പ്രേക്ഷകർക്കെതിരെ നടത്തിയ ഗൂഢാലോചന

സിനിമ എന്നത്‌ സംവിധായകന്റെ കലയാകുമ്പോൾ സ്വാഭാവികമായും സംവിധായകന്റെ മുൻ ചിത്രങ്ങളിലേയ്ക്ക്‌ പ്രേക്ഷകർ ഒരെത്തിനോട്ടം നടത്തിയേക്കാം. ആ വിധത്തിൽ തോമസ്‌ സെബാസ്റ്റ്യൻ എന്ന സംവിധായകന്റെ മുൻ ചിത്രങ്ങൾ നൽകിയ നിരാശ, മൂന്നാം ചിത്രം കാണുവാൻ പോകുന്നതിലേയ്ക്ക്‌ ആളുകളെ തടഞ്ഞേക്കാം. മമ്മൂട്ടി എന്ന നടന്റെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായ മായാ ബസാർ, കുഞ്ചാക്കോ ബോബന്റെ ജമ്നാപ്യാരി തുടങ്ങിയ ചിത്രങ്ങൾ ഒരു സംവിധായകനെന്ന നിലയിലുള്ള തോമസ്‌ സെബാസ്റ്റ്യന്റെ മോശം തുടക്കത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. എന്നാൽ അച്ഛന്റെയും സഹോദരന്റെയും പാത പിൻതുടർന്ന് ധ്യാൻ ശ്രീനിവാസൻ തിരക്കഥയൊരുക്കുന്ന ആദ്യചിത്രമെന്ന നിലയിൽ ഗൂഢാലോചന ചില പ്രതീക്ഷകൾ അവശേഷിപ്പിച്ചിരുന്നു. ഏറെ പ്രേക്ഷക-നിരൂപക പ്രശംസകൾ നേടിയെടുത്ത അഭിഷേക്‌ ജെയിൻ സംവിധാനം ചെയ്ത “ബേയ് യാർ” എന്ന ഗുജറാത്തി ചിത്രത്തിന്റെ പുനരവതരണമാണ്‌ ഗൂഢാലോചന. “ബേയ് യാർ” എന്ന ചിത്രത്തോട് എത്രത്തോളം നീതിപുലർത്താൻ “ഗൂഢാലോചന”യ്ക്ക് കഴിയും എന്നത്‌ പരിശോധിക്കേണ്ടത് തന്നെയാണ്.

ഒട്ടേറെ ചിത്രങ്ങൾക്ക്‌ വേദിയായിത്തീർന്ന കോഴിക്കോട്‌ നഗരത്തിന്റെ പശ്ചാത്തലത്തിലാണ്‌ ‘ഗൂഢാലോചന’ അരങ്ങേറുന്നത്‌. ജയപ്രകാശ്‌, അജാസ്‌, ജംഷീർ, വരുൺ എന്നീ നാലുകൂട്ടുകാർ സ്വന്തമായി ഒരു ബിസിനസ്‌ തുടങ്ങുവാൻ തീരുമാനിക്കുകയും ബിസിനസ്സിൽ നേരിട്ട ചില പ്രശ്നങ്ങൾ അവരെ കൂടുതൽ വലിയ കുഴപ്പങ്ങളിൽ കൊണ്ടുചെന്നെത്തിക്കുകയും ചെയ്യുന്നു.