ശ്യാം പ്രസാദ്
തന്റെ ആദ്യ ചിത്രമായ ‘ജാൻ എ മൻ’ കേവലമൊരു വൺ ടൈം വണ്ടർ അല്ല എന്ന് തെളിയിക്കുന്നതാണ് സൗഹൃദവും അതിനുള്ളിലെ അനുകമ്പയും മനുഷ്യത്വവും സംസാരിക്കുന്ന സർവൈവൽ- ത്രില്ലർ ഴോണറിലിറങ്ങിയ ചിദംബരത്തിന്റെ രണ്ടാം ചിത്രമായ ‘മഞ്ഞുമ്മൽ ബോയ്സ്’.
സ്കൂൾ കാലഘട്ടമൊക്കെ കഴിഞ്ഞ് കോളേജിൽ എത്തുമ്പോൾ, അല്ലെങ്കിൽ ജോലിയൊക്കെ ആയി നാട്ടിലെ ക്ലബ്ബിൽ നിന്നൊക്കെ ഒരുമിച്ച് പൈസ പിരിവിട്ട് ഒരു ട്രിപ്പ് പോവാം എന്നാലോചിക്കുമ്പോൾ ഗോവ, മണാലി, ഗോകർണ, മൈസൂർ, ഊട്ടി തുടങ്ങീ പല പല സ്ഥലങ്ങളും പ്ലാനുകളും മറ്റും ചർച്ചയിൽ വരുമ്പോഴും ഒട്ടുമിക്കപേരും അവസാനമെത്തിപ്പെടുന്നത് മൂന്നാറോ കൊടൈക്കനാലോ ഒക്കെ ആയിരിക്കും. അത്തരമൊരു യാത്രയുടെ സുഖം വാക്കുകളിൽ വിവരിക്കുന്നതിനെക്കാൾ എത്രയോ വലുതാണ്.
2006-ൽ എറണാകുളത്തെ മഞ്ഞുമ്മൽ എന്ന പ്രദേശത്തു നിന്നും 11 യുവാക്കൾ കൊടൈക്കനാലിലേക്ക് ട്രിപ്പ് പോവുന്നതും, അതിലൊരാൾ ഗുണ കേവ്സിൽ കുടുങ്ങുന്നതും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം.
ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി സിനിമ നിർമ്മിക്കുമ്പോൾ ഏറ്റവും വലിയ വെല്ലുവിളി, യാഥാർത്ഥ്യത്തോട് നീതി പുലർത്തുക എന്നത് തന്നെയാണ്. സിനിമ റിലീസിനോടടുക്കുമ്പോൾ തന്നെ എന്താണ് ചിത്രത്തിന്റെ പ്രമേയമെന്നും എങ്ങനെയാണ് സിനിമ അവസാനിക്കുന്നതെന്നുമുള്ള കൃത്യമായ ധാരണയോട് കൂടി തന്നെയാവും ഭൂരിപക്ഷം പ്രേക്ഷകരും സിനിമ കാണാൻ തിയേറ്ററിലേക്ക് എത്തിയത്.
എന്നാൽ മുൻധാരണകൾക്കപ്പുറത്ത് പ്രേക്ഷകരെയെല്ലാം സീറ്റിന്റെ അറ്റത്തേക്ക് നീക്കിയിരുത്തുന്ന മലയാളത്തിലെ മികച്ച സർവൈവൽ- ത്രില്ലറുകളുടെ കൂട്ടത്തിലേക്കാണ് മഞ്ഞുമ്മൽ ബോയ്സും എത്തിനിൽക്കുന്നത്.
ടെക്സ്റ്റിൽ നിന്നും ദൃശ്യത്തിലേക്ക് വരുമ്പോഴുള്ള മാജിക് തന്നെയാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുടെ വിജയം. അതായത്, സംവിധായകൻ ചിദംബരം തന്നെ പറയുന്നുണ്ട്. ‘സുഭാഷ് കുഴിയിൽ പോയി’ എന്നെഴുതാൻ വളരെ എളുപ്പമായിരുന്നെന്നും, അതിന്റെ എക്സിക്യൂഷൻ ആണ് പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നതെന്നും. അവിടെയാണ് സിനിമ എന്ന ജനകീയ മാധ്യമത്തിന്റെ ശക്തി.
ചിദംബരം സിനിമയ്ക്ക് വേണ്ടി ചെയ്തിട്ടുള്ള റിസർച്ചിന്റെ ഫലമാണ് മികച്ചൊരു സിനിമാറ്റിക് അനുഭവമായി ചിത്രത്തെ മാറ്റിയെടുക്കുന്നത്. സംഭവത്തെ കുറിച്ച് വിശദമായി പഠിക്കുകയും, യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സിനെ നേരിൽ പോയി കാണുകയും, തുടർന്ന് ഒരു ഡോക്യുമെന്ററി തയ്യാറാക്കുകയും ശേഷം അതൊരു റഫറൻസ് ആയി ഉപയോഗിച്ച് തിരക്കഥാ രചനയും കാസ്റ്റിങ്, പ്രൊഡക്ഷൻ ഡിസൈൻ തുടങ്ങിയവ നടത്തുകയും ചെയ്യുക എന്നത് തീർച്ചയായും കയ്യടി അർഹിക്കുന്ന കാര്യമാണ്.
മഞ്ഞുമ്മലിലെ ബോയ്സ് കൃത്യമായും തൊഴിലാളി വർഗ്ഗങ്ങളായ ബഹുജനങ്ങളാണ്. ഭൂരിപക്ഷം പേരും കായികാദ്ധ്വാനമുള്ള ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന മനുഷ്യരാണ്. അത്തരമൊരു ജോലിയിൽ നിന്നും ഒരു ഒരിടവേള എന്ന നിലയ്ക്കാണ് അവർ ഒരു ചെറിയ ട്രിപ്പ് പ്ലാൻ ചെയ്യുന്നത്. പതിനൊന്ന് പേരും പ്രേക്ഷകരിലേക്ക് എത്തുന്നത് തന്നെ പ്രസാദ് എന്ന ഡ്രൈവറുടെ വീക്ഷണത്തിലൂടെയാണ്.
അത് മഞ്ഞുമ്മലിലെ പിള്ളേരാടാ എന്ന് പറയുന്നിടത്ത് പ്രേക്ഷകരും അവരെ മഞ്ഞുമ്മൽ ബോയ്സ് ആയി കാണുന്നു. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങൾക്കും കൃത്യമായ ഐഡന്റിറ്റി നൽകികൊണ്ട് മഞ്ഞുമ്മലിൽ നിന്നും വണ്ടിയെടുക്കുന്ന നിമിഷം തൊട്ട്, ടൈറ്റിൽ കാർഡ് എഴുതികാണിക്കുന്നത് വരെ പ്രേക്ഷകനിൽ ഉണ്ടാക്കിയെടുക്കുന്ന ആകാംക്ഷയിലും ത്രില്ലിലും ചിത്രം പൂർണമായി വിജയിച്ചിട്ടുണ്ട്.
ചിത്രത്തിൽ ഡ്രൈവർ പ്രസാദ് (ഖാലിദ് റഹ്മാൻ) സുഭാഷിനോട് (ശ്രീനാഥ് ഭാസി) ദൈവത്തിൽ വിശ്വാസമില്ലേ എന്ന് ചോദിക്കുന്ന ഒരു രംഗമുണ്ട്. അത് കഴിഞ്ഞ് സുഭാഷ് തിരിച്ചു ചോദിക്കുന്നത് ‘എന്താണ് മച്ചാനെ ഈ ദൈവം’ എന്നാണ്. അതിന് പ്രസാദ് പറയുന്ന മറുപടി അതീ മുകളിൽ നിന്ന് വരുന്ന വെളിച്ചമൊക്കെയില്ലേ എന്നാണ്. ഈയൊരു സംഭാഷണത്തിന്റെ തുടർച്ചയാണ് സിനിമയുടെ സംഭവവികാസങ്ങൾ.
ഗുണ കേവ്സിൽ വീണുപോയ ആരും പിന്നീടൊരിക്കലും ജീവിതത്തിലേക്ക് തിരിച്ചുവന്നിട്ടില്ല. നിറയെ വവ്വാലുകളും, കുരങ്ങന്മാരും, തലയോട്ടികളുമുള്ള ചെകുത്താന്റെ അടുക്കള എന്നറിയപ്പെടുന്ന ഗുണ കേവ്സിൽ ഇറങ്ങുന്നതിന് മുൻപ് ആളുകൾക്ക് പ്രദേശവാസികൾ ചെറുനാരങ്ങയും ഇരുമ്പ് തകിടും കൊടുക്കുന്നുണ്ട്. അവരെ സംബന്ധിച്ചിടത്തോളം അതൊരു തിരിച്ചുവരവ് അസാധ്യമായ ഇടമാണ്.
അത്തരമൊരു ഇടത്തിൽ നിന്നാണ് സുഭാഷ് ജീവിതത്തിലേക്ക് തിരിച്ചുവരുന്നത്. അതുകൊണ്ട് തന്നെയാണ് പ്രദേശവാസികൾ മരണത്തിൽ നിന്നും തിരിച്ചുവന്ന സുഭാഷിനെ ദൈവമായി കണ്ട് കാൽ തൊട്ട് വണങ്ങുന്നത്. കുട്ടൻ (സൗബിൻ ഷാഹിർ) ഗുഹയിലേക്ക് ഇറങ്ങുന്നതിന് മുൻപ് നിങ്ങളിതിന് തയ്യാറാണോ എന്ന് മറ്റൊരു സുഹൃത്ത് ചോദിക്കുന്നുണ്ട്, എന്റെ സ്ഥാനത്ത് നീയാണെങ്കിൽ എന്ത് ചെയ്യും എന്ന് കുട്ടൻ തിരിച്ചു ചോദിക്കുമ്പോൾ അവൻ പറയുന്ന മറുപടിയാണ് മഞ്ഞുമ്മൽ ബോയ്സ് എന്ന സൗഹൃദത്തിന്റെ ആകെത്തുക.
കൂടാതെ സാധാരണ സർവൈവൽ ത്രില്ലറുകളിൽ കണ്ടുവരുന്ന വിക്ടിം വീക്ഷണത്തിൽ നിന്നും വ്യത്യസ്തമായി പുറത്തുള്ള ആളുകളുടെ മനോനിലകളിലേക്കും സിനിമ സഞ്ചരിക്കുന്നത് മനോഹരമാണ്. സുഭാഷ് വീണതിന് ശേഷം അഭിലാഷിന്റെ (ചന്തു സലിംകുമാർ) മാനസികാവസ്ഥ മറ്റുളവരിൽ നിന്നും വ്യത്യസ്തമാണ്. കൂടാതെ അതുവരെ വെറുമൊരു ഡ്രൈവർ മാത്രമായി നിന്നിരുന്ന പ്രസാദ് മഞ്ഞുമ്മൽ ബോയ്സിലെ ഒരംഗമായി മാറുന്നത് വളരെ മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്.
കൂടാതെ അതുവരെ പൊലീസ് എന്ന അധികാരവർഗ്ഗം മാത്രമായി നിലകൊണ്ട ആളുകൾ ഒരു ഘട്ടത്തിൽ അനുകമ്പ എന്ന വികാരമുണർന്ന് ‘മനുഷ്യരായി’ പരിണമിക്കുന്നുണ്ട്. അതുതന്നെയാണ് ഗൈഡും, കടയിലെ ചേട്ടനും, ഫോട്ടോഗ്രാഫറുമായ പ്രദേശവാസികളിലും കാണാൻ സാധിക്കുന്നത്. അത്തരമൊരു വികാരം തന്നെയാണ് മനുഷ്യനെ പ്രതീക്ഷകളില്ലാത്ത നേരങ്ങളിൽ പോലും ജീവിച്ചിരിക്കാൻ പ്രേരിപ്പിക്കുന്നത്.
ഇത്രയും വലിയൊരു അപകടം നടന്ന ശേഷമുള്ള സുഭാഷിന്റെ ട്രോമ ഒരു പരിധിവരെ സിനിമയിലൂടെ അഡ്രസ് ചെയ്യാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. യഥാർത്ഥ സുഭാഷ് ഉറക്കമില്ലാതെ ആറ് മാസത്തോളമാണ് ജീവിച്ചത് എന്നാണ് ചിദംബരം പറയുന്നത്. കൂടാതെ അന്നത്തെ കാലത്ത് ശാരീരികാരോഗ്യത്തിനൊപ്പം മാനസികാരോഗ്യം വേണ്ടത്ര രീതിയിൽ ചർച്ച ചെയ്യപ്പെടാത്തതും സുഭാഷിന്റെ ട്രോമ വർദ്ധിപ്പിക്കാൻ കാരണമായിട്ടുണ്ട്.
മഞ്ഞുമ്മൽ ബോയ്സ് തൊഴിലാളിവർഗ്ഗമായതുകൊണ്ട് തന്നെ മഞ്ഞുമ്മൽ എന്ന പ്രദേശവും അവിടെയുള്ള വ്യാവസായികവത്കരണവും മലിനീകരണത്തിന്റെ രീതിയും ചെറിയ രീതിയിലെങ്കിലും സിനിമയിലൂടെ പറഞ്ഞുപോവുന്നുണ്ട്. മഞ്ഞുമ്മൽ ബോയ്സിന്റെ ചെറുപ്പക്കാലം കാണിക്കുമ്പോഴുള്ള പച്ചപ്പ് പിന്നീട് അവരുടെ ഇരുപതുകളിലും മുപ്പതുകളിലും മാഞ്ഞുപോവുന്നതും, വ്യാവസായിക സ്ഥാപനങ്ങൾ ഉയർന്നു വരുന്നതും, പിൻവാങ്ങുന്നതും സിനിമയിൽ കാണാൻ കഴിയും. എറണാകുളം ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ മലിനീകരണ തോത് കൂടിയ ഇടങ്ങളിലൊന്ന് കൂടിയാണ് ഇന്ന് മഞ്ഞുമ്മൽ എന്ന സ്ഥലം.
അജയൻ ചാലിശ്ശേരിയുടെ പ്രൊഡക്ഷൻ ഡിസൈനിലും, ഷൈജു ഖാലിദിന്റെ സിനിമാറ്റോഗ്രഫിയിലും, സുഷിൻ ശ്യാമിന്റെ സംഗീതത്തിലും ഏറ്റവും മികച്ചതായി നിൽക്കുന്നതിനൊപ്പം, സർവൈവൽ- ത്രില്ലർ ചിത്രങ്ങളിലെ മലയാളത്തിലെ ഒരു ബെഞ്ച്മാർക്ക് കൂടിയാവുന്നു ചിദംബരത്തിന്റെ മഞ്ഞുമ്മൽ ബോയ്സ്.
കൂടാതെ കഥാപാത്രങ്ങളുടെ കൃത്യമായ തിരഞ്ഞെടുപ്പും, മികവുറ്റ പ്രകടനവും ചിത്രത്തെ തിയേറ്ററുകളിൽ നിന്ന് തന്നെ കാണേണ്ട ഒരു സിനിമയാക്കി മാറ്റുന്നു. ചിത്രം കമൽഹാസനുള്ള ചിദംബരത്തിന്റെ ട്രിബ്യൂട്ട് ആണെന്ന് പറയുമ്പോഴും, തിയേറ്ററിൽ കയ്യടി വീഴുന്ന, ക്ലൈമാക്സിലെ ഏറ്റവും പ്രധാനപ്പെട്ട രംഗത്തിൽ പ്രധാന ബാക്ക്ഗ്രൗണ്ട് സ്കോറിൽ നിന്നും മാറി ‘കണ്മണി അൻപോട്’ എന്ന ഗാനത്തിലെ വരികൾ വന്നത് വ്യക്തിപരമായി അതുവരെയുള്ള സിനിമയുടെ ഉദ്വേഗജനകമായ ഒരു കാഴ്ചയെ തടസപ്പെടുത്തി. എന്നിരുന്നാലും ആകെ മൊത്തത്തിൽ ടെക്നിക്കലി ബ്രില്ല്യന്റായ ഒരു സിനിമയാണ് ചിദംബരം തന്റെ രണ്ടാമത്തെ സൃഷ്ടിയിലൂടെ മലയാളത്തിന് സമ്മാനിച്ചിരിക്കുന്നത്.