ഭ്രമയുഗം: അധികാരമെന്ന ഹിംസയുടെ ഉന്മാദം

ശ്യാം പ്രസാദ് 

ഭയമെന്ന വികാരത്തെ ഓരോ മനുഷ്യരും നിർവചിക്കുന്നത് വ്യത്യസ്തമായ രീതികളിലാണ്. ഓരോരുത്തരുടെയും മനോനിലകൾ തന്നെയാണ് ഇത്തരം നിർവചനങ്ങളുടെ തുടക്കവും ഒടുക്കവും. ഭയം എന്നത് അധികാര നഷ്ടമായും നമുക്ക് വായിക്കാൻ കഴിയും, അത്തരമൊരു അധികാരവും അതിന്റെ തുടർച്ചകളും ഇതിനിടയിലുള്ള അധികാരമില്ലാത്ത മനുഷ്യരെയും മനോഹരമായി ചിത്രീകരിച്ച സിനിമയാണ് രാഹുൽ സദാശിവന്റെ ‘ഭ്രമയുഗം’.

May be an image of text

‘ഭൂതകാലം’ എന്ന ചിത്രം തൊട്ട് പ്രേക്ഷകർ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ഒരു ഫിലിംമേക്കർ കൂടിയായിരുന്നു രാഹുൽ സദാശിവൻ. മലയാള സിനിമാ പ്രേക്ഷകർ കണ്ടുശീലിച്ച പരമ്പരാഗതമായ ഹൊറർ ഫോർമുലകളിൽ നിന്നും വ്യത്യസ്തമായി മനുഷ്യന്റെ ആന്തരിക സംഘർഷങ്ങളും, മാനസികാരോഗ്യവും ചർച്ച ചെയ്തുകൊണ്ട് ഭൂതകാലം എന്നൊരു പരീക്ഷണ ചിത്രം ചെയ്യാൻ ശ്രമിച്ചത് തന്നെ അയാളിലെ ക്രാഫ്റ്റ്സ്മാനെ വെളിപ്പെടുത്തുന്ന ഒന്നായിരുന്നു. അതിന്റെ തുടർച്ചയും ഏറ്റവും മികവാർന്നതുമായ മറ്റൊരു തലമാണ് മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ഭ്രമയുഗം.

Image

ബ്ലാക്ക് ആന്റ് വൈറ്റ് ചലച്ചിത്രങ്ങളുടെ ഭംഗി, മറ്റൊന്നിനെ കൊണ്ടും മറികടക്കാൻ കഴിയാത്ത ഒന്നാണെന്ന് ലോക സിനിമയിലെ സമീപകാലത്ത്, അതായത് 2010 ന് ശേഷമിറങ്ങിയ ചില ചലച്ചിത്രങ്ങൾ എടുത്തനോക്കിയാൽ തന്നെ അറിയാൻ കഴിയും. ബെല താറിന്റെ ‘ദി ട്യൂറിൻ ഹോഴ്സ്’, അൽഫോൺസോ ക്വാറോണിന്റെ ‘റോമ’, പാവേൽ പാവ്ലികോവ്സ്കിയുടെ ‘ഐഡ’, ‘കോൾഡ് വാർ’, റോബർട്ട് എഗ്ഗേഴ്സിന്റെ ‘ദി ലൈറ്റ്ഹൌസ്’, ഗ്രേറ്റ ഗെർവിഗിന്റെ ‘ഫ്രാൻസസ് ഹാ’, ഡേവിഡ് ഫിഞ്ചറുടെ ‘മാങ്ക്’ തുടങ്ങീ പ്രേക്ഷകന് ഗംഭീരമായ സിനിമാറ്റിക് അനുഭവം തന്ന മികച്ച സിനിമകൾ നമ്മുക്ക് മുന്നിലുണ്ട്.

അത്തരത്തിൽ ലോക സിനിമയിലേക്ക് മലയാളത്തിന്റെ സംഭാവനയാണ് രാഹുൽ സദാശിവന്റെ ഭ്രമയുഗമെന്ന് സിനിമയുടെ ആദ്യ കാഴ്ചയിൽ തന്നെ പറയാൻ കഴിയും. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം, യൂറോപ്യൻ അധിനിവേശം ഇന്ത്യയിലെ നാട്ടുരാജ്യങ്ങളെ കീഴടക്കാൻ തുടങ്ങുന്ന ഒരു കാലഘട്ടത്തിലെ കഥ പറയുന്നതുകൊണ്ട് തന്നെ കറുപ്പിലും വെളുപ്പിലുമല്ലാതെ മറ്റൊരു മാധ്യമത്തിൽ സിനിമ സങ്കൽപ്പിക്കാൻ കഴിയില്ല എന്നത് തന്നെയാണ് സത്യം.

ഡോൺ പാലത്തറയുടെ ‘1956 മധ്യ തിരുവിതാംകൂർ’ എന്ന ചലച്ചിത്രത്തിന്റെ ഫെസ്റ്റിവൽ പ്രദർശനം നഷ്ടമായ മലയാളികൾക്ക്, പ്രത്യേകിച്ച് പുതുതലമുറയ്ക്ക് തീർച്ചയായും നവ്യമായ ഒരു തിയേറ്റർ അനുഭവം കൂടിയാണ് ഭ്രമയുഗം സമ്മാനിച്ചിരിക്കുന്നത്.

1956, Central Travancore (2019) - IMDb

ഭയമൊരു ഒച്ചിനെ പോലെ സിനിമയിലുടനീളം ഒളിച്ചിരിക്കുന്നുണ്ട്. കാടും പുഴയും കടന്ന്, തേവൻ എന്ന പാണൻ പഠിപ്പുര കയറിച്ചെല്ലുമ്പോൾ അയാൾ പ്രേക്ഷകനെയും ഒപ്പം കൂട്ടുന്നു. അയാളെ പോലെ തന്നെ സ്ഥല കാലത്തിന്റെ അപരിചിതത്വത്തിൽ പ്രേക്ഷകനും ഒരു ദീർഘനിശ്വാസം വലിക്കുന്നു. എന്നാൽ കൊടുമൺ പോറ്റിയും അയാളുടെ തകർന്നു തുടങ്ങിയ ഇല്ലവും വേലക്കാരനും, മുറുക്കാൻ ചെല്ലവും, പല്ലിലെ കറയും, മെതിയടിയും, ഊന്നുവടിയും, പകിടയും, എല്ലാം പരിചിതമെങ്കിലും ആദ്യ കാഴ്ചയിൽ തന്നെ എവിടെയോ ഒരു നിഗൂഢത സൃഷ്ടിക്കുന്നുണ്ട്.

അതുതന്നെയാണ് ആദ്യ പകുതിക്ക് മുന്നേ തന്നെ സിനിമയിലേക്ക് ഇറങ്ങി ചെല്ലാൻ പ്രേക്ഷകനെ പ്രേരിപ്പിക്കുന്ന ഘടകം. തേവനെ കൊണ്ട് പാട്ട് പാടിച്ച് പോറ്റി അയാൾക്കൊരു ‘അഭയം’ കൊടുക്കുന്നു, ഉടുക്കാൻ മുണ്ട് കൊടുക്കുന്നു, ഭക്ഷണം കൊടുക്കുന്നു. ചരിത്രത്തിലെ ക്രിമിനൽ കാസ്റ്റിന്റെ കുഴികുത്തി കഞ്ഞി കൊടുത്ത ആ പഴയ ‘സവർണ്ണർ ചെയ്ത ദാന’ത്തിന്റെ പ്രതിനിധാനം ഇവിടെയും കാണാൻ കഴിയും.

Image

നാടൻ കരിങ്കോഴിയും, കഞ്ഞിയും, ചേമ്പും കാച്ചിലും, ഉറുമ്പ് തോരനും, തേങ്ങാ പൂളും, നെല്ലിട്ട് വാറ്റിയ നാടൻ മദ്യവും അടങ്ങുന്ന പോറ്റിയുടെ ഭക്ഷണ രീതികളും അത് കഴിക്കുന്ന തരവും കറുപ്പിലും വെളുപ്പിലുമുള്ള അതിന്റെ ഒതുക്കമില്ലായ്മയും പ്രേക്ഷകനെ പിടിച്ചിരുത്തുന്നു.

Image

ഈ ഒതുക്കമില്ലായ്മ തന്നെയാണ് ചിത്രത്തിന്റെ ഭംഗി. കെട്ടുപാടുകളില്ലാതെ, ഒതുക്കം എന്ന ബാധ്യതകൾ ഇല്ലാതെ സംവിധായകൻ കഥാപാത്രങ്ങളെ അഴിച്ചുവിടുന്നു. കൊടുമൺ പോറ്റിയിലേക്കുള്ള മമ്മൂട്ടി എന്ന താരശരീരത്തിന്റെ പരകായപ്രവേശം തന്നെയാണ് ഭ്രമയുഗത്തിന്റെ ആകെത്തുക. മറ്റൊരു തരത്തിൽ പറയുകയാണെങ്കിൽ മമ്മൂട്ടി അദ്ദേഹത്തിന്റെ താരശരീരത്തോട് എന്നേ വിടപറഞ്ഞിട്ടുണ്ട്.

അത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി മമ്മൂട്ടി എന്ന നടന്റെ സിനിമകളുടെ തിരഞ്ഞെടുപ്പ് നോക്കിയാൽ മാത്രം മനസിലാവും. ഭാസ്ക്കര പട്ടേലർക്ക് സമാനമായ ക്രിമിനൽ കാസ്റ്റ് മനുഷ്യനായി ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയായി മമ്മൂട്ടി നിറഞ്ഞാടുന്നു. ക്ലോസപ്പ് ഷോട്ടുകളിൽ അയാളുടെ മുഖത്തെ ക്രൂരതയും, നിഗൂഢതയും, പല്ലിറുമ്പലും, അധികാരവും പ്രേക്ഷകനിലേക്കും എത്തുന്നു.

Image

അർജുൻ അശോകനും സിദ്ധാർത്ഥ് ഭരതനും കഥാപാത്രങ്ങളായി ഗംഭീര പ്രകടനം തന്നെ നടത്തുന്നുണ്ട്. രണ്ടുപേരുടെയും കരിയറിലെ ഇതുവരെയുള്ള ഏറ്റവും മികച്ച വേഷങ്ങൾ എന്നുതന്നെ ഭ്രമയുഗത്തിലെ കഥാപാത്രങ്ങളെ വിശേഷിപ്പിക്കാം.

May be a graphic of 1 person and text

സിനിമയ്ക്ക് പശ്ചാത്തല സംഗീതമൊരുക്കിയ ക്രിസ്റ്റോ സേവ്യറും, വരികളെഴുതിയ ദിൻ നാഥ് പുത്തഞ്ചേരിയും, ഛായാഗ്രാഹകൻ ഷെഹ്നാദ് ജലാലും സിനിമയുടെ ആകെ വികാരങ്ങളെ പ്രേക്ഷകനിലേക്ക് കൃത്യമായി ഇണക്കിചേർക്കുന്നു. ദൃശ്യ- ശ്രവ്യ വിസ്മയങ്ങളാൽ ആകെമൊത്തം ടെകിനിക്കലി ബ്രില്ല്യന്റ് ആയ ഒരു സിനിമ കൂടിയാണ് ഭ്രമയുഗം.

2:1 ആസ്പെക്റ്റ് റേഷ്യോയിൽ ചിത്രീകരിച്ചിരിക്കുന്നതുകൊണ്ട് തന്നെ ഒരൊറ്റ ഫ്രെയ്മിൽ തന്നെ ഒന്നിലധികം കഥാപാത്രങ്ങളെ നന്നായി തന്നെ പ്രേക്ഷകനിലേക്ക് എത്തിക്കാൻ സാധിക്കും. അതുകൊണ്ട് തന്നെ  കൊടുമൺ പോറ്റിയെയും വേലക്കാരനെയും പാണനെയും അവരുടെ മാനസിക സംഘർഷങ്ങളും ക്ലോസപ്പ് ഷോട്ടുകളിലൂടെ കൃത്യമായി തന്നെ സിനിമ പ്രേക്ഷകനിലേക്ക് എത്തിക്കുന്നുണ്ട്. കൂടാതെ ഒരു ലാൻഡ്സ്കേപ്പ് ദൃശ്യത്തിന് വേണ്ടി  പാൻ ചെയ്യാതെ തന്നെ കൃത്യമായി കാണിക്കാനും ഇത്തരം ആസ്പെക്റ്റ്  റേഷ്യോയിൽ  സാധിക്കും, അതിന്റെ ഏറ്റവും മികച്ച ഉദാഹരണം തന്നെയാണ് ഭ്രമയുഗം. അരി ആസ്റ്ററിന്റെ മിസ്റ്ററി- ഹൊറർ ചിത്രം ‘മിഡ്സോമർ’ 2:1 എന്ന റേഷ്യോയിലായിരുന്നു ചിത്രീകരിച്ചിരുന്നത് എന്നതും ശ്രദ്ധേയമാണ്.

Midsommar (2019)

അധികാര മോഹവും മനുഷ്യന്റെ അത്യാർത്തിയും ജാതീയതയും ഒരുകാലത്തും മാറില്ലെന്നും അതിങ്ങനെ തലമുറകളായി കൈമമാറ്റം ചെയ്യപ്പെടുകയും അടിസ്ഥാന ജനവിഭാഗങ്ങളെ അടിച്ചമർത്തിക്കൊണ്ടിരിക്കുകയും ചെയ്യുമെന്നും സിനിമ കൃത്യമായി സംസാരിക്കുന്നു. ഉടമ- അടിമ ബന്ധവും, സാമ്രാജ്യത്വവും എങ്ങനെയാണ് വേരുറപ്പിക്കുന്നതെന്നും കാലമെന്നത് എത്രത്തോളം മനുഷ്യന്റെ മാനസിക സംഘർഷങ്ങളെ സ്വാധീനിക്കുന്നുവെന്നും ഗ്രേ ഷെയ്ഡുകളിലൂടെ സംവിധായകൻ ചിത്രീകരിക്കുന്നു. അവസാനത്തോടടുക്കുമ്പോൾ ബോഡി- ഹൊറർ ഴോണറുകളിലേക്കും സിനിമ പതിയെ സഞ്ചരിക്കുന്നുണ്ട് എന്നത് ആദ്യ കാഴ്ചയിൽ  പ്രേക്ഷകനെ വിസ്മയിപ്പിക്കുന്നു.

May be a black-and-white image of 1 person

മാടനും മറുതയും ചാത്തനും കറുത്തച്ഛനും ഒടിയനും ദുഃർമന്ത്രവാദവും കേരളത്തിലെ കഥകളിലും കലാരൂപങ്ങളിലും എങ്ങനെയാണോ കാലങ്ങളായി മലയാളികൾ പറഞ്ഞുപോന്നിരുന്നത് എന്നതിന്റെ ഏറ്റവും പുതിയതും മികച്ചതെന്നും വിളിക്കാൻ പറ്റുന്ന കാലാസൃഷ്ടിയാണ് ഭ്രമയുഗം.

Get Out (2017) - IMDb

റോബർട്ട് എഗ്ഗേഴ്സിന്റെ ലൈറ്റ്ഹൌസിനും, റഹി അനിൽ ഭാർവെയുടെ തുമ്പാഡിനും ജോർദാൻ പീലിന്റെ ഗെറ്റ് ഔട്ടിനും ഒപ്പം വെക്കാൻ കഴിയുന്ന മലയാള സിനിമയിലെ ഒരു മികച്ച സിനിമ കൂടിയാണ് ഭ്രമയുഗം.

The Lighthouse

The Lighthouse

ഭ്രമയുഗം ഗംഭീരമായ ദൃശ്യാനുഭവമാണ്. മലയാളത്തിലെ കണ്ടുശീലിച്ച സിനിമക്കാഴ്ചകൾക്കപ്പുറത്തുള്ള മനോഹരമായ സിനിമ. അധികാരമെന്ന മനുഷ്യന്റെ എക്കാലത്തെയും വലിയ മൂലധനത്തെ കൃത്യമായി സിനിമ അടയാളപ്പെടുത്തുന്നുണ്ട്.

എല്ലാത്തിലുമുപരി  രാഹുൽ സദാശിവൻ എന്ന ഫിലിംമേക്കറാണ്  കയ്യടി അർഹിക്കുന്നത്.  അദ്ദേഹത്തെ മലയാളത്തിന്റെ ജോർദാൻ പീൽ എന്നതിലേക്ക് മാത്രമായി ചുരുക്കുന്നതിന് പകരം, താരതമ്യങ്ങളില്ലാതെ ഭ്രമയുഗം എന്ന ദൃശ്യവിസ്മയം  ആസ്വദിക്കുക എന്നതാണ് ഓരോ പ്രേക്ഷനും ഈ സിനിമയോട് ചെയ്യേണ്ട നീതി.

Read more