?

വരാല്‍ ഒരിക്കലും പ്രേക്ഷകരെ നിരാശപ്പെടുത്തില്ല. പൊളിട്ടിക്‌സ് ഇഷ്ടപ്പെടുന്നവര്‍ക്കും ഇഷ്ടപ്പെടാത്തവര്‍ക്കും ഒക്കെ ഇഷ്ടപ്പെടുന്ന ടൈപ്പ് സിനിമയാണ്. ഒരു സസ്‌പെന്‍സുള്ള സിനിമയാണ്. എനിക്ക് ഏറ്റവും വലിയ പ്രതീക്ഷ എന്നാല്‍ അനൂപേട്ടന്റെ വളരെ ബ്രില്യന്റ് ആയിട്ടുള്ള സ്‌ക്രിപ്റ്റ് ആണ്. മാക്‌സിമം ഹാര്‍ഡ് വര്‍ക്ക് ചെയ്ത് ആ പടം ചെയ്തിട്ടുണ്ട്. വളരെ പ്രതീക്ഷയുണ്ട്. എന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമ തന്നെയായിരിക്കും ഇത്.