ഒമര്‍ ചിത്രത്തെ ഞാന്‍ കാണുന്നത് ഒരു പ്രസ്റ്റീജ്യസ് സിനിമയായി- നിര്‍മ്മാതാവ് ഔസേപ്പച്ചന്‍ അഭിമുഖം

അനു ചന്ദ്ര

കാലഘട്ടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത്, സിനിമയെന്ന മാധ്യമത്തെ ഗൗരവപൂര്‍വം കണ്ടുകൊണ്ട്, നിരവധി ഹിറ്റുകള്‍ സമ്മാനിച്ച നിര്‍മ്മാതാവാണ് ഔസേപ്പച്ചന്‍. നോക്കെത്താ ദൂരത്തു കണ്ണും നട്ട് എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് കടന്നു വന്ന ഔസേപ്പച്ചന്‍ മലയാള സിനിമയുടെ ഉയര്‍ച്ച താഴ്ച്ചകളെ സസൂക്ഷ്മം നിരീക്ഷിച്ചിട്ടുള്ള വ്യക്തിയാണ്. എന്നും നല്ല സിനിമയെ സമൂഹത്തിന് നല്‍കണമെന്ന ഉള്‍ക്കാഴ്ച്ചയില്‍ അദ്ദേഹം നിരവധി സിനിമകള്‍ നിര്‍മ്മിച്ചു. ഈ ഒരു വിശ്വാസം മുറുകെ പിടിച്ചാണ് ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു ആഡാര്‍ ലവ് നിര്‍മ്മിക്കുന്നതും. പൂര്‍ണമായും പുതുമുഖങ്ങളെ അണിനിരത്തി നിര്‍മ്മിക്കുന്ന അഡാര്‍ ലൗ എന്ന സിനിമയുടെ വിശേഷങ്ങളെക്കുറിച് ഔസേപ്പച്ചന്‍ സൗത്ത്‌ലൈവിനോട് സംസാരിക്കുന്നു.

മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ താങ്കള്‍ നിലനിന്നു വരുന്ന വലിയൊരു കാലയളവുണ്ട്. ഒരു ഗാഢമായ കൂട്ടുകെട്ട് തന്നെയുണ്ട് അതിന്റെ തുടക്കത്തിന്. ഒന്നു വിശദീകരിക്കാമോ?

1984 മുതല്‍, അതായത് 34 വര്‍ഷത്തോളമായി നിലനില്‍ക്കുന്നതാണ് എന്റെ സിനിമാ ജീവിതാനുഭവങ്ങള്‍. പാച്ചിയും(ഫാസില്‍) ഞാനും ഒരേ നാട്ടുക്കാരായിരുന്നു, അയല്‍വാസികളായിരുന്നു എന്ന് മാത്രമല്ല പാച്ചിയും എന്റെ സഹോദരനും അടുത്ത സുഹൃത്താക്കളുമായിരുന്നു. ആ ഒരു കാലഘട്ടത്തില്‍ പാച്ചി ഇന്‍ഡസ്ട്രിയില്‍ നല്ല സിനിമകള്‍ ഒക്കെ ചെയ്ത് എന്റെ മാമാട്ടി കുട്ടിയമ്മ സിനിമ വിജയമൊക്കെ ആയി നില്‍ക്കുമ്പോഴാണ് ഞാനും പാച്ചിയും ചേര്‍ന്ന് നോക്കെത്താ ദൂരത്തു കണ്ണും നട്ട് എന്ന സിനിമ നിര്‍മ്മിക്കുന്നത്.

വാസ്തവത്തില്‍ എന്റെ താല്‍പര്യാര്‍ത്ഥം ആണ് ഞാന്‍ സിനിമയെന്ന മേഖലയെ തിരഞ്ഞെടുക്കുന്നത്. ഞാനും പാച്ചിയും ചേര്‍ന്ന പ്രോഡക്ഷനില്‍ നോക്കത്താ ദൂരത് കണ്ണും നട്ട് എന്ന സിനിമക്ക് ശേഷം ഞങ്ങള്‍ കാക്കോത്തി കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന സിനിമ ചെയ്തു. പിന്നീട് റാംജി റാവു സ്പീക്കിങ് ചെയ്തു. അതിനകത്തെല്ലാം തന്നെ പുതുമുഖങ്ങളെ ഇന്‍ഡ്രാഡ്യൂസ് ചെയ്തു എന്നുള്ളത് ഒരു പ്രത്യേകത ആയിരുന്നു. അത്തരം ഒരു ശ്രമം എനിക്കിഷ്ടമാണ്. രേഖ, കാവേരി, മീന, നാദിയ മൊയ്തു, സായ്കുമാര്‍ അങ്ങനെ നിരവധി പേരെ എന്റെ സിനിമകളിലൂടെ കൊണ്ടു വരാന്‍ സാധിച്ചു. റാംജി റാവു സ്പീക്കിങ്ങില്‍ കൂടിയായിരുന്നു സിദ്ധീഖ് ലാല്‍ കൂട്ടു കെട്ട് വരുന്നത്.

ഫാസില്‍-ഔസേപ്പച്ചന്‍ കൂട്ടുകെട്ടില്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചത് നിരവധി നല്ല സിനിമകളാണ്. പിന്നീട് ആ കൂട്ടുകെട്ട് ആവര്‍ത്തിക്കപ്പെട്ടില്ല ?

ഞങ്ങളുടെ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം തമിഴില്‍ “വര്‍ഷം 16” എന്ന സിനിമ ചെയ്തു. പിന്നെ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന സിനിമ ചെയ്തെങ്കിലും അതില്‍ ഞാന്‍ ഡിസ്ട്രിബ്യൂഷന്‍ ആയിരുന്നു. പിന്നെ എന്ത് കൊണ്ട് അത്തരമൊരു കൂട്ടുകെട്ട് സംഭവിക്കുന്നില്ല എന്നൊക്കെ ചോദിച്ചാല്‍, ഓരോരുത്തര്‍ക്കും ഓരോ സമയം ഉണ്ടല്ലോ. രണ്ടു പേരും രണ്ട് പേരുടെ വഴികളിലൂടെയായി യാത്ര. പിന്നെ എന്തൊക്കെയായാലും 34 വര്‍ഷം ഒരാളെ തന്നെ ആശ്രയിക്കുക എന്നത് സിനിമ മേഖലയെ സംബന്ധിച്ചേടത്തോളം സാധ്യമാകണമെന്നില്ല. എനിക്ക് തോന്നുന്നു അന്നും ഇന്നും പ്രോഡക്ഷനില്‍ നിലനില്‍ക്കുന്ന ആള്‍ ഞാനാണെന്ന്. അങ്ങനെയാണ് ഞാന്‍ കരുതുന്നത്.

പുതുമുഖങ്ങളെ കൊണ്ട് വരാനുള്ള ഒരു ശ്രമം തന്നെയുണ്ട് താങ്കളുടെ സിനിമകളില്‍. അതിനു കാരണം?

പുതിയ ആളുകളെ വെച്ച് സിനിമ എടുക്കുക, അല്ലെങ്കില്‍ അത്തരമൊരു ശ്രമത്തിനു നേതൃത്വം നല്‍കുക എന്നത് അന്നും ഇന്നും എനിക്കിഷ്ടമുള്ള കാര്യമാണ്. യഥാര്‍ത്ഥത്തില്‍ അത്തരത്തിലൊരു ശ്രമം എന്നുള്ളത് വലിയൊരു റിസ്‌ക് ഉള്ള കാര്യമാണ്. അസാമാന്യ റിസ്‌ക് ഉള്ള ഒന്ന്. ആ റിസ്‌ക് ഞാന്‍ ഏറ്റെടുത്തിട്ടുമുണ്ട്. എന്നാല്‍ പുതുമുഖങ്ങളെന്നു പറയുന്നത് മലയാള സിനിമയെ സംബന്ധിച്ചിടത്തോളം തൊട്ടാല്‍ അപകടമാണെന് തോന്നിയ കാലത്ത് ഞാന്‍ ആ ശ്രമത്തില്‍ നിന്നല്‍പ്പം മാറി നിന്നിട്ടുമുണ്ട്. റാം ജി റാവു സ്പീക്കിങ് ചെയ്തിരുന്ന കാലത്ത് ആ സിനിമയില്‍ സിദ്ധിക്കും ലാലും നവാഗതരായിരുന്നു. അന്നത്തെ കാലത്തെ അവസ്ഥയില്‍ നവഗതരെ അണിനിരത്തുമ്പോള്‍ സിനിമ കാണാന്‍ ആളുകള്‍ തീയേറ്ററില്‍ വരുമോ എന്ന ചിന്തയുടെ പുറത്താണ് ആ സിനിമയുടെ പോസ്റ്ററില്‍ ഫാസില്‍ അവതരിപ്പിക്കുന്ന എന്ന് എഴുതി ചേര്‍ക്കേണ്ടി വന്നത്. അങ്ങനെയെങ്കിലും ആളുകള്‍ കാണണമല്ലോ സിനിമ.

വീണ്ടും അത്തരത്തില്‍ പുതുമുഖങ്ങളെ വെച് സിനിമ ചെയ്യാന്‍ പോവുകയാണ് താങ്കള്‍..

ഒമര്‍ ലുലുവിന്റെ ആദ്യ സിനിമയായ ഹാപ്പി വെഡിങ് ഇറങ്ങിയ സമയത്ത് ഞാന്‍ ആ സിനിമ കാണുകയുണ്ടായി. ഞാന്‍ അത് കാണുമ്പോള്‍ തീയേറ്ററില്‍ വളരെ കുറച്ചു ആളുകളെ ഉണ്ടായിരുന്നുള്ളൂ. പക്ഷെ അന്നേ എനിക്കുറപ്പായിരുന്നു ആ സിനിമ 100 ദിവസത്തോളം കളിക്കുമെന്ന്. അത് തന്നെയാണ് ആ സിനിമയില്‍ പിന്നീട് സംഭവിച്ചത്. പിന്നീട് ചങ്ക്‌സ് എന്ന സിനിമക്ക് ശേഷമാണ് ഞങ്ങള്‍ തമ്മില്‍ ഒരുമിച്ചൊരു സിനിമയെ കുറിച്ച് ചിന്തിക്കുന്നത്. പിന്നെ അഡാര്‍ ലൗ എന്ന സിനിമയെ ഒരു പ്രെസ്റ്റീജിയസ് സിനിമയായാണ് ഞാന്‍ കണ്ടിട്ടുള്ളത്. അഡാര്‍ ലൗ എന്നത് അത്ര നല്ല ഒരു മ്യൂസിക്കല്‍ ലൗ സ്റ്റോറി ആണ്. നമ്മളൊക്കെ ഇഷ്ടപ്പെടുന്ന തരത്തില്‍ ഉള്ള ഒരു ലൗ സ്റ്റോറി ഉണ്ടല്ലോ. അതാണ് അഡാര്‍ ലൗ. ഞാനൊക്കെ മനസില്‍ ആഗ്രഹിക്കുന്ന തരത്തില്‍ ഉള്ള ഒന്ന്. ഹ്യൂമറിന് മുന്‍തൂക്കം കൊടുക്കുന്ന, മ്യൂസിക്കിന് മുന്‍തൂക്കം കൊടുക്കുന്ന ഒരു സിനിമ.

എന്നിരുന്നാലും അഭിനേതാക്കള്‍ പുതുമുഖങ്ങള്‍ ആകുമ്പോള്‍ അതിന്റേതായിട്ടുള്ള ആശങ്കകള്‍ ഇല്ലാതിരിക്കില്ലല്ലോ?

പുതുമുഖങ്ങളെ വെച്ച് ഇത്ര പടങ്ങള്‍ ചെയ്തത് കൊണ്ട് അങ്ങനെയൊരു ആശങ്കയില്ല. നോക്കെത്താ ദൂരത്തു കണ്ണും നട്ട് സിനിമയെ സംബന്ധിച്ചിടത്തോളം നാദിയ മൊയ്തു ആ സിനിമയിലേക്ക് കടന്നു വരുന്നത് ഷൂട്ട് തുടങ്ങുന്നതിനു ഒരാഴ്ച മുന്‍പാണ്. അവരെ ആ സിനിമയിലേക്ക് ഫിക്‌സ് ചെയ്യുന്നത് തന്നെ ആ ഒരാഴ്ച്ച മുന്‍പാണ്. പക്ഷെ അവര്‍ ക്യാമറക്കു മുന്‍പില്‍ നേരെ അങ്ങ് വന്ന് ആദ്യത്തെ ഷോട്ട് തന്നെ ഗംഭീരമായി ചെയ്തു. അവിടെ ഒരു റിസ്‌കും ഇല്ലായിരുന്നു. ഒരു ഓഡീഷനും നടന്നില്ലായിരുന്നു. പിന്നെ നല്ല സംവിധായകന്റെ കൈയില്‍ ഏതൊരു കഥാപാത്രവും സുരക്ഷിതമാകും. ഒമറിനെ പോലുള്ള സംവിധായകന്റെ കൈയില്‍ തീര്‍ച്ചയായും കഥാപാത്രം സെയ്ഫ് ആകും. അക്കാര്യത്തില്‍ അത്‌കൊണ്ട് തന്നെ ആശങ്കകള്‍ ഇല്ല.

ചങ്ക്‌സ് മറ്റൊരു തരത്തില്‍ വിവാദമായ ഒരു സിനിമയാണ്. എന്ത് കൊണ്ടാണ് ആ സിനിമ/അതിലെ സ്ത്രീവിരുദ്ധ നിലപാടുകള്‍ ഇത്രത്തോളം ചൂണ്ടി കാണിച്ചത് എന്ന് ചിന്തിച്ചിട്ടുണ്ടോ?

പണ്ടത്തെ സിനിമകളെ അപേക്ഷിച്ച് ഇപ്പോഴത്തെ സിനിമകളിലെ വിയോജിപ്പുകള്‍ ആളുകള്‍ പതിവില്‍ കൂടുതല്‍ ചൂണ്ടി കാണിക്കാറുണ്ട്. പിന്നെ ചങ്ക്‌സില്‍ സ്‌ക്രിപ്റ്റ്/കഥാപാത്രങ്ങള്‍ ഡിമാന്‍ഡ് ചെയ്യുന്ന തരത്തിലെ സംഭാഷണങ്ങള്‍ ഉപയോഗിച്ചിട്ടുള്ളു. പിന്നെ സ്ത്രീകള്‍ എന്ത് കൊണ്ട് പതിവില്ലാത്ത വിധത്തില്‍ ഇപ്പോള്‍ ഇത്തരം വിഷയങ്ങള്‍ ചൂണ്ടി കാണിക്കുന്ന എന്ന ചോദ്യത്തിന് എനിക്ക് പറയാനുള്ളത് പണ്ടത്തെ സ്ത്രീകളെ പോലെ അല്ലല്ലോ ഇപ്പോഴത്തെ സ്ത്രീകള്‍, ഭര്‍ത്താവിന്റെ പാത്രത്തില്‍ നിന്നു ഭക്ഷണം കഴിച്ചിരുന്ന കാലമല്ല ഇത്. ഇതാണ് അതിനുള്ള ഉത്തരം. പിന്നെ ഒമര്‍ എന്ന വ്യക്തി അയാള്‍ ചെയ്യുന്ന തൊഴിലില്‍ സത്യസന്ധനാണ്. ഊണിലും ഉറക്കത്തിലും എല്ലാം ഒമറിന്റെ ചിന്തയില്‍ സിനിമയാണ് ഉള്ളത്. കഴിഞ്ഞ മാര്‍ച്ച്, ഏപ്രില്‍ മുതല്‍ ഞങ്ങള്‍ ഒരുമിച്ചുണ്ട്. നമ്മള്‍ അത് കണ്ടറിഞ്ഞ ഒന്നാണ്. അങ്ങനെ സിനിമയെ അപ്രോച്ച് ചെയ്യുന്നവരെ കണ്ടു കിട്ടാന്‍ തന്നെ പ്രയാസമാണ്. അഡാര്‍ ലൗ സിനിമ അത് കൊണ്ട് തന്നെ ഒരുപാട് പ്രതീക്ഷ തരുന്ന ഒന്നാണ്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു