ചിരിയും ആവേശവും- ആട് 2

ജോമോന്‍ തിരു

ഷാജി പാപ്പാന്‍, പിങ്കി ആട്, അറയ്ക്കല്‍ അബു, ഡ്യൂഡ്, സര്‍ബത്ത് ഷമീര്‍, സാത്താന്‍ സേവ്യര്‍… ഒരു സിനിമയിലെ കഥാപാത്രങ്ങള്‍ ഇത്രയധികം ശ്രദ്ധിക്കപ്പെടുന്നത് ഇതാദ്യത്തെ സംഭവമൊന്നുമല്ല. എന്നാല്‍ തിയേറ്ററില്‍ വിജയം നേടാതിരുന്ന ഒരു ചിത്രത്തിലെ കഥാപാത്രങ്ങള്‍, ഇത്രയധികം ചര്‍ച്ചചെയ്യപ്പെടുന്നത് ആദ്യമായിട്ടായിരിക്കും. കോളേജ് ഫംഗ്ഷനുകള്‍ക്ക് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഷാജി പാപ്പന്റെ വസ്ത്രധാരണരീതി അനുകരിയ്ക്കല്‍, കടകളുടേയും വിദ്യാഭ്യാസസ്ഥപനങ്ങളുടേയും ബോര്‍ഡുകളില്‍ ഷാജി പാപ്പന്റെ ഫോട്ടൊയും ഡയലോഗുകളും വയ്ക്കല്‍, കോളേജ് സ്‌കൂള്‍ വിനോദയാത്രാ സംഘങ്ങള്‍ തങ്ങളുടെ വാഹനങ്ങളില്‍ ഷാജി പാപ്പന്റെ ഫ്‌ലക്‌സ് വയ്ക്കല്‍…. ഒരുപക്ഷേ ജയസൂര്യ എന്ന നടനുള്ള ആരാധകവൃന്ദത്തിന്റെ എത്രയോ മടങ്ങ് “ഷാജി പാപ്പനെ” സ്‌നേഹിയ്ക്കുന്നവര്‍ ഉണ്ടായിരിക്കും..!

അതേസമയം ചിത്രത്തേയും കഥാപാത്രങ്ങളേയും രൂക്ഷമായി വിമര്‍ശിക്കുന്നവരും ധാരാളമുണ്ട്. അക്കാരണത്താല്‍ “ആട് ഒരു ഭീകരജീവിയാണ്” എന്ന ചിത്രത്തിന് രണ്ടാം ഭാഗമൊരുക്കുക എന്നത് ഏറെ ആലോചനയോടുകൂടി ചെയ്യേണ്ടിയിരുന്ന ഒന്നായിരുന്നു. എങ്കിലും അനൗണ്‍സ് ചെയ്ത്, വളരെ വേഗതയില്‍ പൂര്‍ത്തീകരിക്കപ്പെട്ട ഒരു ചിത്രമെന്ന നിലയില്‍ ചിത്രം പ്രേക്ഷകനെ എത്രത്തോളം തൃപ്തിപ്പെടുത്തും എന്ന കാര്യത്തില്‍ ചെറിയ സംശയമുണ്ടായിരുന്നു. രണ്ടാമതിറങ്ങിയ ഗാനം, ട്രൈലര്‍, എന്നിവ പ്രതീക്ഷകള്‍ നല്‍കുന്നവയായിരുന്നില്ല.

“ഒരു അമര്‍ചിത്രകഥ പോലുള്ള ലളിതമായ സിനിമയാണ് ആട്.. ചിന്തയ്ക്കും ലോജിക്കിനും യാതൊരു സ്ഥാനവുമില്ല..” -ഇതായിരുന്നു ചിത്രത്തേക്കുറിച്ചുള്ള സംവിധായകന്റെ പ്രഖ്യാപനം. ഈ പ്രഖ്യാപനത്തോട് ചിത്രം നീതിപുലര്‍ത്തിയിട്ടുണ്ടോ?

ഷാജി പാപ്പനും സംഘവും ഹൈറേഞ്ചിലെ പ്രശസ്തരായ വടംവലിക്കാരാണ്. ആ വര്‍ഷത്തെ വടംവലി മത്സരത്തില്‍ വിജയശ്രീലാളിതരായ പാപ്പനും കൂട്ടര്‍ക്കും ട്രോഫിയും, പണവും കൂടാതെ ഒരു കൊച്ചു പെണ്ണാടിനേക്കൂടി ലഭിച്ചിരുന്നു. തന്നെ ചതിച്ചു കടന്നുപോയ ഭാര്യയോടുള്ള പക കൊണ്ട് സ്ത്രീവര്‍ഗ്ഗത്തെ മുഴുവന്‍ വെറുക്കുന്ന പാപ്പന്റെ എതിര്‍പ്പുകളെ അനുനയിപ്പിച്ച്, വിജയാഘോഷത്തിനായുള്ള യാത്രയില്‍ മറ്റുള്ളവര്‍ ആടിനെയും കൂട്ടിയപ്പോള്‍, ഈ ആട് മുഖേന അവരനുഭവിച്ച ചില പ്രശ്‌നങ്ങളായിരുന്നു “ആട്” ഒന്നാംഭാഗം” വിവരിച്ചത്.

എന്നാല്‍ രണ്ടാം ഭാഗത്തിലേയ്ക്ക് കടക്കുമ്പോള്‍ ചിത്രം “ആട്” എന്ന കഥാപാത്രത്തിന് വലിയ പ്രാധാന്യം നല്‍കുന്നില്ല. പാപ്പനും കൂട്ടുകാരും ചെന്നുചേരുന്ന ഓരോ നൂലാമാലകളും, അതില്‍ നിന്നുമുള്ള രക്ഷപെടലുമാണ് ചിത്രം. ഹൈറേഞ്ചിലെ ചില്ലറ പ്രശ്‌നങ്ങളെ തരണം ചെയ്ത് മുന്‍പോട്ടുപോകുന്ന ഷാജിപാപ്പന്‍ ഒരു ബൃഹത്തായ വിഷയത്തില്‍ കൂടി ഇടപെടേണ്ടി വരുന്നിടത്താണ്ആട് 2 രസകരമായ മറ്റൊരു മുഹൂര്‍ത്തത്തിലേക്ക് നീങ്ങുന്നത്. ഷാജി പാപ്പന്റെയും കൂട്ടാളികളുടേയും കഥയ്‌ക്കൊപ്പം സാത്താന്‍ സേവ്യര്‍, ഡ്യൂഡ് എന്നിവരുള്‍പ്പെട്ട ഒരധോലോകകഥയും ചിത്രം പറയുന്നുണ്ട്.

ഹാസ്യത്തിന്റെ മേമ്പൊടി ചേര്‍ത്ത് അവതരിപ്പിച്ചുകൊണ്ടാണ് ആടിന്റെ രണ്ടാം ഭാഗവും യാത്രയാരംഭിച്ചത്. ഒരു കോമിക് ബുക്ക് വായിക്കുന്നതുപോലെ ഓരോ കഥാപാത്രങ്ങളേയും അടുത്തറിഞ്ഞ്, അവരോടൊപ്പമുള്ള ഒരു യാത്ര ചിത്രം പ്രദാനം ചെയ്യുന്നു. നടുവ് വേദനയില്‍ നിന്നും മുക്തി നേടാത്ത, എന്നാല്‍ “തന്റെ പിള്ളേരെ” ജീവനുതുല്യം സ്‌നേഹിക്കുന്ന ഷാജി പാപ്പാന്റെ സുഹൃത്തുക്കളായ രണ്ടുപേര്‍ ചാണകവണ്ടിയുമായി തോട്ടത്തിലേക്ക് പോകുന്ന ആദ്യ സീന്‍ മുതല്‍ ലാളിത്യമുള്ള ഹാസ്യരംഗങ്ങളുടെ മികച്ച അവതരണത്തിലൂടെ ആട് പ്രതീക്ഷകളുടെ സഞ്ചാരം അര്‍ത്ഥവത്താക്കി. അറയ്ക്കല്‍ അബു, ഷാജി പാപ്പാന്‍ എന്നിവരുടെ ആഗമനത്തോടെ ചിത്രത്തിന്റെ ആസ്വാദ്യത ഇരട്ടിച്ചു. വളരെ രസകരമായ ആദ്യപകുതിയായിരുന്നു ചിത്രത്തിന്. എന്നാല്‍ രണ്ടാം പകുതി ഏറെക്കുറെ ഊഹിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. എങ്കിലും ഒരിക്കല്‍പ്പോലും ബോറടിക്കുന്നില്ല എന്നുമാത്രമല്ല മൊത്തത്തില്‍ ഒരു കളര്‍ഫുള്‍ എന്റര്‍ടൈനര്‍ ആയിത്തന്നെ ചിത്രമൊരുക്കുവാന്‍ സംവിധായകനു കഴിഞ്ഞു.

കഥാപാത്രങ്ങള്‍ക്ക് പൊതുവായുള്ള കാരിക്കേച്ചര്‍ സ്വഭാവമാണ് ആടിന്റെ പ്രധാന ആകര്‍ഷണീയത. ആദ്യഭാഗത്ത് എന്നതുപോലെ രണ്ടാം ഭാഗത്തിലും അതേ സ്വഭാവം നിലനിറുത്തുവാന്‍ സംവിധായകന്‍ ശ്രമം ചെയ്തിട്ടുണ്ട്. പരിചിതമായ കഥാപാത്രങ്ങളെ, ആവേശം തെല്ലും ചോര്‍ന്നുപോകാതെ സ്‌ക്രീനിലെത്തിയ്ക്കുക എന്നത് ഏതൊരു ചിത്രത്തിന്റേയും രണ്ടാം ഭാഗമിറക്കുവാന്‍ നേരം സംവിധായകര്‍ക്കുണ്ടായേക്കാവുന്ന ഉത്കണ്ഠയാണ്.

എന്നാല്‍ ഇക്കാര്യത്തില്‍, പൊതുപ്രേക്ഷകരും കഥാപാത്രങ്ങളും തമ്മിലുള്ള ബന്ധം പൂര്‍ണ്ണമായി മനസ്സിലാക്കിക്കൊണ്ട് മിഥുന്‍ മാനുവല്‍ തോമസ് തന്റെ ദൗത്യം പൂര്‍ത്തീകരിച്ചു. കഥാപാത്രനിര്‍മ്മിതിയില്‍ സംവിധായകന്‍ പുലര്‍ത്തിയ അച്ചടക്കം ചിത്രത്തിലുടനീളം പ്രതിഫലിച്ചിട്ടുണ്ട്. കൃത്യമായ ഐഡന്റിറ്റി ഉണ്ടായിരുന്ന ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരെ രസിപ്പിക്കുന്നു. ആദ്യഭാഗത്തില്‍ അല്‍പം ബോറന്‍ പ്രകടനങ്ങള്‍ കാഴ്ചവച്ചവരെയെല്ലാം യഥാസ്ഥാനങ്ങളില്‍ തന്നെ നിലനിറുത്തിക്കൊണ്ട് അവരെ രസകരമായ രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഓരോ കഥാപാത്രങ്ങള്‍ക്കും തിയേറ്റര്‍ നല്‍കിയ സ്വീകരണം എടുത്തുപറഞ്ഞേ മതിയാവൂ. നടുവേദനയും കുടുംബ പ്രാരാബ്ധങ്ങളും ഷാജി പാപ്പനെ അലട്ടുന്നുണ്ട്. ഷാജി പാപ്പന്‍ എന്ന നായകകഥാപാത്രമായി ജയസൂര്യ രണ്ടാം ഭാഗത്തിലും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. മിനിമം ഗാരണ്ടി അവകാശപ്പെടാവുന്ന ജയസൂര്യയുടെ അടുത്ത കാലത്തായുള്ള സിനിമാ തിരഞ്ഞെടുപ്പുകളില്‍ അദ്ദേഹത്തിന് ഏറ്റവും പ്രയോജനപ്പെട്ട കഥാപാത്രമായിരുന്നു “ഷാജി പാപ്പാന്‍.” തന്റെ അനുചരവൃന്ദങ്ങള്‍ക്കും പ്രേക്ഷകനും ഒരൂര്‍ജ്ജം തന്നെയായിരുന്നു അദ്ദേഹം. ഷാജി പാപ്പന്റെ ഇന്‍ഡ്രൊഡക്ഷന്‍ രംഗം എടുത്തുപറയേണ്ടതാണ്. സമീപകാലത്ത് സൂപ്പര്‍ താരങ്ങള്‍ക്കുപോലും ലഭിക്കാത്തത്ര കയ്യടിയോടെയായിരുന്നു അദ്ദേഹത്തെ തിയേറ്റര്‍ വരവേറ്റത്.

പഴയ ഗാങില്‍ ഉള്‍പ്പെട്ട ലോലനും അറയ്ക്കല്‍ അബുവും, ക്ലീറ്റസും, ഒക്കെ പാപ്പനോടൊപ്പം പ്രസരിപ്പോടെ തന്നെയുണ്ട്.സൈജു കുറുപ്പ്, സണ്ണി വെയിന്‍, സൃന്ധ, ബൈജു തുടങ്ങി ഓരോരുത്തരും തങ്ങളുടെ വേഷം നന്നായവതരിപ്പിച്ചു. എന്നാല്‍ കൂട്ടത്തില്‍ ഏറ്റവുമധികം ചിരിപ്പിക്കുന്നത് വിനായകന്‍ അവതരിപ്പിക്കുന്ന കഥാപാത്രമാണ്. സംഘത്തലവന് ആവശ്യമായ അമൂല്യമായ “നീലക്കുയില്‍” തേടിക്കണ്ടുപിടിക്കുവാനായെത്തിയ, ബാങ്കോക്ക് അധോലോകത്തിലെ കൊടുംഭീകരനായിരുന്ന ഡ്യൂഡ്, ചില പ്രശ്‌നങ്ങള്‍ നിമിത്തം ദാമോദരന്‍ ഉണ്ണി മകന്‍ ഡന്‍സന്‍ ഇടക്കൊച്ചി എന്നുപേരുള്ള ഹോട്ടല്‍ തൊഴിലാളിയായി ജീവിക്കേണ്ടിവരുന്നു. വളരെ രസകരമായ പ്രകടനങ്ങളായിരുന്നു.

പലപ്പോഴും ലഭിയ്ക്കുന്ന വേഷങ്ങള്‍ ഗംഭീരമാക്കാറുള്ള സേതുലക്ഷ്മിയമ്മ പാപ്പന്റെ അമ്മവേഷം നന്നായവതരിപ്പിച്ചു. ടൈറ്റില്‍ കഥാപാത്രമായ “ആടിനെയും” ഒറ്റ സീനില്‍ കാണിച്ചിരുന്നു. ഇവരേക്കൂടാതെ സോഷ്യല്‍ മീഡിയയിലെ സുപ്രസിദ്ധ ട്രോളന്മാര്‍ വേണു ഓ.വി, ഗണേഷ് ഓ.വി എന്നിവരും ചെറിയ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.

ഒരു ഹാസ്യചിത്രമെന്ന നിലയില്‍ കഥാപരമായ യുക്തിയേക്കുറിച്ച് ചിന്തിക്കുക തന്നെ മൗഢ്യമാണ്. പരസ്പര ബന്ധമില്ലാത്ത കഥാപാത്രങ്ങളെ ബന്ധിപ്പിക്കാന്‍ കൃത്രിമമായി സൃഷ്ടിച്ചെടുത്ത ചില രംഗങ്ങള്‍ സിനിമയുടെ രണ്ടാം പകുതിയില്‍ ചിത്രത്തിന്റെ ബലം തെല്ല് കുറയ്ക്കുവാനിടയായി. ഏതാനും കഥാപാത്രങ്ങളുടെ കാര്യത്തില്‍ പ്രേക്ഷകന് വ്യക്തമായ വിശദീകരണം നല്‍കുവാന്‍ സംവിധായകനു സാധിച്ചതുമില്ല.

ഹൈറേഞ്ചിലെ വടംവലി മത്സരത്തിന്റെ കാഴ്ചകളും, പഴയ വാഹനത്തിലുള്ള യാത്രയും പാപ്പനും കൂട്ടര്‍ക്കും സംഭവിക്കുന്ന അക്കിടികളുമെല്ലാം ചിത്രത്തെ ആസ്വാദ്യകരമായ ഒരനുഭവമാക്കിമാറ്റുന്നു. ക്ലീഷേകള്‍ നിറഞ്ഞതും പ്രതീക്ഷിക്കാവുന്നതുമായ ചില കാഴ്ചകള്‍ക്ക് ആട് വേദിയായിത്തീര്‍ന്നിരുന്നെങ്കിലും, ഹാസ്യസംഭാഷണങ്ങള്‍ തന്നെയാണ് വിരസതയില്ലാതെ തിയേറ്ററിലിരിക്കുന്നതിന് പ്രേക്ഷകനെ ഏറ്റവുമധികം സഹായിച്ചത്. എന്നാല്‍ അശ്ലീലത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിക്കാതെ തന്നെ സംഭാഷണമൊരുക്കുവാനും കഴിഞ്ഞിട്ടുണ്ട്. ഫാന്‍ ഫൈറ്റ് ക്ലബ് മേധാവിയായ ശ്രീ. അശ്വന്ത് കോക്ക് രൂപീകരിക്കുകയും, സമീപനാളുകളില്‍ സോഷ്യല്‍ മീഡിയകളില്‍ ട്രെന്‍ഡ് ആയിമാറുകയും ചെയ്ത “കണ്ടം വഴി ഓട്” എന്ന പ്രയോഗവും തിയേറ്ററില്‍ വലിയ ഓളമുണ്ടാക്കി.

ആദ്യഭാഗത്ത് എന്നതുപോലെ കേരളം ഇന്ന് അഭിമുഖീകരിക്കുന്ന ഏതാണ്ട് എല്ലാ രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങളെയും ആക്ഷേപഹാസ്യത്തിന്റെ കണ്ണുകളിലൂടെ നോക്കിക്കാണാനാണ്സംവിധായകന്‍ ശ്രമിച്ചത്. സിനിമക്കുള്ളില്‍ അറിഞ്ഞോ അറിയാതെയോ വന്നിട്ടുള്ള ചില ബിംബങ്ങളും പ്രതീകങ്ങളും ചില സാമൂഹിക നിലപാടുകളെ ഹാസ്യത്തിന്റെ ചരടിനാല്‍ കോര്‍ത്ത് വിമര്‍ശനവിധേയമാക്കുന്നുണ്ട്.

എം.എം മണിയുടെ “കൊലപ്രസംഗം”, സരിതാ നായരുടെ വീഡിയോ, മേനകാ ഗാന്ധിയുടെ മൃഗപക്ഷ രാഷ്ട്രീയം, ന്യൂജനറേഷന്‍ സിനിമാപ്രവര്‍ത്തകരുടെ ഇടുക്കി ഗോള്‍ഡ് പ്രേമം തുടങ്ങിയ വിഷയങ്ങളെ സംവിധായകന്‍ ആദ്യസിനിമയില്‍ ഹാസ്യവത്കരിച്ചുവെങ്കില്‍, ഇത്തവണ, നോട്ട് നിരോധനം, ജി.എസ്.ടി പിണറായി വിജയന്റെ “കടക്ക് പുറത്ത്” പ്രസ്താവന, തുടങ്ങിയ സമകാലിക സംഭവ വികാസങ്ങളെ സിനിമയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമുണ്ടായിരുന്നു. (എങ്കിലും പഴയ നോട്ട് പ്രാബല്യത്തിലുണ്ടായിരുന്ന കാലയളവില്‍ കഥാപാത്രം ജി.എസ്.ടിയേക്കുറിച്ച് ആകുലപ്പെടുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല.)

ആദ്യഭാഗത്തിലേതു പോലെ തന്നെ, ഓരോ കഥാപാത്രങ്ങള്‍ക്കും പ്രത്യേക പശ്ചാത്തല സംഗീതമൊരുക്കി ഷാന്‍ റഹ്മാനും മിഥുനും വല്ലാത്തൊരു ഊര്‍ജ്ജം സ്‌ക്രീനില്‍ നിറയ്ക്കുന്നുണ്ട്.

ആഘോഷം ഉണര്‍ത്തുന്ന മൂഡിന് അനുയോജ്യമാം വിധം, ഓരോ കഥാപാത്രങ്ങള്‍ക്കും മുന്‍പ് നല്‍കിയ അതേ പശ്ചാത്തലസംഗീതം ഇവിടെയും ഉപയോഗിച്ചു. ഷാന്‍ റഹ്മാന്‍ ഈണം നല്‍കിയ മൂന്നു ഗാനങ്ങളായിരുന്നു പ്രധാനമായും ചിത്രത്തിലുള്ളത്. “ചങ്ങാതി നന്നായാല്‍” എന്നുതുടങ്ങുന്ന ഗാനവും രണ്ട് പെണ്‍കുട്ടികളുടെ ചുവടുകളും രസകരമായിരുന്നെങ്കിലും മറ്റുഗാനങ്ങള്‍ മോശമായിരുന്നു. ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന വിഷ്ണു നാരായണന്റെ പ്രതിഭ വിളിച്ചോതുന്ന ധാരാളം ഫ്രെയിമുകളാല്‍ സമ്പന്നമാണ് ആട്.

പ്രമേയത്തിന്റെ പശ്ചാത്തലമൊരുക്കിയ ഇടുക്കി-അനുബന്ധ പ്രദേശങ്ങളിലെ കൊതിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങളും അക്കാര്യത്തില്‍ ഛായാഗ്രഹകന് പിന്തുണ നല്‍കിയിട്ടുണ്ട്. നിരവധി ഹെലിക്യാം ഷോട്ടുകളും കണ്ണിന് കുളിര്‍മ്മ നല്‍കി. ലിജോ പോളിന്റെ എഡിറ്റിംഗും ചിത്രത്തിന് ചെറുതല്ലാത്ത ഗുണം ചെയ്തു.

ഡബിള്‍ ബാരലി”ലൂടെ തന്നെ വിമര്‍ശിച്ച പ്രേക്ഷകര്‍ക്ക്, തന്റെ ശൈലിയില്‍ നിന്നും അണുവിട വ്യതിചലിക്കാതെ “അങ്കമാലി ഡയറീസി”ലൂടെ മറുപടി നല്‍കിയ ലിജോ ജോസ് പെല്ലിശേരിയേപ്പോലെ, ആട് ആദ്യഭാഗത്തെ വിമര്‍ശിച്ചവര്‍ക്കെല്ലാം മിഥുന്‍ മാനുവല്‍, രണ്ടാം ഭാഗത്തിലൂടെ ഒരു ശക്തമായ മറുപടി നല്‍കിയിരിക്കുകയാണ്.

ആട് 2” ഒരു നിഷ്‌കളങ്ക ഹാസ്യചിത്രമാണ്. സംവിധായകന്‍ മുന്‍കൂര്‍ പറഞ്ഞതുപോലെ, തന്നെ ലോജികിനും ചിന്തയ്ക്കുമൊന്നും പ്രാധാന്യം നല്‍കാതെ അറിഞ്ഞും അറിയാതെയും ചിരിക്കുവാനുള്ള വക നല്‍കുന്ന ഒരു ആക്ഷേപഹാസ്യ ചിത്രം ആസ്വദിക്കാനുള്ള മനസ്സുമായി പോയാല്‍ ആട് 2 നിങ്ങളെ ആഹ്ലാദിപ്പിച്ചേക്കും.