കോളിവുഡിലെ പ്രവചനങ്ങളെ എല്ലാം തകിടം മറിച്ചാണ് വിശാൽ ചിത്രം മാർക് ആന്റണിയുടെ റിലീസ്. വ്യത്യസ്തമായ പ്രമേയം ഏറെ ആകർഷകമായി അവതരിപ്പിച്ചിരിക്കുന്ന ചിത്രം ഓപ്പണിംഗിൽ തന്നെ തന്നെ വമ്പൻ കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. തമിഴകത്ത് ബോക്സോഫീസുകളിൽ കുതിക്കുന്ന ജവാന് തിരിച്ചടിയാകുമോ മാർക് ആന്റണി എന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്.
തമിഴ്നാട്ടില്‍ മാര്‍ക്ക് ആന്റണി 7.9 കോടിയാണ് റിലീസിന് നേടിയത് എന്നാണ് ട്രേഡ് അനലിസ്റ്റ് കാര്‍ത്തിക് രവിവര്‍മൻ ട്വീറ്റ് ചെയ്‍തിരിക്കുന്നത്. വിശാലിന് ലഭിക്കുന്ന മികച്ച ഓപ്പണിംഗാണിത്. ഹിറ്റുറപ്പിച്ചുവെന്നാണ് നിരീക്ഷകർ പറയുന്നത്.
ദളപതി വിജയ്‍ക്ക് പ്രത്യേകം നന്ദി പറഞ്ഞ ഇൻട്രോയും, തല അജിത് സിനിമകളുടെ റഫറൻസും, സിൽക് സ്മിതയുടെ പ്രസൻസും, കാർത്തിയുടെ വോയ്സ് ഓവറും ചേർന്ന് ചിത്രത്തെ വേറെ ലെവലിലാണ് എത്തിച്ചിരിക്കുന്നതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. വില്ലൻ വേഷങ്ങളിൽ തിളങ്ങിയ എസ്ജെ സൂര്യ തകർപ്പൻ പ്രകടനമാണ് മാർക് ആന്റണിയിൽ കാഴ്ചവച്ചിരിക്കുന്നത്.
ആദിക് രവിചന്ദ്രൻ സംവിധാനം നിർവഹിച്ച ചിത്രത്തിൽ അഭിനന്ദൻ രാമാനുജനാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാറാണ് സംഗീതം.വിശാല്‍ മാര്‍ക്ക് ആന്റണിയായിട്ടാണ് എത്തിയിരിക്കുന്നത്.
സുനില്‍, ഋതു വര്‍മ, അഭിനയ, കെ ശെല്‍വരാഘവൻ, യൈ ജി മഹേന്ദ്രൻ, നിഴല്‍ഗള്‍ രവി, റെഡിൻ കിംഗ്‍സ്‍ലെ തുടങ്ങിയവരും വേഷമിട്ട മാര്‍ക്ക് ആന്റണിയില്‍ അന്തരിച്ച നടി സില്‍ക്ക് സ്‍മിതയുടെ കഥാപാത്രത്തെയും അവതരിപ്പിച്ചിരിക്കുന്നു. ചിത്രം ആമസോണ്‍ പ്രൈം വീഡിയോയില്‍ ഏകദേശം ഒരു മാസത്തിന് ശേഷം റിലീസ് ചെയ്യും എന്നാണ് റിപ്പോര്‍ട്ട്.