“Cinema seats make people lazy. They expect to be given all the information. But for me, question marks are the punctuation of life”- Abbas Kiarostami
ശക്തമായ ഭരണകൂട സെൻസറിങ് നേരിട്ടുകൊണ്ടാണ് എല്ലാകാലത്തും ഇറാനിൽ നിന്നും മനോഹരമായ സിനിമകൾ പിറവികൊള്ളുന്നത്. തടവറയിൽ കഴിഞ്ഞും ഭരണകൂടത്തിൽ നിന്ന് ഒളിച്ചും പാത്തും അവർ സിനിമകൾ നിർമ്മിച്ചു, ചെറിയ നിർമ്മാണ ചെലവലിൽ കലാമൂല്യമുള്ള സിനിമകൾ നിർമ്മിച്ച് പാം ഡി ഓറും ഓസ്കറുമടക്കം നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളും പ്രേക്ഷക പ്രശംസയും വാരിക്കൂട്ടുന്നു. ഇറാനിയൻ സിനിമകളെ പറ്റി പറയുമ്പോൾ അബ്ബാസ് കിയറോസ്തമിയെ പരാമർശിക്കാതെ യാതൊന്നും പൂർണമാവില്ല. സാമ്പ്രദായികമായ സിനിമ സങ്കല്പങ്ങളെ അട്ടിമറിക്കുകയും, കാവ്യാത്മകമായ ഒരു സിനിമ സംസ്കാരം രൂപപ്പെടുത്തിയെടുക്കുകയും അതിനെ കാലങ്ങൾക്കനുസരിച്ച് നവീകരിക്കുകയും ചെയ്തു എന്നത് തന്നെയാണ് അബ്ബാസ് കിയറോസ്തമി എന്ന ഫിലിം മേക്കറെ ലോക സിനിമയിൽ അടയാളപ്പെടുത്തുന്ന പ്രധാന ഘടകം. 1970കളിൽ തുടക്കമിട്ട ഇറാനിയൻ നവ തരംഗ സിനിമയുടെ തുടക്കക്കാരിൽ ഒരാൾ കിയറോസ്തമിയായിരുന്നു. കിയറോസ്തമി വിടവാങ്ങിയിട്ട് ഇന്നേക്ക് എട്ട് വർഷങ്ങൾ കഴിയുന്നു.
1940 ജൂൺ 2 ന് ടെഹറാനിലെ ഒരു സാധാരണ കുടുംബത്തിലാണ് കിയറോസ്തമി ജനിക്കുന്നത്. ചെറുപ്പത്തിലേ ചിത്രരചനയിൽ കഴിവ് തെളിയിച്ചതു കൊണ്ട് തന്നെ, പിന്നീട് ടെഹറാനിലെ ഫൈൻ ആർട്സ് യൂണിവേഴ്സിറ്റിയിൽ നിന്നും പെയിന്റിങ്ങിലും ഗ്രാഫിക് ഡിസൈനിങ്ങിലും ബിരുദമെടുത്തു. പിന്നീട് ഒരു പരസ്യ കമ്പനിയിൽ ജോലി ചെയ്യുകയുണ്ടായി, ആ സമയത്താണ് നൂറോളം പരസ്യ ചിത്രങ്ങൾ കിയറോസ്തമി ചെയ്യുന്നത്. കൂടെ കുട്ടികൾക്കായുള്ള ചിത്രകഥാ പുസ്തകങ്ങളും രചിക്കുകയുണ്ടായി. അതിനു ശേഷമാണ് സിനിമ രംഗത്തേക്കിറങ്ങുന്നതും Institute of intellectual development of children and young adults-ൽ ഒരു സിനിമ നിർമാണ യൂണിറ്റ് ആരംഭിക്കുന്നതും, പിന്നീട് അത് ഇറാനിലെ ഏറ്റവും മികച്ച സ്റ്റുഡിയോ ആയി മാറിയത് ചരിത്രം. ആ കാലഘട്ടത്തിലാണ് 12 മിനിറ്റ് ദൈർഘ്യമുള്ള ‘ബ്രെഡ് ആന്റ് അലി’ നിർമ്മിക്കുന്നത്. അത് ഇറാനിയൻ ന്യൂ വേവ് സിനിമകൾക്ക് തുടക്കം കുറിക്കുകയുണ്ടായി, 1974 ൽ സംവിധാനം ചെയ്ത ‘റിപ്പോർട്ട്’ ആണ് ആദ്യ മുഴുനീള സിനിമ. അതിന് ശേഷം 1987 ലാണ് ‘Where is the friend’s house?’ ചെയ്യുന്നത്. കിയറോസ്തമി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടാൻ തുടങ്ങുന്നതും ഈ സിനിമയ്ക്ക് ശേഷമാണ്.
ഇറാനിയൻ സിനിമ ചരിത്രം പരിശോധിച്ചാൽ, where is the friend’s house? നു മുൻപും ശേഷവും എന്ന കൃത്യമായ വേർതിരിവ് കാണാൻ സാധിക്കും, ഇറാനിൽ ന്യൂ വേവ് സിനിമയ്ക്ക് തുടക്കമിട്ടു എന്ന് മാത്രമല്ല, പിന്നീട് കുട്ടികൾ പ്രധാന കഥാപാത്രങ്ങളായും അവരുടെ മാനസിക സംഘർഷങ്ങൾ പ്രമേയമാക്കിയും ഒരുപാട് സിനിമകൾ നിർമ്മിക്കാൻ ഇറാനിലെ സംവിധായകർക്ക് പ്രചോദനമായി എന്നത് തന്നെയാണ് കിയറോസ്തമിയുടെയും where is the friend’s house?എന്ന സിനിമയുടെയും ചരിത്രപരമായ പ്രാധാന്യം. ലീനിയർ നറേഷനിലൂടെ, സാധാരണക്കാരായ ജനങ്ങളെ വെച്ച് ഇറാന്റെ ദൃശ്യ ഭംഗി ഓരോ ഫ്രെയിമയിലും ഒപ്പിയെടുത്ത് കിയറോസ്തമി ഒരു ചലച്ചിത്ര കാവ്യം നിർമ്മിച്ചപ്പോൾ അത് ലോക സിനിമയ്ക്ക് തന്നെ ഏറ്റവും മികച്ച സംഭാവനയായി പിൽക്കാലത്ത് മാറി.
കാഴ്ച എന്നത് ഒരു അനുഭവമായി മാറുന്നത് കിയറോസ്തമിയുടെ സിനിമകളിലൂടെയാണ്, ഒരു ഫ്രെയിമിൽ ദൃശ്യത്തെ കാണുമ്പോൾ അതിന് പുറത്ത് ഒരുപാട് കാഴ്ചകളുണ്ട് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്, ആ വാക്യത്തിന്റെ പൂർണത അദ്ദേഹത്തിന്റെ ഓരോ ഫ്രെയിമുകളിലും കാണാൻ സാധിക്കും. പ്രേക്ഷകനെ പ്രസ്തുത ഫ്രെയിമിന് പുറത്തേക്ക് ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നത് തന്നെയാണ് ഓരോ സിനിമകളും. ഒരേ പുറംചട്ടയുള്ള സഹപാഠിയുടെ നോട്ടുപുസ്തകം ക്ലാസ്സ് മുറിയിൽ വെച്ച് അറിയാതെ മാറിയെടുത്തത് വീട്ടിലെത്തിയതിന് ശേഷമാണ് അഹമദ് അറിയുന്നത്. പിറ്റേന്ന് ഹോം വർക്ക് ചെയ്ത് അധ്യാപകനെ കാണിക്കാനുള്ളത് കൊണ്ട് തന്നെ അത് തിരിച്ച് കൊടുക്കാനായി സഹാപാഠിയുടെ പോഷ്തെയിലുള്ള വീടന്വേഷിച്ച് അഹമദ് പുറപ്പെടുന്നതാണ് സിനിമയുടെ പ്രമേയം.
അഹമദിന്റെ കൂടെ ഓരോ നിമിഷവും പ്രേക്ഷകനും യാത്ര ചെയ്യുകയാണ്, അവന്റെ വ്യഥകളിലൂടെ,പേടിയിലൂടെ, ക്യൂരിയോസിറ്റിയിലൂടെ ,നിരാശയിലൂടെ എല്ലാം നമ്മളും യാത്ര ചെയ്യുകയാണ്, യാത്രയിൽ അഹമദ് കാണുന്ന ഓരോ മനുഷ്യരിലൂടെയും എഴുപതുകളിലെ ഇറാൻ എന്തായിരുന്നെന്നും എങ്ങനെയാണ് ആ കാലഘട്ടത്തിലെ സംസ്കാരം ജീവിതത്തെ സ്വാധീനിച്ചിരിക്കുന്നതെന്നും കാണാൻ സാധിക്കും. അഹമദിന് സഹപാഠിയുടെ വീട് കണ്ടെത്താൻ കഴിയണേ എന്ന് തന്നെയാവും സിനിമ കണ്ടുകൊണ്ടിരിക്കുന്ന ഓരോ പ്രേക്ഷകനും ചിന്തിക്കുന്നത്. ഇരുട്ട് ഓരോ ഫ്രെയിമിനെയും ഇരുട്ട് മൂടിതുടങ്ങുമ്പോൾ അഹമദിനൊപ്പം നമ്മളും വിഷമിക്കും.
കുട്ടികളെ കൂടാതെ മൂന്ന് വിഭാഗം മനുഷ്യരെ സിനിമയിൽ കാണാൻ സാധിക്കും. ഒന്നാമത്തേത് അധ്യാപകരാണ്, എപ്പോഴും ഒരു പേടിയോടെ ക്ലാസിലിരിക്കുന്ന കുട്ടികൾ, ഹോം വർക്ക് ചെയ്യാത്തതിന്റെ പേരിൽ അവരെ ബുള്ളി ചെയ്യുന്ന ഒരു അധ്യാപകനെയാണ് സിനിമയുടെ തുടക്കത്തിൽ കാണാൻ സാധിക്കുന്നത്. ഇതിനെ തുടർന്നുള്ള കുട്ടികളിലുണ്ടാവുന്ന മാനസിക സംഘർഷങ്ങളുടെ ആകെതുകയാണ് ഈ സിനിമ തന്നെ. രണ്ടാമത്തെ വിഭാഗം എന്ന് പറയുന്നത് മാതാപിതാക്കളാണ്. ഒട്ടും തന്നെ അനുകമ്പയില്ലാതെ പെരുമാറുന്ന മാതാപിതാക്കളെ സിനിമയിൽ കാണാൻ സാധിക്കും. നോട്ടുപുസ്തകം മാറിയെടുത്തതാണ്, അത് തിരിച്ച് കൊടുക്കണം എന്ന് പറയുമ്പോഴും അഹമദിന്റെ അമ്മ അതിന് കൃത്യമായ ഒരു പ്രതിവിധി പറയുന്നില്ല, മാത്രമല്ല അഹമദിനെ നിരുത്സാഹപ്പെടുത്തുകയും അവനെ കൊണ്ട് വീട്ടു ജോലികൾ ചെയ്യിക്കുകയുമാണ് ചെയ്യുന്നത്.
മൂന്നാമത്തെ വിഭാഗമായി സിനിമയിൽ വരുന്നത് വൃദ്ധരാണ്. ഭൂതകാല സ്മരണകളിൽ അഭിരമിച്ചു കഴിയുന്ന വൃദ്ധർ, തങ്ങളുടെ ഭൂതകാലമായിരുന്നു ശരിയെന്നും കരുതുന്നുണ്ട്, തങ്ങളുടെ മാതാപിതാക്കൾ അടിച്ചു വളർത്തിയത് കൊണ്ടാണ് അവർക്കെല്ലാം സിസ്റ്റമാറ്റിക് ആയൊരു ജീവിത ക്രമം രൂപപ്പെട്ട് വന്നതെന്ന് വിശ്വസിക്കുകയും മറ്റെല്ലാത്തിനെയും നിരാകരിക്കുകയും ചെയ്യുന്നു.
ഇത്തരം മൂന്ന് വിഭാഗങ്ങളുടെ ഇടപെടലുകളിലൂടെ കുട്ടികളുടെ ജീവിതവും മാനസികനിലയും എങ്ങനെയാണ് മാറുന്നതെന്ന് സിനിമ കൃത്യമായി സംസാരിക്കുന്നുണ്ട്. ക്ലാസിൽ ഡസ്ക്കിനടയിൽ കുനിഞ്ഞിരിക്കുന്ന ഒരു കുട്ടിയോട് എന്താണ് അനങ്ങനെയിരിക്കുന്നതെന്ന് ചോദിക്കുമ്പോൾ അവൻ പറയുന്നുണ്ട് നടുവേദന കാരണമാണെന്ന്. ആ കുട്ടിക്ക് ഇത്രയും ചെറിയ പ്രായത്തിൽ എങ്ങനെ നടുവേദന വന്നു എന്ന് സിനിമയിൽ പിന്നീട് കാണിക്കുന്നുണ്ട്.. ശാരീരിക-മാനസിക പീഡനങ്ങളും മറ്റും നേരിടുന്ന ഒരുപാട് ഇറാനിയൻ ബാല്യങ്ങളുടെ പ്രതിനിധിയാണ് അഹമദും സിനിമയിലെ ഓരോ കുട്ടികളും.
മനോഹരമായ ദൃശ്യ ഭംഗി തന്നെയാണ് സിനിമയെ ഗംഭീരമാക്കുന്ന മറ്റൊരു ഘടകം. അഹമദിന്റെ കൂടെ ഓരോ വഴികളിലും പ്രേക്ഷകൻ സഞ്ചരിക്കുമ്പോൾ ഇറാന്റെ ഭൂമിശാസ്ത്രം തന്നെ നമ്മുക്ക് ദർശിക്കാൻ സാധിക്കും. ലളിതമായ ആഖ്യാനങ്ങളിലൂടെയും ഗംഭീരമായ സിനിമകൾ എടുക്കുവാൻ സാധിക്കും എന്നതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ഈ സിനിമ.
കോക്കർ ത്രയത്തിലെ ആദ്യ ചിത്രം കൂടിയാണ് where is the friend’s home. ‘Through the olive trees’, ‘And life goes on’ എന്നിവയാണ് കോക്കർ ത്രയത്തിലെ മറ്റ് ചിത്രങ്ങൾ. ഇറാനിൽ ഭൂകമ്പത്തിൽ നാമാവശേഷമായ ‘കോക്കർ’ എന്ന ഗ്രാമത്തിൽ വെച്ചാണ് മൂന്ന് സിനിമകളും നടക്കുന്നത്.
1997 ൽ പുറത്തിറങ്ങിയ ‘Taste of cherry’ ആ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവലിൽ പാം ഡി ഓർ കൂടി നേടിയതോടെ അബ്ബാസ് കിയറോസ്തമിയുടെ പ്രശസ്തി ലോക സിനിമ പ്രേക്ഷകർക്കിടയിലും, നിരൂപകർക്കിടയിലും വീണ്ടും വർദ്ധിച്ചു, മരണത്തെയും അതിജീവനത്തെയും പറ്റി ദാർശനികമായും ആത്മീയമായും സംസാരിച്ച സിനിമയായിരുന്നു Taste of cherry. സംഭാഷണങ്ങളിലൂടെ കഥാപാത്രങ്ങളുടെ ചിന്തകളും മനോനിലകളും വേർപ്പെടുത്തിയെടുക്കുന്ന ഒരു ഫിലിം മേക്കറുടെ കയ്യൊപ്പ് ഈ സിനിമയിൽ കൃത്യമായി കാണാൻ സാധിക്കും.
ഒരു കവി കൂടിയായ കിയറോസ്തമി, തന്റെ സിനിമകളിലും ആധുനിക ഇറാനിയൻ കവിതകളുടെ റഫറൻസുകൾ കൊണ്ടു വരാറുണ്ട്, ഇത്തരത്തിൽ കാവ്യാത്മകമായ മറ്റൊരു സിനിമയാണ് ‘The Wind will carry us’. കഥ മുഴുവനും പറഞ്ഞു തീർക്കലല്ല സിനിമയുടെ ജോലി എന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്, പ്രേക്ഷകനു മുമ്പിൽ പ്രത്യക്ഷപ്പെടാത്ത കഥാപാത്രങ്ങളെ സിനിമയിൽ കാണാൻ സാധിക്കും. അദൃശ്യമായിരിക്കുന്ന അത്തരം മനുഷ്യരും ചോദ്യങ്ങൾ ബാക്കി വെക്കുന്ന കഥകളും തന്നെയാണ് കിയറോസ്തമിയെ വ്യത്യസ്തനാക്കുന്നത്.
90 കളുടെ തുടക്കത്തിലാണ് ‘Close-Up’ പോലെയൊരു സെമി ഡോക്യു-ഫിക്ഷൻ സിനിമ കിയറോസ്തമി ചെയ്യുന്നത്, പരമ്പരാഗതമായ സിനിമ ശൈലികളെ നിരാകാരിച്ചുകൊണ്ട് ക്ലോസ് അപ്പ് ചെയ്യുമ്പോൾ പിന്നീട് ഒരുപാട് ആഘോഷിക്കപ്പെടുന്ന ഒരു കിയറോസ്തമി സിനിമയായി അത് മാറുമെന്ന് അദ്ദേഹം പോലും ചിന്തിച്ച് കാണില്ല. മനുഷ്യന്റെ നിസ്സഹായവസ്ഥകൾ ഇത്രയും യാഥാർത്ഥ്യത്തോടെ ചിത്രീകരിച്ചു എന്നത് തന്നെയാണ് ക്ലോസ് അപ്പിനെ ഏറ്റവും പ്രിയപ്പെട്ടതാക്കുന്നത്.
2002 ൽ ഇറങ്ങിയ ‘Ten’ ആണെങ്കിലും 2008 ൽ ഇറങ്ങിയ ‘Shirin’ ആണെങ്കിലും കിയറോസ്തമിയുടെ ഏറ്റവും അവസാന സിനിമയായ ‘24 Frames’ ആണെങ്കിലും സാമ്പ്രദായികമായ സിനിമ സങ്കൽപ്പങ്ങളെയെല്ലാം അത് അട്ടിമറിച്ചിട്ടുണ്ട്. സിനിമയെടുക്കാൻ ഒരു കാറോ,ഒരു മുറിയോ,ഒരു ഫോട്ടോഗ്രാഫോ ധാരളമാണെന്ന് അദ്ദേഹത്തിന്റെ സിനിമകളിലൂടെ കടന്നു പോവുമ്പോൾ നമ്മുക്ക് മനസിലാവും, അത് ആത്മീയമായ ഒരു ഉണർവാണ്. ‘In the total darkness, poetry is still there, and it is there for you.’ എന്ന കിയറോസ്തമി വാക്യത്തിന്റെ തുടർച്ചയാണത്. എല്ലാത്തിലും കല അവശേഷിക്കുന്നു എന്ന പരമമായ സത്യം.
സിനിമ DW ഗ്രിഫിത്തിൽ നിന്ന് തുടങ്ങി അബ്ബാസ് കിയറോസ്തമിയിൽ അവസാനിക്കുന്നു എന്ന് പറഞ്ഞത് ഗൊദാർദ് ആണ്. സിനിമ പൂർണത കൈവരിക്കുന്നത് ഒരു ദൃശ്യാനുഭവമായി തന്നെ എല്ലാ സിനിമകളിലും നമ്മുക്ക് ദർശിക്കാൻ സാധിക്കും. ഇറാനിൽ നിന്ന് കിയറോസ്തമിയെയോ നേരെ തിരിച്ചോ ഒരു വേർപ്പെടുത്തൽ ഒരിക്കലും സാധ്യമല്ല. രണ്ടും ചേർന്ന് നിൽക്കുമ്പോഴാണ് സിനിമ മനോഹരമാവുന്നതും, അത് ലോകത്തിന്റെ അതിർത്തികൾ മായിച്ചു കളയുന്നതും!