Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

MOVIE REVIEW

ആത്മാവില്ലാത്ത ആമി

, 7:37 pm

വികലവും അപക്വവുമായ ബയോഗ്രഫി ചിത്രങ്ങള്‍ ഒരു വ്യക്തിയെ എത്രമാത്രം അപമാനിക്കാം എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ആമി.

മലയാളസാഹിത്യത്തില്‍ ‘ഐഡന്റിറ്റി’ എന്നതിന്റെ മധുരവും കയ്പ്പും ജീവിതത്തില്‍ അനുഭവിച്ചും വാക്കുകള്‍കൊണ്ട് എഴുതിയും സമൂഹത്തില്‍ ചോദ്യചിഹ്നമായി കൊണ്ടാടുകയും ചെയ്ത എഴുത്തുകാരിയാണ് മാധവികുട്ടി എന്ന കമല ദാസ്/കമല സുരയ്യ. സാഹിത്യത്തിലെ രൂപരീതിമാറ്റങ്ങളെ അത്യന്തം പ്രോത്സാഹിപ്പിക്കുകയും ആഘോഷമാക്കുകയും ചെയ്തിരുന്ന, ഒറ്റമരങ്ങളെ ആരാധിക്കുകയും ചോദ്യം ചെയ്യുകയും സ്വീകരിക്കുകയും വിമര്‍ശിക്കുകയും ചെയ്ത് സജീവമായി നിലനിര്‍ത്തിയിരുന്ന മലയാളിക്ക് പോലും മാധവികുട്ടി അപ്രതീക്ഷിതമായ ഒന്നായിരുന്നു.

മലയാളം, പെണ്മയില്‍ ജനിച്ച എഴുത്തുകാരികളില്‍നിന്നും അനുഭവിച്ച വാത്സല്യം ആയിരുന്നില്ല മാധവിക്കുട്ടിയുടെ വാക്കുകളില്‍ നിന്ന് അനുഭവിച്ചത്. പ്രതിരോധത്തിന്റെയോ പ്രതികരണത്തിന്റെയോ ഒച്ചപ്പാടുകളില്‍ ഇല്ലാതായിത്തീരുന്നവ ആയിരുന്ന ആ വാക്കുകള്‍. മറിച്ച് അത് പെണ്‍ജീവിതത്തിന്റെ ആകമാനമുള്ള ജൈവികതയും ജീവനവും ആയിരുന്നു. സാഹിത്യത്തിന്റെ സംവേദനരീതികളില്‍ നിന്നും, മുഖങ്ങളില്‍ നിന്നും, സംസാരങ്ങളില്‍ നിന്നുമൊക്കെ ഉള്ള വേറിട്ട വഴിയൊരുക്കളായിരുന്നു, അനുകരിക്കാന്‍ ആവാത്തവിധം സത്യസന്ധമായിരുന്നു.

ആശയപരമായി, വാക്കുകളുടെ തീവ്രതയാലും സാര്‍ത്ഥകതയാലും വളരെ ബൃഹത്താണ് മാധവിക്കുട്ടിയുടെ രചനാലോകം. നോവലുകളും, നൂറിലധികം വരുന്ന ചെറുകഥകളും, നാടകങ്ങളും സ്മരണയും ആത്മകഥയും കവിതകളും എല്ലാം ഉള്‍പ്പെടുന്ന ഒരു യുണിവേഴ്സ് ആണ് മാധവികുട്ടിയുടേത്. തന്റെ കഥാപാത്രങ്ങളിലൊന്നായി സ്വയം പ്രതിഷ്ഠിച്ചുകൊണ്ടുള്ള എഴുത്തുരീതിയുടെ ഫലമാണ് ആത്മകഥയെന്ന ചുവരുകളെ ഭേദിച്ചുകൊണ്ടുള്ള ‘എന്റെ കഥയും’ ‘നീര്‍മാതളം പൂത്തകാലവും’ എല്ലാം. മാധവിക്കുട്ടിയുടെ രചനകളുടെ അടിസ്ഥാനം സ്‌നേഹവും അനുകമ്പയുമാണ്. കഥാപാത്രങ്ങളെ അതിനായുള്ള തിരച്ചിലുകളില്‍ ഇറക്കിവിട്ട് അവയെ കണ്ടെത്തുവാനുള്ള എഴുത്തുകാരിയുടെ വ്യഗ്രതയാണ് മാധവിക്കുട്ടിയുടെ എഴുത്തിന്റെ ശ്വാസവും ജീവനും. നഷ്ടപ്പെട്ട നീലാംബരി തുടങ്ങിയ പ്രശസ്ത കഥകളില്‍ തൊട്ട് ആവര്‍ത്തിച്ചുവരുന്ന ഒന്നാണ് ഇത്.

‘നീര്‍മാതളം പൂത്തകാലം’ എന്ന സ്മരണയുടെ രണ്ടാം ഭാഗത്തില്‍ വ്യക്തമായി ആമി എന്ന താന്‍ സ്‌നേഹം കൊതിക്കുന്നു എന്നടയാളപ്പെടുത്തുന്ന എഴുത്തുകാരി അത് നേടിയെടുക്കുന്നതും മറ്റുമാണ് മാധവികുട്ടികൃതികളുടെ സംഗ്രഹം. സമൂഹം കല്‍പ്പിച്ചുവെച്ച നേര്‍രേഖകളില്‍നിന്നു കുതറിമാറിയും അവയ്ക്കിടയിലും അവയെ കടിച്ചുപൊട്ടിച്ചുമൊക്കെ സ്‌നേഹത്തെ ദാഹിക്കുന്ന, അനുഭവിക്കുന്ന, കെഞ്ചുന്ന, മൃത്യുദാതാവായി കാണുന്ന ഒരുപറ്റം മനുഷ്യരുടെ ആന്തരികതയാണ് മാധവിക്കുട്ടിയുടെ രചനകള്‍.

സ്‌നേഹത്താല്‍ നിര്‍മ്മിതമായ, അതിനായി അലയുന്ന മനുഷ്യന്‍ എപ്രകാരമാണ് ജീവിതാവസ്ഥകളോട് പ്രതികരിക്കുന്നതും വിജയിക്കുന്നതും തോല്‍ക്കുന്നതും തുടങ്ങിയ ചോദ്യങ്ങള്‍ വേശ്യയായും പതിവ്രതയായും വഞ്ചകനായും നിഷേധിയായും കാമുകീകാമുകനായും താനായും പേരില്ലാത്തവളായും/പേരില്ലാത്തവന്‍ ആയും ആണായും പെണ്ണായും ഒക്കെ ഉറക്കെ ചോദിച്ചുകൊണ്ടാണ് മാധവിക്കുട്ടി എഴുതിക്കൊണ്ടേയിരുന്നത്. പ്രാഥമികമായി ആണ്‍-പെണ്‍ എന്നതില്‍ ചവിട്ടിനിന്ന് പ്രണയവും കാമവും മാതൃത്വവും പിതൃത്വവും എന്നുവേണ്ട മാനുഷികമായ എന്തും മാധവിക്കുട്ടിക്ക് കവിതകളായിത്തീര്‍ന്നിരുന്നു.

മലയാളിയുടെ സാഹിത്യവീക്ഷണങ്ങളിലെ പാരമ്പര്യതയുടെ ഇരയാകേണ്ടിവന്ന എഴുത്തുകാരികൂടിയാണ് മാധവിക്കുട്ടി. ‘ലൈംഗികത’ എന്നൊരു പ്രമേയത്തില്‍ മാത്രം അഡ്ഡ്രസ്സ് ചെയ്യപ്പെട്ടുവെന്ന ദുര്‍വിധി, ഒരുപറ്റം വിഭാഗങ്ങള്‍ക്കിടയിലെങ്കില്‍ പോലും നേരിടേണ്ടി വന്നിട്ടുണ്ട് മാധവിക്കുട്ടിക്ക്. പെണ്ണെഴുത്തില്‍ ലൈംഗികത എന്ന പുതുമയ്ക്കപ്പുറം, അവയുടെ സത്യസന്ധതയ്ക്കും ആഴത്തിനുമപ്പുറം മാധവിക്കുട്ടിയുടെ രചനകള്‍ ലൈംഗികവാഹകരായിരുന്നില്ല.

ഒരുപറ്റം ആളുകള്‍ വ്യാഖ്യാനിച്ചതുപോലെ രതിയെ കുറിച്ചുള്ള ആത്മവും ആഴവുമേറിയ തുറന്നുപറച്ചിലുകള്‍ സമൂഹത്തിലെ നോക്കികാണലുകളുടെ രീതികളെ തച്ചുടയ്ക്കുക എന്നൊരുദ്ദേശത്തില്‍ മാത്രം എഴുതപ്പെട്ടവയും ആയിരുന്നില്ല. മറിച്ച് കഥാപാത്രങ്ങളുടെ ശീരഭാരങ്ങളുടെയും അതിന്റെ ദാഹമോഹകാമങ്ങളുടെയും അടയാളപ്പെടുത്തലായി, തികച്ചും സ്വാഭാവികമായി, വാത്സല്യവും സ്‌നേഹവും പോലെ കടന്നുവരുന്നവയായിരുന്നു. മനസ്സിന്റെ കവിതയേയും കവിതാന്വേഷണത്തെയും കവിതാപാനത്തെയും കവിതാനുഭൂതിയെയും ആഘോഷിച്ച മാധവിക്കുട്ടി ആ ഒരു സ്പേസ് ശരീരത്തിനും അതിന്റെ ആകുലതകള്‍ക്കും വരള്‍ച്ചയ്ക്കും ശൈത്യത്തിനും ഒക്കെ നല്‍കിയതിന്റെ ഫലമാണ് ഈ രചനകളും പ്രമേയങ്ങളും.

മാധവിക്കുട്ടിയുടെ ജീവിതകഥ സിനിമയായിത്തീരുമ്പോള്‍ തീര്‍ച്ചയായും അത് പ്രതീക്ഷകളെ വര്‍ദ്ധിപ്പിക്കുന്നു. ജെ സി ഡാനിയേലിനെയും പി കെ റോസിയെയും കുറിച്ചുള്ള കഥ ‘സെല്ലുലോയ്ഡ്’ ആക്കി മാറ്റി മലയാളികള്‍ക്ക് ഒരു ഗംഭീര സദ്യ സമ്മാനിച്ച കമല്‍, വീണ്ടുമൊരു ബയോപിക് ഒരുക്കുന്നു എന്നത് എഴുത്തുകളെ പ്രിയപ്പെടുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം പ്രതീക്ഷാനിര്‍ഭരമായിരുന്നു. എഴുത്തുകാരിയുടെ ജീവിതം പോലെ തന്നെ, ചിത്രീകരണത്തിന് മുമ്പ് തന്നെ വിവാദങ്ങളും സിനിമയ്ക്കൊപ്പം വന്നുചേര്‍ന്നിരുന്നു.

മാധവിക്കുട്ടിയുടെ എഴുത്തും ജീവിതവും അഭ്രപാളിയിലെത്തുമ്പോള്‍ കമല സുരയ്യയിലേക്കുള്ള മതം മാറ്റമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നത് തന്നെയായിരുന്നു വിവാദങ്ങളെ ക്ഷണിച്ച് വരുത്തിയത്. മാധവിക്കുട്ടിയായി സംവിധായകന്‍ കമല്‍ കണ്ടെത്തിയ ബോളിവുഡ് താരം വിദ്യാ ബാലന്റെ അപ്രതീക്ഷിത പിന്‍മാറ്റവും ഒടുവില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് കമല്‍ നടത്തിയ ‘വിദ്യാബാലന്‍ ആയിരുന്നു ആമിയില്‍ എങ്കില്‍ അതില്‍ കുറച്ച് ലൈംഗികതയൊക്കെ കടന്ന് വരുമായിരുന്നു’ എന്നും മറ്റുമുള്ള പക്വതയില്ലാത്ത പ്രൊമോഷന്‍ രീതികളും ചിത്രത്തെ ചര്‍ച്ചാവിഷയമാക്കി മാറ്റിയിരുന്നു.

തന്റെ ബാല്യകാലത്തിലെ ഓര്‍മ്മകളില്‍ നിന്നുമാണ് ആമി പറഞ്ഞുതുടങ്ങുന്നത്. കവയിത്രി ബാലാമണിയമ്മയുടെയും പത്രപ്രവര്‍ത്തകനും ഉദ്യോഗസ്ഥനുമായിരുന്ന വി.എം. നായരുടെയും മകളും, മലയാളഭാഷാ പണ്ഡിതനായ നാലപ്പാട്ട് നാരായണമേനോന്റെ അനന്തരവളുമായി 1934 മാര്‍ച്ച് 31ന് തൃശൂരിലെ പുന്നയൂര്‍കുളത്ത് ജനിച്ച മാധവിക്കുട്ടിയുടെ ബാല്യകാലവും കല്‍ക്കട്ടയില്‍ Walford Transport Companyല്‍ ജോലി ചെയ്തിരുന്ന പിതാവിനാല്‍ കല്‍ക്കട്ടയിലും പുന്നയൂര്‍കുളത്തെ നാലപ്പാട്ടും ചുറ്റുമുള്ള തറവാടുകളിലും ചിലവഴിക്കേണ്ടിവന്ന ബാല്യകാലത്തെ ചില സംഭവങ്ങളിലൂടെ ചിത്രം മുന്നോട്ട് നീങ്ങുന്നു. ഈ ദേശങ്ങള്‍, മനുഷ്യര്‍, സ്വഭാവങ്ങള്‍ എന്നിവ മാധവികുട്ടിയിലെ എഴുത്തുകാരിയെ പാകപ്പെടുത്തിയതിന്റെ ദൃഷ്ടാന്തങ്ങളും, ബാല്യകൗമാരങ്ങളില്‍ അവള്‍ക്ക് അനുഭവിക്കേണ്ടിവന്ന ചില പ്രതികൂലസാഹചര്യങ്ങളും ആദ്യഭാഗങ്ങളില്‍ ചിത്രം പറഞ്ഞുതരുന്നുണ്ട്.

മണ്ണിനോടും വിശ്വാസങ്ങളോടും രീതികള്‍ വഴിവെച്ച ചിന്തകളോടും അത്യന്തം പ്രതിബദ്ധത പുലര്‍ത്തിയ നാലപ്പാട്ട് മനുഷ്യരും നേരെ തിരിച്ചുള്ള കമ്പാര്‍ട്ട്‌മെന്റ് ചെയ്യപ്പെട്ട, മുറികളോട് ഇഷ്ടമുള്ള, ഏകജീവിതം നയിക്കുന്ന കല്‍ക്കട്ടയിലെ മനുഷ്യരും തമ്മിലുള്ള താരതമ്യപഠനവും, ഇവയെല്ലാം മാധവിക്കുട്ടിയുടെ ജീവിതത്തിലുണ്ടാക്കിയ സ്വാധീനങ്ങളും ചിത്രം വ്യക്തമാക്കുകയാണ്. തന്റെ അമ്മാവനായ നാരായണമേനോനില്‍ നിന്നും വിദേശ ക്ലാസ്സിക്കുകളും മറ്റും കേട്ടും വായിച്ചും പഠിച്ച മാധവികുട്ടി ബാല്യകാലത്തിലെ കവിതകള്‍ എഴുതുമായിരുന്നു. പതിനഞ്ചാം വയസ്സില്‍ മാധവ് ദാസ് എന്നയാളുമായി വിവാഹവും തുടര്‍ന്നുള്ള എഴുത്തും അവളില്‍ ചില ദുരനുഭവങ്ങളും കോറിയിടുന്നു. സ്വപ്നവും പ്രണയവും വിരഹവും എല്ലാം തന്റെ തൂലികയിലൂടെ മറയില്ലാതെ പറഞ്ഞു വെച്ച മാധവിക്കുട്ടി, സ്ത്രീകളുടെ പരമിതികളെ മാറ്റിവെച്ച്, അര്‍ഹതപ്പെട്ട സ്വാതന്ത്ര്യത്തില്‍ ജീവിച്ചു.

മാധവിക്കുട്ടിയുടെ ജീവിതത്തെ പ്രമേയമാക്കി രാധാ-കൃഷ്ണ പ്രണയത്തിലൂടെ, ഒരു കലാകാരിയുടെ അനുഭവങ്ങളെ വര്‍ണ്ണിക്കുകയാണ് ആമി. ആമി. പതിഞ്ഞ താളത്തിലാണ് ചിത്രത്തിന്റെ ചലനം. ഒരു വാണിജ്യസിനിമയ്ക്ക് വേണ്ടതായ ആഖ്യാനമികവോ വേഗതയോ ചിത്രം ആര്‍ജ്ജിച്ചിട്ടില്ല. നാടകീയമായ രംഗങ്ങളും, ചില അഭിനേതാക്കളുടെ അസ്വാഭാവിക പ്രകടനങ്ങളും ചിത്രത്തെ വളരെ മോശം അനുഭവമാക്കിമാറ്റുന്നു. പ്രാധാന്യമര്‍ഹിക്കാത്ത വിഷയങ്ങളെ ഏറെ സമയമെടുത്ത് കാണിക്കുകവഴി വിരസമായ സിനിമാനുഭവമാണ് പ്രേക്ഷകനു ലഭിക്കുന്നത്.

ജീവിതത്തോടുള്ള സത്യസന്ധതയാണ് മൗലികത എന്ന് വിശ്വസിച്ചിരുന്ന അപൂര്‍വ്വം എഴുത്തുകാരില്‍ ഒരാളായിരുന്ന മാധവിക്കുട്ടിയുടെ ജീവിതകഥയോട് സംവിധായകന്‍ ആഖ്യാനത്തില്‍ സത്യസന്ധത കാണിച്ചതേയില്ല. നായികയ്ക്കും എഴുത്തുകാരിക്കും പ്രേക്ഷകനുമിടയില്‍ ശങ്കിച്ചു നില്‍ക്കുന്ന കമല്‍ എന്ന സംവിധായകനെ പലപ്പോഴും കാണാം. അതിഭാവുകത്വങ്ങളും വിലകുറഞ്ഞ സംഭാഷണരംഗങ്ങളും ഇത്തരം പോരായ്കകള്‍ക്ക് കുടയേന്തുകയും ചെയ്തു.

മാധവിക്കുട്ടിയുടെ മാനസിക സംഘര്‍ഷങ്ങള്‍ക്കും തൂലികകൊണ്ടുള്ള പോരാട്ടങ്ങള്‍ക്കും അനുകമ്പയ്ക്കും വിലനല്‍കിക്കൊണ്ട് അവരുടെ ജീവിതത്തെ ഉയര്‍ത്തിക്കാണിക്കുവാന്‍ സംവിധായകന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, മതം മാറ്റം സംബന്ധിച്ചുള്ള വിഷയങ്ങളില്‍ പ്രേക്ഷകന് ആവശ്യമായ വിശദീകരണം നല്‍കാതെ അദ്ദേഹം മുങ്ങിത്തപ്പുകയാണുണ്ടായത്. ബയോഗ്രഫി ആണെങ്കിലും, മാധവിക്കുട്ടിയുടെ സൃഷ്ടികളില്‍, ആത്മകഥയെന്നോ കാല്‍പ്പനികതയെന്നോ സ്വപ്നമെന്നോ അവര്‍ പോലും സമ്മതിച്ചുതരാത്ത വിഷയങ്ങളെ അതേപടി തിരശ്ശീലയിലെത്തിക്കുവാന്‍ ചിത്രത്തിലൂടെ ഒരു ശ്രമം നടന്നിരുന്നു. മാധവിക്കുട്ടികളുടെ എഴുത്തുകളെ സ്വപ്നമെന്നോ യാഥാര്‍ത്ഥ്യമെന്നോ വിലയിരുത്തുവാന്‍ കഴിയില്ല. ‘എന്റെ കഥ’ ആത്മകഥയാണെന്നാണ് മാധവിക്കുട്ടി ആദ്യം പറഞ്ഞിരുന്നതെങ്കിലും പിന്നീട് അത് സ്വപ്നമായിരുന്നു എന്ന് തിരുത്തി. കാല്‍പനികമായ എഴുത്തിലൂടെ എല്ലാം സത്യമാണെന്ന് വിശ്വസിപ്പിച്ചു.

ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളും അന്ധവിശ്വാസങ്ങളും അതിനോടുള്ള മാധവിക്കുട്ടിയുടെ പ്രതികരണങ്ങളും സംവിധായകന്‍ വ്യക്തമാക്കുവാന്‍ ശ്രമിക്കുന്നു. മതത്തിന്റെയും ജാതിയുടേയും പേരില്‍ വര്‍ഗീയ ഫാസിസം പിടിമുറുക്കിയ ഒരു കാലഘട്ടത്തിലാണ് മാധവിക്കുട്ടി അതിനെതിരെ ശബ്ദമുയര്‍ത്തുന്നതും ഒറ്റപ്പെടുന്നതും. വര്‍ഗീയ ഫാസിസ്റ്റികള്‍ക്ക് മാധവിക്കുട്ടിയുടെ അവസാന കാലഘട്ടങ്ങള്‍, പ്രത്യേകിച്ച് കമല സുരയ്യയിലേക്കുള്ള മാറ്റം അംഗീകരിക്കാന്‍ പറ്റില്ല. കഴിയാത്തതിനാല്‍ ഇവരുടെ പ്രക്ഷോഭങ്ങളും എതിര്‍പ്പുകളും സിനിമയില്‍ ചിത്രീകരിച്ചിട്ടുണ്ട്. സ്വാതന്ത്ര്യസമര പോരാട്ടങ്ങളെയും ചെറുത്തുനില്‍പ്പുകളെയും ഗാന്ധിജിയുടെ സമരത്തോട് ഒത്തുനില്‍ക്കുവാനുള്ള ജനങ്ങളുടെ ആഗ്രഹത്തേയും, വിഭജനത്തേയും ചിത്രം വര്‍ണ്ണിക്കുന്നുണ്ട്. ‘എന്റെ കഥ’ ഉണ്ടാക്കിയ ആഘാതങ്ങളും, ‘പക്ഷിയുടെ മണം, സമ്മര്‍ ഇന്‍ കല്‍ക്കത്ത’ തുടങ്ങിയവ എഴുതുവാനുണ്ടായ സാഹചര്യങ്ങളും, പൊതുസമൂഹത്തോടുള്ള ചില ചോദ്യങ്ങളാണ്.

കൗമാരക്കാരിയില്‍ നിന്നും, മാധവിക്കുട്ടിയും, കമലാദാസും, കമല സുരയ്യയുമൊക്കെയായി പകര്‍ന്നാടിയ സ്ത്രീയുടെ ജീവിതാനുഭവങ്ങളെ പിന്‍തുടരുന്ന ക്യാമറ ആ ജീവിതത്തിന്റെ സൂക്ഷ്മഭാവങ്ങളെ പകര്‍ത്തുമ്പോഴും, അവരുടെ സ്വകാര്യതയിലേക്ക് കച്ചവടക്കണ്ണുകളോടെ കടക്കുന്നില്ല എന്നതും, ഈയിടെ നടത്തിയ സംവിധായകന്റെ വിദ്യാ ബാലന്റെ പേരുചേര്‍ത്ത വിവാദ പ്രസ്താവനയും തമ്മില്‍ കൂട്ടിവായിക്കുമ്പോള്‍ സംവിധായകനോട് സഹതാപമാണ് തോന്നുന്നത്. സ്വവര്‍ഗ്ഗസ്‌നേഹിയായ കഥാപാത്രത്തെ ചിത്രത്തില്‍ കോമാളിവേഷമാണ് കെട്ടിച്ചിരിക്കുന്നത്. കഥാപാത്രങ്ങളുടെ സംഘര്‍ഷാവസ്ഥ കാണിക്കുന്നതില്‍ ഒരു ന്യൂ ജനറേഷന്‍ സംവിധായകന്റെ മാനസിക പക്വത പോലും കമലിന് ഉണ്ടായിരുന്നില്ലേ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

രണ്ടാം വരവില്‍ മഞ്ജു വാര്യര്‍ തുടര്‍ച്ചയായി കേട്ടുകൊണ്ടിരിക്കുന്ന ആക്ഷേപമാണ് അഭിനയത്തിലെ കൃത്രിമത്വം. കഴിഞ്ഞവര്‍ഷമിറങ്ങിയ രണ്ടുചിത്രങ്ങളും ഈ ആരോപണങ്ങള്‍ക്ക് ഭാഗികമായ മറുപടി നല്‍കിയെങ്കില്‍, അത്രമേല്‍ അസഹ്യമായ വിധത്തിലാണ് ആമിയില്‍ മഞ്ജു പെര്‍ഫോം ചെയ്തിരിക്കുന്നത്. വേഷഭൂഷാധികളും, നാടകത്തട്ടിലെന്നതുപോലെ തോന്നുന്ന സംഭാഷണരംഗങ്ങളും ചിത്രത്തെ ദുരനുഭവമാക്കി മാറ്റുന്നതില്‍ മുഖ്യപങ്കുവഹിച്ചു. എഴുത്തുകളെ സ്‌നേഹിക്കുന്ന മലയാളികള്‍ക്ക് അറിയുന്ന വായിച്ചറിഞ്ഞ മാധവിക്കുട്ടിയുടെ ആകാരവുമായി തുലനം ചെയ്യുകയാണെങ്കില്‍ സൗന്ദര്യം, വശ്യത തുടങ്ങിയ പരാമര്‍ശങ്ങള്‍ പരാമര്‍ശങ്ങള്‍ ‘ആമി’യിലെ നായികയുമായി ഏതുവിധത്തില്‍ ഇഴചേരുമെന്ന് സംവിധായകന്‍ ഒന്നുകൂടി വിചിന്തനം നടത്തേണ്ടിയിരിക്കുന്നു. ആമിയുടെ ബാല്യകൗമാരങ്ങള്‍ അവതരിപ്പിച്ച കുട്ടികള്‍ നന്നായഭിനയിച്ചപ്പോള്‍ ‘ടൊവിനോയുടെ കൃഷ്ണനെ’ പലപ്പോഴും ‘എന്ന് നിന്റെ മൊയ്തീനി’ലെ അപ്പുവേട്ടനെ ഓര്‍മ്മിപ്പിച്ചു. കെ.പി.എ.സി ലളിത, മുരളി ഗോപി, അനില്‍ നെടുമങ്ങാട് എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു.

എം. ജയചന്ദ്രന്‍ന്റെ ഗാനങ്ങള്‍ ഇത്തവണ ശരാശരിയില്‍ ഒതുങ്ങുമ്പോള്‍ പശ്ചാത്തലസംഗീതം മികവു പുലര്‍ത്തി. പഴയ കല്‍ക്കത്തയുടെ തെരുവുകളും വാണിജ്യസ്ഥാപനങ്ങളും ആമിയുടെ ഭവനവുമെല്ലാം കലാസംവിധായകന്റെ കഴിവുകളെ വിളിച്ചോതുന്നു.

ബയോപിക്കുകള്‍ പലപ്പോഴും യഥാര്‍ത്ഥ വ്യക്തികള്‍ക്ക് അഭിമാനമായിത്തീര്‍ന്ന ചരിത്രങ്ങളുണ്ട്. ഒരു മാസ്റ്റര്‍ പീസ് ആയി മാറേണ്ടിയിരുന്ന ജീവിതകഥയെ വികലവും വിരസവുമായ ചലച്ചിത്രാനുഭവമാക്കിമാറ്റിക്കൊണ്ട് പ്രേക്ഷകനെ ഒന്നടങ്കം ബുദ്ധിമുട്ടിക്കുകയാണ് സംവിധായകന്‍. എഴുത്തിലൂടെ പരിചയപ്പെട്ട മാധവിക്കുട്ടിയെ അടുത്തറിയണമെന്ന് ആഗ്രഹിച്ച് ടിക്കറ്റെടുക്കുന്ന പ്രേക്ഷകന് ‘ആമി’ ഒരുവിധത്തിലുമുള്ള തൃപ്തി പ്രദാനം ചെയ്യുന്നില്ല. അനുവാചകരെ സ്പര്‍ശിക്കുന്ന ഒരു രംഗം പോലും ചിത്രത്തിലില്ല. കമല്‍ ഇത്രയധികം അലസമായി സംവിധാനം ചെയ്ത മറ്റൊരു ചിത്രമുണ്ടോ എന്നും സംശയമാണ്. അതുകൊണ്ടുതന്നെ കഥാകാരിയോടോ പ്രേക്ഷകനോടോ ചിത്രം ഒരുവിധത്തിലും നീതിപുലര്‍ത്താത്ത ‘ആമി’ എക്കാലവും മാധവിക്കുട്ടി എന്ന എഴുത്തുകാരിക്ക് തന്നെ ബാധ്യതയാണ്. ഒരു മികച്ച എഴുത്തുകാരിക്ക് കമല്‍ നല്‍കിയ ബഹുമതി…!

Advertisement