ഡോ. സാബിന്‍ ജോര്‍ജ്
അതിജീവനം അപകടത്തിലാകുന്ന സന്ദര്‍ഭങ്ങളില്‍, പരിണാമത്തിന്റെ ഏറ്റവും വിജയകരമായ രൂപമെന്ന് നമ്മള്‍ തന്നെ അവകാശപ്പെടുന്ന മനുഷ്യന്റെ മുമ്പില്‍ രണ്ടു വഴികള്‍ തെളിയുന്നു. ഒന്ന് ഭയം കൊണ്ട് പലായനം ചെയ്യുക അല്ലെങ്കില്‍ നിലനില്‍പിനായി പൊരുതുക. പ്രതിസന്ധികളില്‍ ഒരു വ്യക്തിയുടെ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ പോലും പ്രവര്‍ത്തനം നടത്തുന്നത് ഈ രണ്ടു സാധ്യതകളിലാണ്. “നിപ” എന്ന പേര് ഇന്ന് മലയാളിയെ ഭയപ്പെടുത്തുന്നില്ല, പകരം ജാഗരൂകനാക്കുന്നു. കാരണം സമാനതകളില്ലാത്ത ഭയത്തിന്റെ നിപ രോഗകാലത്തെ പൊരുതി അതിജീവിച്ചവരാണ് നമ്മള്‍. വീണ്ടുമൊരു നിപ്പക്കാലത്ത്, വൈറസ് എന്ന സിനിമ തിയേറ്ററുകളിലെത്തുമ്പോള്‍ അതു നമുക്ക് നല്‍കുന്നത് ഭയമല്ല പകരം നമുക്ക് സാധ്യമായ അതിജീവനത്തിന്റെ ആഖ്യാനം നല്‍കുന്ന പ്രതീക്ഷയുടെ, ഒരുമയുടെ നുറുങ്ങുവെട്ടമാണ്.
പ്ലേഗും, ക്ഷയവും, കുഷ്ഠവും, വസൂരിയും, പേവിഷബാധയും തുടങ്ങി ഒട്ടനവധി പകര്‍ച്ചവ്യാധികള്‍ മനുഷ്യരാശിയുടെ നിലനില്‍പ്പിനെ ചോദ്യം ചെയ്തിരുന്ന ഒരു കാലത്തില്‍ നിന്ന് ആന്റിബയോട്ടിക്കുകളും പ്രതിരോധ വാക്‌സിനേഷനുകളും ആയുധമാക്കി പൊതുജനാരോഗ്യം വിജയക്കൊടി പാറിച്ച , രോഗങ്ങളെ വെല്ലുവിളിച്ച കാലത്തിലൂടെ കടന്നു വന്നവരാണ് നാം. എന്നാല്‍ എയ്ഡ്‌സും, എബോളയും, പക്ഷിപ്പനിയുമൊക്കെ ഇടയ്ക്കിടെ മനുഷ്യനെ വെല്ലുവിളിച്ച് എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം കോഴിക്കോട്, മലപ്പുറം ജില്ലകളിലുണ്ടായ നിപ രോഗമാണ് ആരോഗ്യരംഗത്തെ മലയാളിയുടെ അജയ്യതയെ ചോദ്യം ചെയ്ത്, അവനിലെ നിസ്സഹായനെ നമ്മുടെ കണ്‍മുമ്പില്‍ പുറത്തു കൊണ്ടുവന്നത്.
2018 ലെ നിപ രോഗബാധയുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളും സാഹചര്യങ്ങളും ഉപയോഗപ്പെടുത്തി കൊണ്ട് സൃഷ്ടിച്ച വൈറസ് എന്ന ചിത്രം കാണുമ്പോള്‍ ആദ്യം അഭിനന്ദിക്കേണ്ടതായി തോന്നിയത് തിരക്കഥാകൃത്തുക്കളായ മുഹ്‌സിന്‍ പരാരി, ഷറഫു, സുഹാസ് എന്ന മൂവര്‍ സംഘത്തെയും, സംവിധായകനായ ആഷിഖ് അബുവിനെയുമാണ്. കാരണം മലയാളി അത്രത്തോളം അടുത്തറിഞ്ഞ ഒരുപാടു മാനങ്ങളുള്ള, വൈദ്യശാസ്ത്രവും, ജീവശാസ്ത്രവും, പൊതുജനാരോഗ്യവും ഉള്‍ക്കൊള്ളുന്ന സംഭവ പരമ്പരകളില്‍ നിന്ന് സിനിമാറ്റിക് ആയിട്ടുള്ള ഒരു പ്ലോട്ട് കൃത്യമായി കണ്ടെത്തിയതിന്. മലയാള സിനിമയ്ക്ക് അന്യമായ മെഡിക്കല്‍ ആക്ഷന്‍ ത്രില്ലര്‍ എന്ന ജോണറില്‍ പെടുത്താവുന്ന, മള്‍ട്ടി നരേറ്റീവ് ഹൈപ്പര്‍ ലിങ്ക് എന്ന് നിരൂപകര്‍ ഉപയോഗിക്കുന്ന രീതിയില്‍ രൂപപ്പെടുത്തിയ മികച്ച തിരക്കഥയാണ് വൈറസിന്റെ നട്ടെല്ല്. ഒരു പക്ഷേ കേവലമൊരു ഡോക്യുമെന്ററി വഴിയിലേക്ക് വഴുതിപ്പോയേക്കാമായിരുന്ന തന്റെ ഉദ്യമത്തിന്റെ ഷാര്‍പ്പ് ഫോക്കസ് തിരക്കഥ എഴുതിയവര്‍ക്ക് ബോധ്യമാക്കിയ സംവിധായകനും വേണം പ്രത്യേക ക്രെഡിറ്റ്. 2011 ല്‍ പുറത്തിറങ്ങിയ Contagion എന്ന സ്റ്റീവന്‍ സോഡര്‍ബര്‍ഗ് സിനിമയുടെ ജനുസില്‍ പെടുത്താം ഈ ചിത്രത്തെ. ഒപ്പം റോബിന്‍ കുക്കെന്ന അമേരിക്കന്‍ ഡോക്ടര്‍ എഴുത്തുകാരന്റെ നിരവധിയായ പൊതുജനാരോഗ്യ സംബന്ധിയായ മെഡിക്കല്‍ അനുബന്ധ വിഷയങ്ങളിലെ ഫിക്ഷന്‍ എഴുത്തുകളോടും ഇതിനെ ബന്ധിപ്പിക്കാം. വൈറസ് എന്ന പേരില്‍ തന്നെ ഒരു പുസ്തകം അദ്ദേഹത്തിന്റേതായുണ്ട്. Fear, Fight, Survival എന്ന ചിത്രത്തിന്റെ ടാഗ് ലൈനിന്റെ നിയതമായ വഴിയിലൂടെ കൃത്യമായ യാത്ര നടത്തുന്ന വൈറസ് ഒരു ആക്ഷന്‍, മെഡിക്കല്‍, ശാസ്ത്ര സിനിമയുടെ ത്രില്ലിനൊപ്പം മനുഷ്യ, കുടുംബ, സാമൂഹ്യ ബന്ധങ്ങളുടെ ആര്‍ദ്രതയും നൊമ്പരവും പകരുന്നതോടെ കുടുംബത്തിനാകെ ഒരുമിച്ച് കാണാവുന്ന ചിത്രമാകുന്നു. ഭയമല്ല ഈ ത്രില്ലറിന്റെ ഹൈലൈറ്റ്. മനുഷ്യന്റെ പോരാട്ടവും, പ്രതീക്ഷകളും ആത്യന്തികമായ അതിജീവനവുമാണ്.
മൂന്നു ഘട്ടങ്ങളിലൂടെ തന്നെയാണ് സിനിമയുടെ യാത്ര. പേരും, നാടും, മതവും, തിയതികളും ഒന്നും പ്രസക്തമല്ലാത്ത രോഗികളുടെ, മുറിവേറ്റവരുടെ അവരെ കാക്കുന്ന ഡോക്ടര്‍മാരുടെ മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ചിരപരിചിത ദൃശ്യങ്ങളിലൂടെ സഞ്ചരിക്കുന്ന രാജീവ് രവിയുടെ ക്യാമറയിലേക്ക് അസാധാരണ കാഴ്ചയായെത്തുന്നത് പല രോഗികളിലായി ഒരേ ലക്ഷണങ്ങളുമായെത്തുന്ന അപരിചിത രോഗത്തിന്റെ വരവാണ്. തലച്ചോറില്‍ നീര്‍വീക്കമുണ്ടാകുമ്പോള്‍ കാണപ്പെടുന്ന ലക്ഷണങ്ങള്‍. ഡെങ്കിപ്പനി പോലെയുള്ള സ്ഥിരം സന്ദര്‍ശകരില്‍ നിന്ന് മാറ്റമുള്ള ഒന്ന്. ഒരു കുടുംബത്തിലെ നാലു പേരിലും പടര്‍ന്ന് മരണത്തിലെത്തിച്ച, അതീവ സാംക്രമിക സ്വഭാവമുള്ള ഒന്ന്. ആരോഗ്യമുള്ള ശരീരത്തില്‍, വൈറസിനോട് പൊരുതാന്‍ ശേഷിയുള്ള ശരീരത്തില്‍ പോലും പെറ്റുപെരുകി തലച്ചോറിനെ കുഴപ്പത്തിലാക്കുന്ന വൈറസ് എന്‍സിഫ് ലൈറ്റിസ്. സാധാരണക്കാരനെയും, ഡോക്ടറെയും, നഴ്‌സിനെയും പിടി കൂടിയ അപകടകാരി. ഇവന്‍ പടര്‍ത്തുന്ന ഫിയര്‍ കാലാവസ്ഥയാണ് ചിത്രത്തിന്റെ ആദ്യഘട്ടം. ജീവിതനിയോഗം പോലെ ഡോ.സലിം അതു നിപയാകാമെന്നു സംശയിക്കുന്നതോടെ നാട് പുതിയൊരു രോഗത്തെ നേരിട്ടറിയുന്നു. ഗൂഗിള്‍ സെര്‍ച്ചുകളില്‍ നിപയെ കുറിച്ചുള്ള വിവരങ്ങള്‍ തേടി അലയുന്ന ഡോക്ടര്‍മാരും, പൊതുജനവും. ലോകാരോഗ്യ സംഘടനയുടെ മുന്‍ഗണനാ ലിസ്റ്റിലുള്ള Zoonotic അഥവാ ജന്തുജന്യ സാംക്രമിക രോഗമായ, 75 ശതമാനം മരണനിരക്കുള്ള നിപ രോഗം. പ്രതിരോധ കുത്തിവെയ്‌പ്പോ, കൃത്യമായ മരുന്നോ ഇല്ലാത്തതെന്ന് പറയപ്പെടുന്ന രോഗം. ആദ്യരോഗിയില്‍ നിന്ന് (lndex Patient) ഇരുപത്തിയൊന്ന് പേരിലേക്ക് പകര്‍ന്നതിനാല്‍ അവരില്‍ നിന്ന് 25 മടങ്ങായി 625ലേക്ക് പകരാവുന്ന രോഗം. രോഗത്തെ കൈകാര്യം ചെയ്തുള്ള മുന്‍ പരിചയത്തിന്റെ അഭാവം. ഇതൊക്കെ ചേര്‍ന്ന് സൃഷ്ടിക്കുന്ന ആശങ്കയുടെ ഭയത്തിന്റെ മുന്നിലേക്ക് തൊണ്ട, രക്തം, മൂത്രം സാമ്പിളുകളില്‍ നിന്ന് നിപയുടെ സ്ഥിരീകരണവുമായി മണിപ്പാലില്‍ നിന്ന് ഡോ.സുരേഷ് രാജന്‍ (കുഞ്ചാക്കോ ബോബന്‍) എത്തുന്നു.
ഇവിടെ നിന്നാണ് ചമയങ്ങളില്ലാതെ താരങ്ങളുടെ ഒരു നിര തന്നെ പ്രത്യക്ഷപ്പെടുന്ന പോരാട്ടത്തിന്റെ (Fight) ആരംഭിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സംഘവും കേരള സര്‍ക്കാരും, ആരോഗ്യ മന്ത്രിയും കളക്ടറും, ഡോക്ടര്‍മാര്‍ മുതല്‍ കരാര്‍ ജീവനക്കാര്‍ വരെ. ശാസ്ത്രജ്ഞര്‍ക്കും, ഡോക്ടര്‍മാര്‍ക്കും മാത്രമായി പൊരുതി ജയിക്കാന്‍ പറ്റാത്ത പോരാട്ടത്തില്‍ നഷ്ടങ്ങളെ വകവെയ്ക്കാതെ പടയ്ക്കിറങ്ങിയ സമൂഹത്തിന്റെ വിവിധ തുറകളിലെ ഒരു പറ്റം ആളുകള്‍. ഇവര്‍ക്ക് നേരിടേണ്ടത് നിപയെ മാത്രമല്ല വ്യക്തിപരമായ ദുഃഖങ്ങളെ, സമൂഹത്തിന്റെ ഒറ്റപ്പെടുത്തലുകളെ, കുടുംബത്തെയോര്‍ത്തുള്ള പരിഭ്രാന്തികളെ, വ്യാജ വൈദ്യന്‍മാരെ, ശാസ്ത്രം ആരുടെ തേങ്ങയെന്ന് തര്‍ക്കിക്കുന്ന ചാനല്‍ ചര്‍ച്ചകളെ, മാധ്യമ വിചാരണകളെ, പൊതുജനത്തിന്റെ ഭയത്തെ അജ്ഞതയെ, കുഞ്ഞുമക്കളുടെ ചോദ്യങ്ങളെ, മതവികാരങ്ങളെ, രോഗബാധയുടെ തീവ്രവാദ, ജൈവായുധ, മരുന്നുമാഫിയ തിയറികളെ തുടങ്ങി നിരവധിയായ പ്രതിബന്ങ്ങളെ. രോഗത്താല്‍ മരിച്ചവരുടെ മൃതദേഹം ബന്ധുക്കളെ പോലും കാണിക്കാതെ സംസ്‌കരിക്കുക, രോഗിയുമായി ബന്ധമുണ്ടായവരെ മാറ്റി പാര്‍പ്പിക്കുക, ഒരേ സമയം 2833 പേരെ നിരീക്ഷിക്കുക, മാസ്‌ക് കൈയുറ, ഗൗണ്‍ തുടങ്ങിയ വ്യക്തിഗത സുരക്ഷ (PP Kit) ഉപയോഗം, റംസാന്‍ കാലത്തെ പഴവര്‍ജ്ജനം, കല്യാണം, മരണം, പ്രാര്‍ത്ഥന എന്നിവയ്ക്കായുള്ള ഒത്തുചേരലുകള്‍ക്കുള്ള നിരോധനം തുടങ്ങിയുള്ള രോഗനിയന്ത്രണ പ്രോട്ടോക്കോള്‍ മലയാളി അനുഭവിച്ചറിയുകയായിരുന്നു. പഴയ വസൂരിക്കാലത്തെ ഓര്‍മ്മിപ്പിക്കുന്ന അയിത്തക്കാലം. ഒപ്പം രോഗബാധയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമവും, മരുന്ന് വിദേശത്തു നിന്ന് എത്തിക്കുന്നതും.
ഭയവും പോരാട്ടവും കടന്ന് അതിജീവനത്തില്‍ എത്തുന്നതാണ് സിനിമയുടെ മൂന്നാമത്തേയും അവസാനത്തെയും ഘട്ടം. കഷ്ടപ്പെട്ട ഒരൊറ്റ രോഗിയെ പലവിധത്തില്‍, നേരിട്ടോ അല്ലാതെയോ, നേരില്‍ കാണുക പോലും ചെയ്യാതെ സഹായിച്ച ബന്ധപ്പെട്ട 21 പേരുടെ മരണം അഥവാ രക്തസാക്ഷിത്വം ആണ് വീണ്ടും അടുത്തിരിക്കുന്ന ദിവസങ്ങളിലേക്ക്, കൂട്ടം കൂടാനുള്ള പേടിയില്‍ നിന്ന് കൂടിയിരിക്കാനുള്ള അവസരങ്ങളിലേക്ക് നമ്മെ എത്തിച്ചതെന്ന് സമ്മതിക്കുന്ന, പരസ്പര സഹായത്തിലൂടെ ഒറ്റക്കെട്ടായ പോരാട്ടത്തിലൂടെയാണ് നാം അതിജീവിച്ചതെന്ന സന്ദേശമാണ് വൈറസ് ഒടുവില്‍ നല്‍കുന്നത്.
ഒരു സിനിമയെന്ന നിലയില്‍ സന്ദേശങ്ങള്‍ക്കും, ബോധവത്കരണത്തിന് അപ്പുറം അതിജീവനത്തിന്റെ, പ്രതീക്ഷയുടെ, സ്‌നേഹത്തിന്റെ സര്‍വോപരി ഒരു ത്രില്ലറിന്റെ മൂഡാണ് വൈറസ് നല്‍കുന്നത്. സക്കറിയ എന്ന ആദ്യരോഗിയിലേക്ക് വൈറസ് എങ്ങിനെ എത്തിയെന്നും അത് പിന്നീടെങ്ങനെ പരിചിതരും അപരിചരുമായ 21 പേരിലേക്കെത്തിയെന്നുമുള്ള രോഗ സംക്രമണ ചക്രത്തിന്റെ അഥവാ Epidemiology അന്വേഷണമാണ് വൈറസിലെ മെഡിക്കല്‍ ത്രില്‍. രോഗബാധിതനാകുന്നതിനു മുമ്പ് സക്കറിയ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത, Identify this creature എന്ന അടിക്കുറിപ്പോടു കൂടിയ ഫോട്ടോയില്‍ തുടങ്ങുന്ന അന്വേഷണം ഒടുവിലെത്തുന്നത് നിപ വൈറസിനെ പകര്‍ത്തി നല്‍കി ഉറവിടമായി വര്‍ത്തിച്ച വില്ലനിലാണ്. ഈ വില്ലനെ കണ്ടെത്താനും, അവന്‍ നടന്ന വഴികളെ ലിങ്ക് ചെയ്ത് വിദഗ്ധ സഹായികളും നടത്തുന്ന യാത്രയിലെ ആകസ്മികതകളും സംശയങ്ങളും തിരക്കഥയെ പുതുമയുള്ളതാക്കി. ചെറിയ ചെറിയ സീനുകളിലൂടെയാണ് പല സ്ഥലങ്ങളിലേക്കും, സംഭവങ്ങളിലേക്കും, സമയങ്ങളിലേക്കും സൈജു ശ്രീധരന്‍ എഡിറ്റ് ചെയ്ത സിനിമ സഞ്ചരിക്കുന്നത്. ഇതിനൊക്കെ ഇടയില്‍ മലയാളത്തിലെ എണ്ണം പറഞ്ഞ താരനിര മത്സരിച്ച് സമ്മാനിച്ച കഥാപാത്രങ്ങളുടെ വ്യക്തിത്വമുള്ള സംഭാവനകളും.തന്റെ മോനാണല്ലോ എല്ലാവര്‍ക്കും രോഗം പരത്തിയതെന്ന് വിഷമിക്കുന്ന, അതിനാല്‍ എല്ലാവര്‍ക്കും അവനോട് ദേഷ്യമുണ്ടാകുമെന്ന് സങ്കടപ്പെടുന്ന സക്കറിയയുടെ ഉമ്മയുടെ സങ്കടം ത്രില്ലറിന്റെ ആര്‍ദ്രതയാകുന്നു. ഒടുവിലത്തെ രോഗിയായി എത്തുന്ന ഉണ്ണികൃഷ്ണന്‍ എന്ന ഒറ്റ ബുദ്ധിക്കാരനായി എത്തിയ സൗബിന്‍ അസാമാന്യ പ്രകടനം നടത്തി. പാര്‍വതി, ശ്രീനാഥ് ഭാസി, സുധീഷ്, ഇന്ദ്രന്‍സ്, ഇന്ദ്രജിത്ത്, ജോജു, അസിഫലി എന്നിവരുടെ കഥാപാത്രങ്ങള്‍ മായാതെ നില്‍ക്കുമ്പോള്‍ യഥാര്‍ത്ഥ കഥയിലെ ശൈലജ ടീച്ചറിന്റെ ആത്മവിശ്വാസവും, ആര്‍ജ്ജവവും അവതരിപ്പിക്കാന്‍ രേവതി പിന്നോക്കം പോയി. ഷൈജു ഖാലിദിനെ കൂട്ടി ക്യാമറ ചെയ്ത രാജീവ് രവിയും, പശ്ചാത്തല സംഗീതം സൃഷ്ടിച്ച സുശീല്‍” ശ്യാമും ക്രാഫ്റ്റ് ഉറപ്പിച്ചു.
നിപ പോലൊരു സെന്‍സിറ്റീവ് ചിത്രമൊരുകുമ്പോള്‍ കാണിക്കേണ്ട തികഞ്ഞ അവധാനതയോടെ മനോഹരമായി തീം അവതരിപ്പിച്ച ആഷിഖ് അബുവിന് അഭിമാനിക്കാം. മലയാളി അടുത്തറിഞ്ഞ ഒരു സംഭവ പരമ്പരയെ പഴുതുകളില്ലാത്ത തിരക്കഥയാക്കി മാറ്റിയ മൂന്ന് എഴുത്തുകാര്‍ മലയാളത്തിലെ ആദ്യത്തെ മെഡിക്കല്‍ ത്രില്ലറിന്റെ കര്‍ത്താക്കള്‍ എന്ന് ഓര്‍മ്മിക്കപ്പെടും. മികച്ച തിരക്കഥയ്ക്ക് അവാര്‍ഡുകള്‍ അവരെ തേടിയെത്തും ഉറപ്പ്.
Read more
നിങ്ങള്‍ മക്കളോടൊപ്പം വൈറസ് കാണുക. മനുഷ്യന്റെ അതിജീവനത്തിന്റെ കഥ ഭയമില്ലാതെ അവരും കാണട്ടെ. പൊതുജനാരോഗ്യമെന്നത് സര്‍വ ജീവജാലങ്ങളെയും പ്രകൃതിയേയും സംരക്ഷിക്കുന്ന ഏകാരോഗ്യം (One Health ) എന്ന സങ്കല്‍പ്പത്തിലായിരിക്കണമെന്ന വലിയ സന്ദേശം അവര്‍ പഠിക്കട്ടെ. സക്കറിയ പ്രത്യക്ഷപ്പെടുന്ന മനോഹരമായ അവസാനരംഗം പറയുന്നതും ഭൂമിയുടെ നിരവധിയായ ഈ അവകാശികളേ കുറിച്ചാണ്.