ശ്യാം പ്രസാദ്
മറ്റെന്തിനെക്കാളും ഒരു സിനിമയ്ക്ക് കിട്ടാവുന്ന ഏറ്റവും വലിയ അംഗീകാരമാണ് ഭാവിയിൽ സിനിമ ചർച്ചചെയ്യപ്പെടുന്നതും, അതിനെ ഒരു സ്റ്റഡി മെറ്റീരിയലായി ഉപയോഗിക്കപ്പെടുന്നതും.
അതുകൊണ്ട് തന്നെ സിനിമ എന്ന ദൃശ്യ മാധ്യമത്തിന്റെ ചരിത്രം പറയുന്ന ഏത് കാലഘട്ടത്തിലും ആടുജീവിതം എന്ന സിനിമയും ബ്ലെസ്സി എന്ന ഫിലിംമേക്കറും പൃഥ്വിരാജ് എന്ന നടനും പരാമർശിക്കപ്പെട്ടുകൊണ്ടിരിക്കും. ബ്ലെസ്സി എന്ന ഫിലിംമേക്കറുടെയും പൃഥ്വിരാജ് എന്ന നടന്റെയും ഏറ്റവും മികച്ച ഔട്പുട്ട് കൂടിയാണ് ആടുജീവിതം എന്ന സിനിമ.
നജീബ് എന്ന വ്യക്തി തന്റെ ജീവിതത്തിൽ അതിജീവിച്ച ഏറ്റവും വലിയൊരു നോവിനെ ബെന്യാമിൻ ആടുജീവിതമെന്ന പേരിൽ നോവലാക്കിയപ്പോൾ മലയാളി വായനക്കാർക്കിടയിൽ അത് വലിയ സ്വീകാര്യത നേടി. പത്താം ക്ലാസിലായിരുന്നപ്പോഴാണ് ഞാൻ ആടുജീവിതം ആദ്യമായി വായിക്കുന്നത്. രണ്ടാമതൊരിക്കൽ കൂടി അതൊന്ന് മറിച്ചുനോക്കാനോ, ചർച്ചചെയ്യാനോ സാധിക്കാത്ത തരത്തിൽ അന്നത്തെ പതിനഞ്ചു വയസുകാരനെ ആ കൃതി ഉലച്ചുകളഞ്ഞിട്ടുണ്ട്. നോവൽ പുറത്തിറങ്ങി 16 വർഷങ്ങൾക്കിപ്പുറം ആടുജീവിതം വെള്ളിത്തിരയിലെത്തിച്ചപ്പോൾ മനുഷ്യന്റെ സഹനവും അതിജീവനവും തന്നെയാണ് മറ്റൊരു മനുഷ്യന്റെ കണ്ണുനനയിക്കുന്നതും ഉള്ളുപൊളിക്കുന്നതെന്നുമുള്ള സത്യം സിനിമ എന്ന ദൃശ്യമാധ്യമത്തിലൂടെ ബ്ലെസ്സി ലോകത്തോട് വിളിച്ചുപറയുന്നു.
സിനിമയിലേക്ക് വരുമ്പോൾ സഹനം എന്ന വികാരത്തിനപ്പുറം അതിജീവനം എന്ന വികാരത്തെയാണ് ബ്ലെസ്സി കൂടുതലും പറയാൻ ശ്രമിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ ഡെസേർട്ട് ക്രോസിങ് എന്ന ഏറ്റവും മർമ്മപ്രധാനമായ സർവൈവൽ- ഡ്രാമയെയാണ് സിനിമ കൂടുതലും ഫോക്കസ് ചെയ്യുന്നത് എന്ന് കാണാൻ കഴിയും. 1992- ലാണ് നജീബ് റിയാദിലെത്തുന്നത്. നാട്ടിൽ ദിവസത്തിന്റെ പകുതിയോളം വെള്ളത്തിൽ പണിയെടുക്കുന്ന നജീബിന്റെ മരുഭൂമിയിലെ വരൾച്ചയിലും മണൽകാറ്റിലുമുള്ള ട്രാൻസിഷൻ വളരെ ഭംഗിയായാണ് ബ്ലെസ്സി ചിത്രീകരിച്ചിരിക്കുന്നത്. നജീബിന്റെ ക്യാരക്ടർ ആർക്ക്, വൈകാരിക തലങ്ങൾക്കപ്പുറത്ത്, കഥാപാത്രത്തിന്റെ ശരീരത്തിലൂടെയും, സിനിമാറ്റോഗ്രഫിയുടെ സാധ്യതകൊണ്ടും ബ്ലെസ്സി ഗംഭീരമാക്കുന്നു. അതുതന്നെയാണ് സിനിമയുടെ ആകെത്തുക.
(spoiler alert)
നാട്ടിൽ നിന്നും കൊണ്ടുവന്ന കണ്ണിമാങ്ങ അച്ചാർ സൂക്ഷിച്ചുവെച്ച് ഓരോന്നായി കഴിക്കുന്നത്,നിറയെ നക്ഷത്രങ്ങളുള്ള ആകാശം പ്രതിഫലിക്കുന്ന വെള്ളത്തിൽ തലകുനിച്ച് ആടുകളെ പോലെ വെള്ളം കുടിക്കുന്നത്, കൂട്ടംതെറ്റിയ ആടുകളെ തിരച്ചുകൊണ്ടുവരാൻ പ്രയാസപ്പെട്ട് നിൽക്കുന്ന നജീബിനെ സഹാനുഭൂതിയോടെ പരിഗണിക്കുന്ന കൂട്ടത്തിലെ കുഞ്ഞാട്, മട്ടൻ ബിരിയാണിയിലെ ഇറച്ചി കഴിക്കാൻ സാധിക്കാതെ ആടുകൾക്കിടയിൽ അതിജീവനം മാത്രം മനസിൽകണ്ട് ഇരിക്കുന്ന നജീബ്, ഹക്കീമുമായുള്ള കാലങ്ങൾക്ക് ശേഷമുള്ള കൂടികാഴ്ച, മാനത്തെ ചന്ദ്രനെ നോക്കി സൈനുവിനെ ഓർക്കുന്നത്, കണ്ണാടിയിൽ ആദ്യമായി മുഖം കാണുന്നത്, മസറയിൽ നിന്നും രക്ഷപ്പെടാൻ നേരത്ത് പൈപ്പിൻ ചോട്ടിലിരുന്ന് തല നനക്കുന്നത്, ഡെസേർട്ട് ക്രോസിങ്ങിൽ കാലിൽ പാമ്പ് കയറുന്നത്, പെരിയോനെ എന്ന പ്രാർത്ഥന, ഹക്കീമിന്റെ മരണം, ഇബ്രാഹിം ഖാദിരി അപ്രത്യക്ഷനായ ശേഷം നജീബിന്റെ മരുഭൂമിയിലെ ഏകാന്തത, തുടങ്ങീ ബ്ലെസ്സി എന്ന ക്രാഫ്റ്റ്സ്മാന്റെ കയ്യൊപ്പ് പതിഞ്ഞ നിരവധി മുഹൂർത്തങ്ങൾ സിനിമയിലുടനീളമുണ്ട്. അതുകൊണ്ട് തന്നെ പ്രേക്ഷകന്റെ വൈകാരിക തലങ്ങളെ ഉദ്ദീപിപ്പിക്കുന്നതിനൊപ്പം തന്നെ ദൃശ്യപരമായും സിനിമ മികച്ചുതന്നെ നിൽക്കുന്നു.
നേരത്തെ പരാമർശിച്ചപോലെ മരുഭൂമിയിലെ സഹനത്തേക്കാൾ ഡെസേർട്ട് ക്രോസിങ് എന്ന അതിജീവനത്തെയും, അതിന്റെ ലാൻഡ്സ്കേപ്പുമാണ് സിനിമ എന്ന മാധ്യമത്തിന്റെ സാധ്യതയിലൂടെ ബ്ലെസ്സി സ്വയം പരീക്ഷണവിധേയമാക്കിയതും, നടപ്പിലാക്കിയതും. ബ്ലെസി എന്ന സംവിധായകൻ സിനിമ പഠിക്കുന്ന, സിനിമയെ ഗൗരവകരമായി കാണുന്ന എതൊരാളെ സംബന്ധിച്ചും ഒരു പ്രതീക്ഷയാണ്, അദ്ധേഹമിനി ഒരു സിനിമ ചെയ്തില്ലെങ്കിൽപോലും, ആടുജീവിതം അദ്ദേഹത്തിന്റെ കരിയറിലും ഇന്ത്യൻ സിനിമാചരിത്രത്തിലും എന്നും തലയെടുപ്പോടെ നിൽക്കാൻ സാധിക്കുന്ന ഒരു കലാസൃഷ്ടി തന്നെയാണ്. വലിയ സിനിമകൾ സ്വപനം കാണാനും അതിനു പിന്നിൽ പ്രതീക്ഷ കൈവിടാതെ സഞ്ചരിക്കാനും, മനുഷ്യന്റെ അതിജീവനം പോലെതന്നെ ധൈര്യം പകരുന്ന ഒന്നുതന്നെയാണ്.
പൃഥ്വിരാജ് എപ്പോഴുമൊരു ഡയറക്ടർ മെറ്റീരിയൽ ആണ്. അതിന്റെ ഏറ്റവുമൊടുവിലെ ഉദാഹരണമാണ് നജീബ്. ഒരു കഥാപാത്രത്തിന് വേണ്ടി സ്വന്തം ശരീരത്തെ ഇത്രത്തോളം പാകപ്പെടുത്തിയെടുക്കാനും അതിന് വേണ്ടി ത്യജിക്കാനും തയ്യാറാവുകയെന്നത് വാർത്താപ്രധാന്യത്തിനപ്പുറം നടൻ എന്ന നിലയിൽ അയാൾ വ്യക്തിപരമായി കടന്നുപോവേണ്ട ഘട്ടങ്ങൾ കൂടിയാണ്. മെഷിനിസ്റ്റിന് വേണ്ടി ക്രിസ്റ്റ്യൻ ബെയ്ലും കാസ്റ്റ് എവേക്ക് വേണ്ടി ടോം ഹാങ്ക്സും ബോഡി ട്രാൻസ്ഫോമേഷൻ നടത്തിയപ്പോൾ എങ്ങനെയൊക്കെ ചർച്ചചെയ്യപ്പെട്ടോ അതുപോലെ മലയാളത്തിലും ഒരു നടൻ ഒരു കഥാപാത്രത്തിന് വേണ്ടി ട്രാൻസ്ഫോമേഷൻ നടത്തിയെന്നുള്ളത് സിനിമാചരിത്രത്തിൽ എപ്പോഴും പറയപ്പെടേണ്ട ഒരു കാര്യം തന്നെയാണ്.
നല്ല സംവിധായകരുടെ കയ്യിൽ കിട്ടിയാൽ എന്നും നല്ല ഔട്ട്പുട്ട് തരുന്ന നടൻ തന്നെയാണ് പൃഥ്വിരാജ്. അഞ്ജലി മേനോന്റെ ‘കൂടെ’ ആയിരുന്നു ആടുജീവിതത്തിന് മുൻപുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണം. മലയാള സിനിമ പൃഥ്വിരാജിന്റെ പേരിൽ അറിയപ്പെടണമെന്ന് അയാളൊരിക്കൽ പറഞ്ഞപ്പോൾ ഭൂരിപക്ഷ മലയാളികൾ അതിനെയൊരു അത്യാഗ്രഹമായും, അഹങ്കാരമായും വിലയിരുത്തി. എന്നാൽ ഇന്ന് അത് പൃഥ്വിരാജ് എന്ന നടന്റെ ഹാർഡ്വർക്ക് തന്നെയാണ് എന്ന് ചിലർക്കെങ്കിലും മാറ്റിപറയേണ്ടിവരുന്നുണ്ട്. പൃഥ്വിരാജിനൊപ്പം തന്നെ ചർച്ച ചെയ്യപ്പെടേണ്ട പ്രകടനമാണ് കെ. ആർ ഗോകുൽ അവതരിപ്പിച്ച ഹക്കീം എന്ന കഥാപാത്രം. ഒരു നവാഗതന്റെ പതർച്ചയോ മറ്റോ ഇല്ലാതെതന്നെ ഹക്കീമിനെ ഗോകുൽ ഗംഭീരമാക്കിയിട്ടുണ്ട്.
നോവലിലുള്ളതൊന്നും സിനിമയിൽ പറഞ്ഞില്ലെന്ന വായനക്കാരുടെ വേവലാതിക്ക്, സിനിമ എന്നത് സംവിധായകന്റെ കലയാണെന്നും നോവൽ പോലെയൊരു ബൃഹത് ആഖ്യായിക സിനിമ എന്ന രണ്ടര മണിക്കൂർ ദൈർഘ്യത്തിലേക്ക് കൊണ്ടുവരുമ്പോഴുള്ള പരിമിധിയാണ് ഇതെന്നുമുള്ള ജനാധിപത്യ ബോധ്യം ഇത്തരം ചർച്ചകളിൽ ഉയർന്നുവരണമെന്നും വ്യക്തിപരമായി ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ മസറയിലെ ആടുകളുമായുള്ള നജീബിന്റെ വൈകാരിക അടുപ്പമോ, ഏകാന്തതയോ, അർബാബിന്റെ ക്രൂരതകളോ, ആടുകൾക്ക് പേരിട്ട് വിളിക്കുന്നതോ, സുന്നത്ത് നടത്തുന്നതോ, ലൈംഗിക ബന്ധത്തിലേർപ്പെടുന്നതോ സിനിമയിലില്ല.
ഡെസേർട്ട് ക്രോസിംഗ് എന്ന സർവൈവൽ- ഡ്രാമയെ സിനിമാറ്റോഗ്രഫിയുടെ സാധ്യതകളുമായി സംയോജിപ്പിച്ച് ഗംഭീരമായൊരു ദൃശ്യനുഭമാണ് ആടുജീവിതത്തിലൂടെ ബ്ലെസ്സി പ്രേക്ഷകന് നൽകുന്നത്. ഓരോ ഡ്യൂണുകൾ മറികടക്കുമ്പോഴും അതിന്റെ ജ്യോഗ്രഫിക്കൽ പാറ്റേൺ മാറുന്നത് അതിഗംഭീരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഛായാഗ്രാഹകൻ സുനിൽ കെ. എസ് തീർച്ചയായും കയ്യടി അർഹിക്കുന്നു.
സിനിമയിൽ സംഗീതത്തിന്റെയും പശ്ചാത്തല സംഗീതത്തിന്റെയും ശബ്ദത്തിന്റെയും കൃത്യമായ പ്രയോഗം എങ്ങനെയാണ് പ്രേക്ഷകന്റെ മൂഡ് എലവേറ്റ് ചെയ്യുന്നതെന്ന് ആടുജീവിതത്തിലൂടെ കൃത്യമായി കാണാൻ കഴിയും. എ. ആർ റഹ്മാൻ എന്ന മ്യുസീഷന്റെ പങ്ക് അതിൽ വലുതാണ്. ഡെസേർട്ട് ക്രോസിങ് എന്നതിനെ ഒരു തരത്തിലുള്ള സ്പിരിച്വൽ ജേർണികൂടിയാക്കി മാറ്റാൻ സിനിമയിൽ സംഗീതത്തിനുള്ള പങ്ക് വലുതാണ്. കൂടെ പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവും, മേക്കപ്പ് ആർടിസ്റ്റ് രഞ്ജിത്ത് അമ്പാടിയും, ശബ്ദ മിശ്രണം ചെയ്ത റസൂൽ പൂക്കുട്ടിയും തുടങ്ങീ എല്ലാ ടെക്നീഷ്യൻസും കയ്യടി അർഹിക്കുന്നു.
നജീബ് യഥാർത്ഥ ജീവിതത്തിൽ അനുഭവിച്ച, അതിജീവിച്ച ജീവിതം ബെന്യാമിൻ നോവലാക്കിയപ്പോൾ വായനക്കാർ തങ്ങളുടെ മനസിൽ രൂപപ്പെടുത്തിയെടുത്ത ഒരു മസറയും, മരുഭൂമിയുടെ ലാൻഡ്സ്കേപ്പുമുണ്ട്. സ്വാഭാവികമായും സിനിമയിലേക്ക് വരുമ്പോൾ അത് ബ്ലെസ്സി എന്ന വായനക്കാരന്റെയും ഫിലിംമേക്കറുടെയും ഭാവനയും, സൃഷ്ടിയും, പൂർണ്ണതയുമായി മാറുന്നു. അതാണ് ആടുജീവിതം എന്ന സിനിമ. നോവലിലുള്ള പല ഭാഗങ്ങളും സിനിമയിൽ ഇല്ലെന്ന് കരുതി അതൊരിക്കലുമൊരു അപൂർണ സൃഷ്ടിയായി മാറുന്നില്ല. ആടുജീവിതം നജീബിന്റെതാണ്, ബെന്യാമിന്റെതാണ്, ബ്ലെസിയുടെയും പൃഥ്വിരാജിന്റെയുമാണ്, വായിച്ചറിഞ്ഞ നിരവധി വായനക്കാരുടെതും, സിനിമ കണ്ട പ്രേക്ഷകന്റെയുമാണ്. കൂടാതെ മരുഭൂമിയിൽ ദാഹിച്ചു മരിച്ചുവീണ അനേകം ആത്മാക്കളുടേതുമാണ്!