തെലുങ്കിലെ മികച്ച സഹനടനായി മോഹന്‍ലാല്‍; ജനതാ ഗാരേജിന് ആറ് അവാര്‍ഡുകള്‍

മോഹന്‍ലാലിന് ആന്ധ്ര സര്‍ക്കാരിന്റെ അംഗീകാരം. ആന്ധ്രാ സര്‍ക്കാരിന്റെ സംസ്ഥാന സിനിമ അവാര്‍ഡായ നന്തി ഫിലിം അവാര്‍ഡിലാണ് മോഹന്‍ലാലിന് പുരസ്‌കാരം. “ജനതാ ഗാരേജ്” എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരമാണ് മോഹന്‍ലാലിന് ലഭിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് ഒരു മലയാള നടന് ആന്ധ്ര പ്രദേശ് സര്‍ക്കാരിന്റെ സിനിമ വിഭാഗം പുരസ്‌കാരമായ നന്തി പുരസ്‌കാരം ലഭിക്കുന്നത്.

ജനതാ ഗാരേജിലെ അഭിനയത്തിന് ജൂനിയര്‍ എന്‍ ടി ആര്‍ ആണ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. “ജനതാ ഗാരേജി”ന്റെ സംവിധായകനായ കൊരട്ടാല ശിവയ്ക്ക് മികച്ച കഥാകൃത്തിനുള്ള പുരസ്‌ക്കാരം ലഭിച്ചിരിക്കുന്നത്. 2014,2015,2016 വര്‍ഷത്തെ അവാര്‍ഡുകളാണ് ചൊവ്വാഴ്ച പ്രഖ്യാപിച്ചത്. ജനതാഗാരേജ് 2016 അവാര്‍ഡുകളില്‍ 6 എണ്ണം സ്വന്തമാക്കി.

മോഹന്‍ലാലും ജൂനിയര്‍ എന്‍ ടി ആറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച “ജനതാ ഗാരേജ്” ബോക്സോഫീസില്‍ നിന്ന് 135 കോടി രൂപയോളം കഷക്ഷന്‍ നേടിയിരുന്നു. നിത്യ മേനോന്‍, സാമന്ത എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തിയത്.

ആന്ധ്രാപ്രദേശ് വിഭജിച്ച ശേഷം തലസ്ഥാനത്തിലുണ്ടായ മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്നു വര്‍ഷത്തെ അവാര്‍ഡ് പ്രഖ്യാപനങ്ങള്‍ ഒന്നിച്ച് നടത്തിയതെന്ന് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 64 വിഭാഗങ്ങളിലായാണ് അവാര്‍ഡ് പ്രഖ്യാപനം.