അസുരന്‍- വിവരണാതീതമായ കാഴ്ച്ചാനുഭവം

ഇന്ത്യയിലെ ഏറ്റവും മികച്ച സംവിധായകരില്‍ മുന്‍നിരയില്‍ത്തന്നെയാണ് വെട്രിമാരന്റെ സ്ഥാനം. മികച്ച സൃഷ്ടികളിലൂടെ, വെട്രിമാരന്‍ ആ സ്ഥാനത്തേയ്ക്ക് അവരോധിക്കപ്പെട്ടിട്ട് അധിക വര്‍ഷങ്ങളായില്ല. റിയലിസ്റ്റിക് പരിസരങ്ങളുള്ള, സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവരോ, പരിഗണനയര്‍ഹിക്കുന്നതോ ആയ ജനവിഭാഗത്തെ, അവരിലേയ്ക്കിറങ്ങിച്ചെന്ന്, അവരുടെ പ്രശ്‌നങ്ങളെ ചൂഴ്ന്നെടുത്ത് പ്രേക്ഷകസമക്ഷം എത്തിക്കുക എന്നത് വെട്രിമാരന്‍ ചിത്രങ്ങളുടെ സവിശേഷതകളായി നാം മുന്‍പും കണ്ടതാണ്. സിനിമകള്‍ തമ്മില്‍ ദീര്‍ഘ ഇടവേളകള്‍ പാലിക്കുന്ന വെട്രിമാരന്‍, വടചെന്നൈ പുറത്തിറക്കി മാസങ്ങള്‍ക്കുള്ളില്‍ സംവിധാനം ചെയ്യുന്ന ചിത്രമായ “അസുരന്‍” വിവരണാതീതമായ അനുഭവം കാഴ്ചക്കാര്‍ക്ക് പ്രദാനം ചെയ്യുന്നു.

Image result for asuran movie

അന്‍പതുകാരനായ ശിവസ്വാമിയുടെയും കുടുംബത്തിന്റെയും അതിജീവനവുമായി ബന്ധപ്പെട്ട കഥപറയുന്ന അസുരന്‍, തമിഴ് നോവലിസ്റ്റ് പൂമണി രചിച്ച “വെക്കൈ”യുടെ അതിതീവ്രമായ ചലച്ചിത്രഭാഷ്യമാണ്. ശിവസ്വാമിയുടെ ഗ്രാമത്തില്‍, ഒരു സിമന്റ് ഫാക്ടറി നിര്‍മ്മിക്കുന്നതിന് വേണ്ടി കര്‍ഷകരുടെ ഭൂമി അവിടുത്തെ ഒരു സവര്‍ണ്ണ കുടുംബം പിടിച്ചെറുക്കുവാന്‍ ശ്രമിക്കുമ്പോള്‍ ശിവസ്വാമിയും കുടുംബവും അതിനെ എതിര്‍ക്കുന്നു. മൂന്നേക്കര്‍ വരുന്ന തന്റെ സ്ഥലം നഷ്ടപ്പെടാതിരിക്കാന്‍ പഞ്ചായത്തിന്റെ മധ്യസ്ഥതയില്‍ പ്രശ്‌നം പരിഹരിക്കുവാന്‍ അദ്ദേഹം ശ്രമിക്കുന്നു.

Image result for asuran movie

ലീനിയര്‍ ആയ ആഖ്യാനഘടനയാണ് “അസുര”ന്റേത്. ജാതീയ വേര്‍തിരിവുകള്‍ തന്നെയാണ് ചിത്രത്തിന്റെ കാതല്‍. ഇന്നും യാതൊരുമാറ്റവുമില്ലാതെ, വികസിച്ചുകൊണ്ടേയിരിക്കുന്നു എന്ന് തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ഇന്ത്യയില്‍ തുടരുന്ന ചില ദുരാചാരങ്ങള്‍ക്കെതിരെ വെട്രിമാരന്‍ ശക്തമായി പ്രതികരിക്കുകയാണ്. ഗുജറാത്തില്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ മാത്രം ധരിക്കുന്ന, മോജ്രി പാദുകങ്ങള്‍ ധരിച്ചതിന്റെ പേരില്‍ സവര്‍ണ്ണമേധാവിത്വത്തിനിരയായ പതിമൂന്നുകാരനായ ദളിത് ബാലന്റെ വാര്‍ത്തയും, ജാതിയുടെ പേരിലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും ഉള്‍പ്പെടെ, പ്രതിഷേധമര്‍ഹിക്കുന്ന ചില ആനുകാലിക സംഭവങ്ങള്‍ അസുരനില്‍ ദൃഷ്ടാന്തീകരിക്കപ്പെട്ടിട്ടുണ്ട്. ദളിതന്റെ കാലില്‍ മണ്ണു പുരളണമെന്നും, അവന്‍ നല്ല വസ്ത്രങ്ങള്‍ ധരിക്കണമെന്നും, അവന്റെ മുടി സവര്‍ണ്ണര്‍ മുറിക്കരുതെന്നും, വിദ്യാഭ്യാസം അവനു നിഷിദ്ധമാണെന്നും ചിന്തിക്കുന്ന ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളെ “അസുരന്‍” അതിശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയാണ്.

Related image

നായകന്‍ ധനുഷ് ആണെങ്കിലും ഈ ചിത്രത്തില്‍ അദ്ദേഹത്തെ ഒരിടത്തും കാണുവാനാകുന്നില്ല എന്നുപറയാം. എന്നാല്‍, മധ്യവയസ്‌കനായ കഥാപാത്രമായും 25 വയസ്സുള്ള ചെറുപ്പക്കാരനായും മൂന്നു ഗെറ്റപ്പുകളില്‍ നിറഞ്ഞാടുന്ന ശിവസ്വാമിയെ കാണാനാവും. ശാന്തനും ഭീരുവുമായ, സംഘര്‍ഷങ്ങള്‍ ഉള്ളിലൊതുക്കി, സന്ദര്‍ഭാനുസൃതമായി കഥാപാത്രത്തെ ആവാഹിച്ച്, ധനുഷ് ഇത്തവണയും പ്രേക്ഷകനെ ഞെട്ടിച്ചിരുക്കുകയാണ്. ഒരു പ്രത്യേക സാഹചര്യത്തില്‍ മരത്തിനു മുകളിലേയ്ക്കുനോക്കുന്ന ശിവസ്വാമിയുടെ ഭാവങ്ങളും, ശേഷമുള്ള രംഗങ്ങളിലെ ദൈന്യതയുമെല്ലാം വാക്കുകള്‍ക്കുമപ്പുറമാണ്. ശാന്തഭാവക്കാരനായ ശിവസ്വാമിയില്‍ നിന്നും പ്രതികാരസ്വഭാവക്കാരനിലേയ്ക്കുള്ള ട്രാന്‍സ്ഫോര്‍മേഷനുകള്‍ ശ്രദ്ധേയമാണ്.

വെട്രിമാരന്‍ പൊതുവേ, അടുക്കളയില്‍ തളച്ചിടപ്പെടുന്ന, പുരുഷന്റെ പിന്നില്‍ നില്‍ക്കുന്ന സ്ത്രീകളെ സൃഷ്ടിച്ചതായി കണ്ടിട്ടില്ല. അസുരനിലും അങ്ങനെ തന്നെ! പച്ചമ്മാള്‍ എന്ന വീട്ടമ്മ, അതിശക്തയായ ഒരു സ്ത്രീകഥാപാത്രമാണ്. എന്തിനെയും നേരിടാന്‍ ധൈര്യമുള്ള, പുരുഷനൊപ്പം നിലകൊള്ളുന്ന/ചിലപ്പോള്‍ പുരുഷനേക്കാള്‍ ഒരുപടി മുന്നില്‍ നില്‍ക്കുന്ന കഥാപാത്രത്തെയാണ് ഇവിടെയും രൂപപ്പെടുത്തിയിരിക്കുന്നത്. വെട്രിമാരന്‍ എന്തുകൊണ്ട് ഈ ചിത്രത്തില്‍ മഞ്ജു വാര്യരെ കാസ്റ്റ് ചെയ്തു എന്ന് ചിന്തിച്ചിരുന്നു. രണ്ടാം വരവില്‍ മഞ്ജു ചെയ്ത (സൈറാ ഭാനു മറക്കേണ്ടതില്ല) ഏറ്റവും മികച്ച കഥാപാത്രമേതെന്നല്ല, മഞ്ജുവിന്റെ കരിയറിലെ ഏറ്റവും മികച്ചതെന്നുപോലും വിശേഷണം ലഭിക്കുവാന്‍ അസുരനിലെ പച്ചമ്മാള്‍ക്ക് അര്‍ഹതയുണ്ട്. ടീസറില്‍ രണ്ടുസീനുകളില്‍ കണ്ട, മൂര്‍ച്ചയേറിയ നോട്ടത്തില്‍ നിന്നുപോലും മഞ്ജു കഥാപാത്രവുമായി എത്രത്തോളം ചേര്‍ന്നുനില്‍ക്കുന്നുവെന്ന് മനസ്സിലാക്കിയെടുക്കാം. മഞ്ജു പുലര്‍ത്തിയ, വൈകാരികരംഗങ്ങളിലെ മിതത്വം, ഈ നടിയുടെ ഉറവവറ്റാത്ത നടനവൈഭവത്തിന്റെ തെളിവാണ്.

താന്‍ ജീവിക്കുന്ന കാലഘട്ടത്തിലെ ജാതീയ അസമത്വങ്ങള്‍ക്കെതിരെ നിര്‍ഭയം പോരാടുവാനുറച്ച പതിനാറുകാരനായ ചിദംബരം എന്ന കഥാപാത്രവും, പിതാവിന്റെ മാനത്തിനു പകരം ചോദിച്ച വേല്‍മുരുകനും ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്. ശിവസ്വാമിയുടെയും പച്ചമ്മാളിന്റെയും മക്കളായഭിനയിച്ച നടന്‍, സംവിധായകന്‍ എന്നീ മേഖലകളില്‍ അറിയപ്പെടുന്ന കരുണാസിന്റെ മകന്‍ കെന്‍, ഗായകന്‍ ടീ ജെയ് എന്നിവരുടെ അസാമാന്യപ്രകടനങ്ങളാണ് ചിത്രത്തില്‍. രാക്ഷസനില്‍ നായകന്റെ ബന്ധുവായഭിനയിച്ച അമ്മു അഭിരാമിയുടെ മാരിയമ്മാള്‍ എന്ന കഥാപാത്രവും ജന്മികള്‍ കൈയ്യടക്കിയ സ്വന്തഭൂമി പിടിച്ചെടുക്കാന്‍ കര്‍ഷകരോട് ആഹ്വാനം ചെയ്യുന്ന പ്രകാശ് രാജിന്റെ കഥാപാത്രവും, പച്ചമ്മാളിന്റെ സഹോദരനായി പശുപതി അവതരിപ്പിച്ച കഥാപാത്രവും വില്ലന്‍ കഥാപാത്രങ്ങളും എന്തിന്, നായ്ക്കള്‍ പോലും കഥാപാത്രങ്ങളെന്ന നിലയില്‍ നന്നായിട്ടുണ്ട്.

Image result for asuran movie

വൈകാരികമുഹൂര്‍ത്തങ്ങളെ കാണികളുമായി ബന്ധിപ്പിക്കാന്‍ അസുരന് അനായാസമായി സാധിച്ചിട്ടുണ്ട്. കേവലമൊരു പ്രതികാരകഥ എന്നതിലുപരി ചിത്രത്തെ വേര്‍തിരിച്ചു നിറുത്തുന്നത് കഥാപരിസരങ്ങളുമായി ഇഴചേര്‍ന്നുകിടക്കുന്ന, അഥവാ സിനിമ വഹിക്കുന്ന അതിപ്രാധാന്യമുള്ള സാമൂഹിക സ്ഥിതിവിശേഷതകളാണ്. ഉപസംഹാരത്തോടടുക്കുമ്പോള്‍ ഒരു സീനില്‍ ഒരു കഥാപാത്രം തനിക്ക് ചെരുപ്പ് വേണമെന്ന് മറ്റൊരു കഥാപാത്രത്തോട് ആവശ്യപ്പെടുന്നുണ്ട്. ഇത്തരത്തിലൊരു സീന്‍ എന്തിനാണെന്ന് പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും, അവിടെയാണ് സിനിമയുടെ ആകെത്തുക, അഥവാ സിനിമയുടെ രാഷ്ട്രീയം.

ഒരു കമേര്‍ഷ്യല്‍ സിനിമയെന്നതുപോലെ, കൃത്യമായ വേഗതയില്‍ സഞ്ചരിക്കുന്ന ചിത്രത്തിന്റെ ആദ്യപകുതി പൂര്‍ണ്ണമായും ശിവസ്വാമിയുടെ വര്‍ത്തമാനകാലഘട്ടത്തെ പ്രതിപാദ്യവിഷയമാക്കുമ്പോള്‍ രണ്ടാം പകുതി ശിവസ്വാമിയുടെ കൗമാരഘട്ടത്തിലേയ്ക്കുകൂടി കടന്നുചെല്ലുന്നു. ഇന്റര്‍വെല്‍ രംഗങ്ങളും ഉപസംഹാര രംഗങ്ങളും സിനിമയിലെ ഗഹനമായ വിഷയങ്ങള്‍ കണ്ടെത്തുവാനോ വിശദീകരിക്കുവാനോ ശ്രമിക്കാത്ത ഒരു വിഭാഗം പ്രേക്ഷകര്‍ക്കും മാസ്സ് പ്രതീതി നല്‍കുന്നുണ്ട്. ശിവസ്വാമിയുടെ പ്രണയവും, പ്രതിഷേധങ്ങളും, നിലനില്‍പ്പുമെല്ലാം ശക്തമായ ഭാഷയിലാണ് അവതരിപ്പിക്കപ്പെടുന്നത്. വിദ്യാഭ്യാസത്തിന്റെ മൂല്യത്തേക്കുറിച്ച് വിലയേറിയ ചില വസ്തുതകളും ചിത്രം അടിവരയിട്ടുപറയുന്നുണ്ട്. സിനിമ അതിന്റെ എല്ലാ മേഖലകളിലും ഗൗരവമാര്‍ന്ന സമീപനരീതി പുലര്‍ത്തുമ്പോള്‍ പോലും, സംവിധായകന്‍ തന്റെ മുന്‍ ചിത്രങ്ങളിലേതെന്നപോലെ, സാധാരണക്കാരായ പ്രേക്ഷകര്‍ക്കാവശ്യമായ ലാളിത്യം അവതരണത്തിലുടനീളം പ്രകടമാക്കിയിട്ടുണ്ട്.

Related image
സാങ്കേതികപരമായി നോക്കിയാല്‍ ഒരു സമ്പൂര്‍ണ്ണ വാണിജ്യസിനിമയ്ക്ക് ചേര്‍ക്കപ്പെടുന്ന എല്ലാ ഘടകങ്ങളും അതിന്റെ പൂര്‍ണ്ണതയില്‍ വെട്രിമാരന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഛായാഗ്രഹണവും ചിത്രസംയോജനവും എടുത്തുപറഞ്ഞേ മതിയാവൂ. ഈ വിഭാഗങ്ങള്‍ യഥാക്രമം കൈകാര്യം ചെയ്ത ആര്‍. രാമര്‍, ആര്‍. വേല്‍ രാജ് എന്നിവര്‍ സിനിമയ്ക്ക് മുതല്‍ക്കൂട്ടായിരുന്നു. നായ്ക്കള്‍ ഉള്‍പ്പെട്ട രംഗങ്ങളും, അപാകതകളില്ലാത്ത വി.എഫ് എക്‌സ് വര്‍ക്കുകളും ഒരു റിച്ച് എക്‌സ്പീരിയന്‍സ് തന്നെ പ്രദാനം ചെയ്യുന്നുണ്ട്. പീറ്റര്‍ ഹെയിന്‍ ആണ് സംഘട്ടനം ഒരുക്കിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച വര്‍ക്കുകളിലൊന്നുതന്നെയാണ് അസുരന്‍. മികച്ച ഗാനങ്ങളിലൂടെയും, ഗംഭീര പശ്ചാത്തലസംഗീതത്തിലൂടെയും ജി.വി.പ്രകാശ് കുമാര്‍ തന്റെ ഭാഗം പൂര്‍ണ്ണമാക്കി.

ഈ സിനിമയെ എല്ലാറ്റിനുമുപരിയായി ഒരു “വെട്രിമാരന്‍ ചിത്ര”മാക്കിത്തീര്‍ക്കുന്നത് സിനിമയിലെ ഗോപ്യമല്ലാതെ പറയപ്പെടുന്ന രാഷ്ട്രീയം തന്നെയാണ്. സിനിമ ഉയര്‍ത്തിക്കാണിക്കുന്ന, ഇന്നും നിലനില്‍ക്കുന്ന ചില സ്ഥിതിവിശേഷതകള്‍ ഒരര്‍ത്ഥത്തില്‍ ഇന്നത്തെ ചില രാഷ്ട്രീയനേതാക്കള്‍ക്കുള്ള പ്രഹരം കൂടിയാണ്. അതുകൊണ്ടുതന്നെ അസുരന്‍ ചില തിരിച്ചറിവുകള്‍ നല്‍കുന്ന, കാലോചിതമായ ഒരു സൃഷ്ടിയാണെന്ന് നിസ്സംശയം പറയാം. ധനുഷിന്റെയും മഞ്ജു വാര്യരുടെയും സിനിമാ ജീവിതത്തിലെ ഒരു പൊന്‍ തൂവല്‍ തന്നെയാണ് അസുരന്‍ എന്ന് സംശയമേതുമില്ലാതെ പറയാം. നിര്‍ബന്ധമായും തിയെറ്ററില്‍ നിന്ന് കാണേണ്ട ഒന്നുതന്നെയാണ് അസുരന്‍.

Latest Stories

ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് ഐസിസി

'മോദീ ജീയും അദാനി ജീയും' പിന്നെ അമേരിക്ക തുറന്നുവിട്ട അഴിമതി ഭൂതം!

ഉപതിരഞ്ഞെടുപ്പൊരുക്കുന്ന ‘വാട്ടർലൂ’

മഞ്ഞപ്പിത്ത വ്യാപനത്തില്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍; രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം

ഇന്ത്യന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ 2100 കോടി കൈക്കൂലിയും അമേരിക്കന്‍ കേസും!; 'മോദീ ജീയും അദാനി ജീയും' പിന്നെ അമേരിക്ക തുറന്നുവിട്ട അഴിമതി ഭൂതം!

സഞ്ജുവിന്റെ പിതാവ് ക്ഷമാപണം നടത്തണം, അല്ലെങ്കിൽ അത് താരത്തിന് ബുദ്ധിമുട്ടാകും; ആവശ്യവുമായി ഓസ്‌ട്രേലിയൻ ഇതിഹാസം

IND VS AUS: രവീന്ദ്ര ജഡേജയ്ക്ക് അപ്രതീക്ഷിത തിരിച്ചടി, ഗംഭീറിന് ആവശ്യം ആ താരത്തെ ടീമിൽ കാണാൻ; കൂടെ മറ്റൊരു നിരാശ വാർത്തയും

ഒടുവിൽ തന്റെ അതിഥിയെ വെളിപ്പെടുത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ

അവന്റെ മാസ് തിരിച്ചുവരവ് നിങ്ങൾക്ക് ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിൽ കാണാം, സർപ്രൈസ് പ്രതീക്ഷിക്കുക; ബുംറയുടെ വാക്കുകളിൽ ആരാധകർക്ക് ആവേശം

സെക്രട്ടേറിയറ്റില്‍ ക്ലോസറ്റ് പൊട്ടിവീണ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്