മമ്മൂട്ടി ചേർത്തുപിടിച്ച ഫഹദ് ഫാസിലിന്റെ കുട്ടികാലത്തെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ഫാസിൽ സംവിധാനം ചെയ്ത് 1992-ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘പപ്പയുടെ സ്വന്തം അപ്പൂസ്’ എന്ന ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രമാണ് ആലപ്പി അഷ്റഫ് പങ്കുവെച്ചത്. നിരവധി പേരാണ് ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നത്.
മലയാളത്തിൽ നിന്നും ഒരു ഇന്റർനാഷണൽ ആക്ടർ എന്ന് വിളിക്കാൻ കഴിയുന്ന നടനാണ് ഫഹദ് ഫാസിൽ. താൻ പരാജയത്തിൽ നിന്നല്ലേ തുടങ്ങിയതെന്ന് ഫഹദ് പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഫാസിൽ സംവിധാനം ചെയ്ത് 2002-ൽ പുറത്തിറങ്ങിയ ‘കൈയെത്തും ദൂരത്ത്’ എന്ന ചിത്രത്തിലൂടെയാണ് ഫഹദ് സിനിമയിലെത്തുന്നത്. ചിത്രം പരാജയപ്പെട്ടു എന്ന് മാത്രമല്ല ഒരു നടനെന്ന നിലയിൽ ചിത്രത്തിലെ പ്രകടനത്തിന് നിരവധി വിമർശനങ്ങളാണ് ഫഹദ് നേരിട്ടത്.
അതിന് ശേഷം നീണ്ട എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കേരള കഫെ എന്ന ആന്തോളജി ചിത്രത്തിലെ ‘മൃത്യുഞ്ജയം’ എന്ന സെഗ്മെന്റിലെ ജേർണലിസ്റ്റ് ആയി ഫഹദ് സിനിമയിൽ തിരിച്ചുവരവ് നടത്തി. പിന്നീടൊരു തിരിച്ചുപോക്ക് ഫഹദിന് ഉണ്ടായിട്ടില്ല. ഇന്ന് മലയാളം തമിഴ് തെലുങ്ക് എന്നീ ഭാഷകളിൽ വലിയ വിജയങ്ങൾ നേടിയ ചിത്രങ്ങളിലെല്ലാം ഫഹദ് ഭാഗമായിട്ടുണ്ട്.
ആവേശം ആയിരുന്നു ഫഹദിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഒരുങ്ങുന്ന ആന്തോളജി ചിത്രം ‘മനോരഥങ്ങൾ’ റിലീസിനൊരുങ്ങുകയാണ്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ‘ഷെർലക്ക്’ എന്ന സെഗ്മെന്റിൽ ആണ് ഫഹദ് വേഷമിടുന്നത്. ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം വേട്ടയ്യൻ എന്ന ചിത്രവും റിലീസിനൊരുങ്ങുകയാണ്.